ADVERTISEMENT

33 വർഷം മുൻപുള്ള ഓഗസ്റ്റ് ഒന്ന്. ഒരു യുവാവ് പുതിയറയിലെ മഹാറാണി ഹോട്ടലിനുപുറത്ത് കാത്തുനിൽക്കുകയാണ്. അകത്ത് മലയാളത്തിലെ പ്രമുഖനായ സംവിധായകൻ തന്റെ പുതിയ സിനിമയുടെ ചർച്ചകളുടെ തിരക്കിലാണ്.അദ്ദേഹത്തെയൊന്നു കാണണം. അസി. ഡയറകട്റായി കൂടെച്ചേരണം. ആ ദിവസം ആ യുവാവിന് മറക്കാൻ കഴിയില്ല.

 

33 വർഷങ്ങൾക്കിപ്പുറം ഈ ഓഗസ്റ്റ് ഒന്നിന് മഹാറാണി ഹോട്ടലിൽ ആ യുവാവ് താമസിക്കാനെത്തിയത് തന്റെ ഇരുപത്തിയേഴാമത്തെ സിനിമയുടെ പ്രചാരണപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ്. 

 

അന്നത്തെ ആ യുവാവാണ് ഇന്നത്തെ സംവിധായകൻ ലാൽജോസ്. അദ്ദേഹത്തിന്റെ ഗുരുവായ കമൽ 1989ഓഗസ്റ്റ് ഒന്നിന് മഹാറാണി ഹോട്ടലിൽ പ്രാദേശികവാർത്തകൾ എന്ന സിനിമയുടെ ചർച്ചകളിലായിരുന്നു. ആ ചിത്രത്തിൽ അസി.ഡയറക്ടറായതോടെയാണ് തന്റെ വഴി സിനിമയാണെന്നു തിരിച്ചറിഞ്ഞതെന്നും ലാൽജോസ് പറഞ്ഞു.

vincy

 

∙ വരുന്നു, സോളമന്റെ തേനീച്ചകൾ

 

vincy-lal

മഴവിൽ മനോരമയിലെ നായികാ നായകൻ റിയാലിറ്റി ഷോയിലെ മത്സരാർഥികളായിരുന്ന നാലുപേരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽജോസ് സംവിധാനം ചെയ്ത പുതിയ സിനിമയായ ‘സോളമന്റെ തേനീച്ചകളു’ടെ പ്രചരണവുമായാണ് ലാൽജോസ് കോഴിക്കോട്ടെത്തിയത്.

 

adis

ഓഗസ്റ്റ് 18ന് തീയറ്ററുകളിലെത്തുന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ ലാൽജോസും സംഘവുമെത്തി. നായിക നായകൻ റിയാലിറ്റി ഷോയിലെ താരങ്ങളായ വിൻസി സോണി അലോഷ്യസ്, ആദിസ്അക്കര, ശംഭു, ദർശന എന്നിവരും ലാൽജോസിനൊപ്പമുണ്ടായിരുന്നു. ചിത്രം നിർമിച്ചിരിക്കുന്നതും ലാൽജോസാണ്.

 

∙ യുവാക്കൾക്ക് ഇടം നൽകണം: ലാൽജോസ്

 

റിയാലിറ്റി ഷോയ്ക്കു ശേഷം മൂന്നു വർഷങ്ങൾ കഴിഞ്ഞാണ് സിനിമ പൂർത്തിയായതെന്നും ഈ കാലംകൊണ്ട് മികച്ചൊരു സൗഹൃദമാണ് സൃഷ്ടിക്കാൻ കഴിഞ്ഞതെന്നും ലാൽജോസ് പറഞ്ഞു. പൊലീസിൽ ലോആൻഡ് ഓർഡറിലും ട്രാഫിക്കിലുമായി ജോലി ചെയ്യുന്ന രണ്ടു വനിതാ കോൺസ്റ്റബിൾമാരുടെ കഥയാണ് സോളമന്റെ തേനീച്ചകൾ പറയുന്നത്.  മലയാള സിനിമയിലേക്ക് പ്രവേശനം പ്രതീക്ഷിക്കുന്ന യുവതാരനിരയ്ക്കു പ്രോത്സാഹനമെന്ന രീതിയിലാണ് സോളമന്റെ തേനീച്ചകൾ നിർമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജോജുവും കൈലാഷുമടക്കമുള്ള നായകൻമാർ തന്റെ സിനിമകളിലൂടെയാണ് കടന്നുവന്നത്. മലയാളസിനിമയിൽ ഒരു നടന് തന്റെ ഇടം കണ്ടെത്താൻ അനേകകാലം കാത്തിരിക്കേണ്ട സ്ഥിതിയാണ്. എന്നാൽ നായികയായെത്തുന്നവരെ വളരെ വേഗം സ്വീകരിക്കുന്നവരാണ് മലയാളികളെന്നും ലാൽജോസ് പറഞ്ഞു. 

 

∙ നായികയായി ആദ്യസിനിമ: വിൻസി 

 

തന്റെ ആദ്യസിനിമയായി പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രമാണ് സോളമന്റെ തേനീച്ചകളെന്ന് വിൻസി സോണി അലോഷ്യസ് പറഞ്ഞു. ജനഗണമന, ഭീമന്റെ വഴി തുടങ്ങിയ സിനിമകൾ‍ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ നായികയെന്ന രീതിയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇതാദ്യമായാണ്.

 

റിയാലിറ്റി ഷോയിലെ വിധികർത്താവായിരിക്കെ ലാൽജോസിന്റെ ഭയബഹുമാനങ്ങളോടെയാണ് നോക്കിക്കണ്ടിരുന്നത്. സിനിമയിൽ അഭിനയിച്ചതോടെ നാലുപേരും അദ്ദേഹവുമായി കൂടുതലടുത്തുവെന്നും വിൻസി പറഞ്ഞു. മഴവിൽ മനോരമയുടെ റിയാലിറ്റിഷോ  നായിക നായകനിലൂടെ ശ്രദ്ധേയയായ  വിൻസി സോണി അലോഷ്യസ് ഇതിനകം എട്ടുസിനിമകളിൽ അഭിനയിച്ചു ശ്രദ്ധ നേടിക്കഴിഞ്ഞു. ഒരു ഹിന്ദി സിനിമയുടെ ചിത്രീകരണവും പൂർത്തിയാക്കിക്കഴിഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com