കുമ്പളങ്ങിയിൽ ഷമ്മി ആകേണ്ടിയിരുന്നത് ധനുഷ്, ട്രാൻസിനേക്കാള് ബജറ്റ് ഉള്ള മലയൻകുഞ്ഞ്: ഫഹദ് അഭിമുഖം
Mail This Article
ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ സിനിമയാണ് ‘മലയൻകുഞ്ഞെ’ന്ന് ഫഹദ് ഫാസിൽ. മലയാള സിനിമയിൽ ഇത്തരം ഒരു അനുഭവം ആദ്യമായിരിക്കുമെന്നും പ്രേക്ഷകരിലേക്കും ഇതെത്തുമെന്നാണ് കരുതുന്നതെന്നും ഫഹദ് പറയുന്നു. മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘‘ചെയ്തുചെയ്ത് വലുതായി വന്ന സിനിമയാണ് മലയൻകുഞ്ഞ്. ഒരാളുടെ ജീവിതത്തെ ഏറ്റവും കൂടുതൽ അലട്ടിയ ശബ്ദം അയാളുടെ ജീവിതത്തിന്റെ പ്രതീക്ഷയായി മാറുകയാണ്. നിങ്ങൾ ട്രെയിലറിൽ കണ്ടതെന്താണോ അതാണ് ഈ സിനിമ. പരസ്യങ്ങളിൽ പറയുന്നതുപോലെ ക്ലോസ്ട്രോഫോബിയ ഉള്ള ആളുകൾക്ക് ഈ സിനിമ ബുദ്ധിമുട്ടായിരിക്കും. പക്ഷേ അവർക്കേ ഇത് കുറച്ചുകൂടി മനസ്സിലാകൂ. ഇതുപോലൊരു സിനിമ മലയാളത്തിൽ വേറെ ഇല്ലെന്ന് എനിക്ക് പറയാനാകും. വൺ ആക്ട് സിനിമകൾ ഇതിനുമുമ്പും മലയാളത്തിലുണ്ട്. ധനം പോലുള്ള സിനിമകൾ ഉദാഹരണം.’’–ഫഹദ് പറയുന്നു.
അരവിന്ദ് സ്വാമി വഴി റഹ്മാനിലേക്ക്
തിരക്കഥ എഴുതുന്ന സമയത്ത് തന്നെ മഹേഷ് നാരായണൻ സിനിമയിൽ സംഗീതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. കാരണം രണ്ടാം പകുതിയിൽ ഡയലോഗുകൾ കുറവാണ്. അതുകൊണ്ടു തന്നെ റഹ്മാൻ സാറിന്റെ പാട്ട് പശ്ചാത്തലത്തിൽ ഇട്ടാണ് സീനുകൾ ഷൂട്ട് ചെയ്തിരുന്നത്. ആ സമയത്ത് ഞാൻ പറയുന്നുണ്ടായിരുന്നു, സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയായിരിക്കും ഇതെന്ന്. മഹേഷിനും സംവിധായകൻ സജിക്കും ഒരു പോയിന്റിൽ ഇത് മനസ്സിലായി.
ഷൂട്ട് പൂർത്തിയായപ്പോഴാണ് ശ്രദ്ധിച്ചത്, റഫറൻസിനായി ഉപയോഗിച്ച പല പാട്ടുകളും റഹ്മാൻ സാറിന്റേതാണ്. സംഗീതസംവിധാനത്തിന് എല്ലാവരുടെയും മനസ്സിൽ അദ്ദേഹം തന്നെയായിരുന്നു. ഞാൻ അവരോടു പറഞ്ഞു, ‘ഞാൻ പോയി ചോദിക്കട്ടെ, നടക്കുമോ ഇല്ലയോ എന്നറിയില്ല.’ അദ്ദേഹത്തിന്റെ സമയം വളരെ പ്രധാനപ്പെട്ടതാണ്. ഒരു ചാൻസ് എടുക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ ഞാൻ അരവിന്ദ് സ്വാമി സാറിനെ വിളിച്ചു. അദ്ദേഹത്തിനോട് ഐഡിയ പറഞ്ഞപ്പോൾ വളരെയധികം ആവേശഭരിതനായി. അവിടെനിന്നാണ് റഹ്മാൻ സാറിലെത്തുന്നത്. എല്ലാം പെട്ടെന്നായിരുന്നു. ഞാൻ ഇമെയ്‌ൽ ചെയ്തു. രാത്രി തന്നെ റഹ്മാൻ സർ വിളിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞ് ദുബായിൽ പോയി ഞങ്ങൾ അദ്ദേഹത്തെ സിനിമ കാണിച്ചു. എനിക്ക് ഈ സിനിമ ചെയ്യാൻ ആറുമാസം വേണമെന്നാണ് ആദ്യം തന്നെ അദ്ദേഹം പറഞ്ഞത്. മ്യൂസിക്കിലൂടെ ഇമോഷൻസ് കണക്ട് ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ ഓരോ രംഗവും അവിടുത്തെ പശ്ചാത്തലങ്ങൾപോലും കണക്ട് ചെയ്യുന്നത് ഇതിൽ ഞാൻ നേരിട്ടറിഞ്ഞു. ഒരുതവണ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്താൽ പ്രണയത്തിലായിപ്പോകും.
ഫാസിലിന്റെ മലയൻകുഞ്ഞ്
എന്റെ അൻപതാമത്തെ സിനിമയാണ് മലയൻകുഞ്ഞ്. കുറേ നാൾ മുമ്പ് ഒരു സിനിമ നിർമിക്കുന്നതിനെപ്പറ്റി ബാപ്പ എന്നോട് പറഞ്ഞിരുന്നു. മറ്റു പല ആളുകളുമായി ചർച്ചയും നടന്നു. എന്നാൽ വളരെ അപ്രതീക്ഷിതമായാണ് മലയൻകുഞ്ഞ് വരുന്നത്. ഇത് വളരെ ബുദ്ധിമുട്ടുളള സിനിമയാണെന്ന് ആദ്യം തന്നെ എനിക്ക് അറിയാമായിരുന്നു. ഇതിന്റെ രണ്ടാം പകുതി എങ്ങനെ പോകണമെന്ന ധാരണ മഹേഷിനും കൃത്യമായി ഇല്ലായിരുന്നു. ബാദുഷ ആയിരുന്നു ആദ്യ നിർമാതാവ്. ഞങ്ങളുടെ കൂടെയുള്ള ഒരാൾ ഏറ്റെടുക്കുകയാണെങ്കിൽ അതാകും കൂടുതൽ നല്ലതെന്ന് ഞങ്ങൾക്കു തോന്നി. അക്കാര്യം ബാദുഷയോട് പറയുകയും ചെയ്തു.
വീട്ടിൽ ചെല്ലുമ്പോഴൊക്കെ അനിയനോട് ഈ സിനിമയുടെ കഥ പറയുമായിരുന്നു. ബാപ്പയോടും കഥ പറഞ്ഞിരുന്നു. കഥ ഒത്തിരി ഇഷ്ടപ്പെട്ടു. അങ്ങനെ അദ്ദേഹം ഇത് നിർമിക്കാമെന്ന് പറഞ്ഞു. റഹ്മാൻ സർ ഈ പ്രോജക്ടിൽ വന്നതുതന്നെ ബാപ്പയുടെ പേര് ഉള്ളതുകൊണ്ടാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം എന്നെ കണ്ടപ്പോൾത്തന്നെ അദ്ദേഹം ചോദിച്ചത് ഫാസിൽ സർ എങ്ങനെയിരിക്കുന്നുവെന്നാണ്.
മണിച്ചിത്രത്താഴിനു ശേഷം അദ്ദേഹവുമായി ഒരു സിനിമ ചെയ്യാൻ ബാപ്പ തീരുമാനിച്ചിരുന്നു. പക്ഷേ അന്ന് ആ പ്രോജ്ക്ട് നടന്നില്ല. ആ സിനിമയുെട കഥ റഹ്മാൻ സാറിന് അറിയാം. ആ കഥ സിനിമയായോ എന്നും എന്നോടു ചോദിച്ചു. ഇല്ലെന്ന് ഞാൻ പറഞ്ഞു.
ഒരുപാട് പേരുടെ ആഗ്രഹം ഒരുമിച്ചു വന്നൊരു സിനിമയാണിത്. നേരിട്ട് ഒടിടി റിലീസിനു വേണ്ടി ആമസോൺ വാങ്ങിയ സിനിമയായിരുന്നു മലയൻകുഞ്ഞ്. പക്ഷേ ചിത്രം പൂർത്തിയായപ്പോൾ ഞങ്ങൾക്കുതോന്നി, തിയറ്റർ അനുഭവം വെളിവാക്കിത്തരുന്ന സിനിമയാണെന്ന്. അങ്ങനെ എഗ്രിമെന്റ് മാറ്റി തിയറ്ററിൽ കൊണ്ടുവരികയാണ്.
ഛായാഗ്രഹണം–എഡിറ്റിങ്–തിരക്കഥ
മഹേഷ് നാരായണൻ പഠിച്ചത് സിനിമാറ്റോഗ്രഫിയാണ്. എത്തിപ്പെട്ടത് സംവിധാനത്തിലാണെന്നു മാത്രം. അദ്ദേഹത്തിന് എന്തും ചെയ്യാൻ പറ്റും. മഹേഷിന് മനസ്സിലാക്കാൻ പറ്റുന്ന കാര്യങ്ങൾ അപ്പോൾത്തന്നെ നമുക്ക് പറഞ്ഞുതരും എന്നതാണ് അദ്ദേഹത്തിന്റെ വലിയ ക്വാളിറ്റി.
കുമ്പളങ്ങിയിൽ ധനുഷ്
സിനിമയുടെ ബിസിനസ് വച്ചു നോക്കുമ്പോൾ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ബജറ്റ്. ഒരു സിനിമയുടെ ബജറ്റ് വച്ച്, അതിനു സാധ്യമായ പ്രതിഫലം വാങ്ങുന്ന താരങ്ങളെ വച്ച് സിനിമ ചെയ്യുക. ഉദാഹരണം പറയാം. കുമ്പളങ്ങി നൈറ്റ്സിൽ ഞാൻ ചെയ്ത ഷമ്മി എന്ന കഥാപാത്രമായി ആദ്യം തീരുമാനിച്ചിരുന്നത് ധനുഷിനെയായിരുന്നു. ആ സമയത്ത് സാമ്പത്തികമായി ധനുഷിനെ വഹിക്കാൻ മലയാളസിനിമയ്ക്ക് ആകില്ലായിരുന്നു. മലയാളസിനിമയ്ക്ക് വഹിക്കാൻ പറ്റുന്നൊരു നടനെ വച്ച് ആ പടം ചെയ്തു.
ഞാൻ നിർമിക്കുന്ന സിനിമകളിൽ ബജറ്റ് വളരെ പ്രധാനപ്പെട്ടതാണ്. എനിക്ക് സാധ്യമായവരെയേ ഞാൻ വിളിക്കാറുള്ളൂ. പണത്തിന്റെ കാര്യത്തിലല്ല, ഇതെന്നെ കംഫർട്ട് ആക്കുന്നത്. തീരുമാനങ്ങൾ എടുക്കുന്നതിൽ കുറച്ച് സ്വാതന്ത്ര്യം കിട്ടും. കുറച്ച് ഉഴപ്പനാണ്. അതുകൊണ്ട് സ്വയം നിർമിക്കുന്ന സിനിമകളുടെ സെറ്റിൽ താമസിച്ചു ചെന്നാലും കുഴപ്പമില്ല.
ട്രാൻസിനേക്കാൾ ബജറ്റ് ഉള്ള സിനിമ
ഏത് സിനിമയാണെങ്കിലും അത് വിൽക്കപ്പെടണം. അത് ജനകീയമാകണം എന്നതാണ് ഞാൻ ഉദ്ദേശിക്കുന്നത്. സിനിമകൾക്കു േവണ്ടി ഓഡിയൻസിനെ വിഭജിക്കുന്നത് ശരിയല്ല. നമ്മൾ സിനിമ ചെയ്യുന്നത് അവർക്കു വേണ്ടിയാണ്. അവർ തീരുമാനിക്കട്ടെ, ഏത് കാണണം, കാണണ്ട എന്നത്. ഓരോ സിനിമയ്ക്കും ഓരോ വിധിയുണ്ട്.
പറയുന്നത് ശരിയാണോ എന്നറിയില്ല, ട്രാൻസിനേക്കാൾ ബജറ്റ് ഉള്ള സിനിമയാണ് മലയൻകുഞ്ഞ്. ഞാനൊരു സിനിമ വില്‍ക്കാൻ നേരത്ത്, ഇത് ആയിരം കോടിയോ പത്തുകോടിയോ മുടക്കിയ സിനിമയാണെന്ന് ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. പ്രേക്ഷകന് അതറിയേണ്ട കാര്യമില്ല, എന്റർടെയ്ൻമെന്റ് വാല്യൂ ഇല്ലെങ്കിൽ ആയിരം കോടി മുടക്കിയിട്ടും കാര്യമില്ല. എ.ആർ.റഹ്മാന്റെ ശമ്പളത്തിന് മലയാളത്തിൽ ഒരു പടം ചെയ്യാം. ആയിരംപേരെ വച്ച് ചെയ്യുന്നതു ബിഗ് സ്കെയ്‍ൽ ആണ്. അതിൽ ഒരു തർക്കവുമില്ല. അത്രത്തോളം തന്നെ സ്ട്രെസ്സും സ്കെയ്‌ലുമുണ്ട് ഒരാളെ വച്ച് ചെയ്യുമ്പോഴും. കഥയുടെ ഇമോഷൻസ് ആളുകളിൽ എത്തുമ്പോൾ എല്ലാ സിനിമയും നിലനിൽക്കും.