ADVERTISEMENT

പാപ്പൻ എന്ന ചിത്രത്തിലെ ഇരുട്ടൻ ചാക്കോ എന്ന കഥാപാത്രം പ്രേക്ഷകർ സ്വീകരിച്ചതിന്റെ ക്രെഡിറ്റ് ജോഷി എന്ന സംവിധായകനും സുരേഷ് ഗോപി എന്ന സൂപ്പർ താരത്തിനുമാണെന്ന് നടൻ ഷമ്മി തിലകൻ. കുറച്ചു വർഷങ്ങൾ ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച അനുഭവം സുരേഷ്‌ഗോപി എന്ന താരത്തെ കൂടുതൽ പാകപ്പെടുത്തിയെന്നും ഷമ്മി തിലകൻ പറയുന്നു. നല്ല സിനിമകൾ കൊടുത്താൽ പ്രേക്ഷകർ സ്വീകരിക്കുമെന്നതിന്റെ തെളിവാണ് പാപ്പനെ കാണാൻ തിയറ്ററിൽ പ്രേക്ഷകർ എത്തുന്നതെന്നും ഷമ്മി തിലകൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.

ഷമ്മി തിലകന്റെ വാക്കുകൾ:

‘‘ജോഷി ഏട്ടനോടൊപ്പം കുറെയധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജോഷി ഏട്ടന്റെ സംവിധാന സഹായിയായി ധ്രുവം മുതൽ കുറച്ച് സിനിമകളിൽ ജോലി ചെയ്തു. ഞാൻ വളരെ അടുത്തറിഞ്ഞിട്ടുള്ള സംവിധായകനാണ് അദ്ദേഹം. ഇത്രയും ചിത്രങ്ങളിൽ ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ടെങ്കിലും രണ്ടു ചിത്രങ്ങൾക്കു വേണ്ടി മാത്രമാണ് ജോഷി ഏട്ടൻ എന്നെ നേരിട്ടു വിളിച്ചിട്ടുള്ളത്. ഒന്ന് പ്രജയും മറ്റൊന്ന് ഇപ്പോൾ അഭിനയിച്ച പാപ്പനും. മറ്റുള്ള ചിത്രങ്ങളിലേക്ക് അദ്ദേഹത്തിന്റെ സഹായികൾ ആരെങ്കിലും ആയിരിക്കും വിളിക്കുക. പാപ്പനിൽ അഭിനയിക്കാൻ അദ്ദേഹം നേരിട്ടു വിളിച്ചപ്പോൾത്തന്നെ ആ കഥാപാത്രത്തിന് അത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് എനിക്ക് തോന്നി. ഒരു മുൻവിധിയുമില്ലാതെയാണ് ഇരുട്ടൻ ചാക്കോ എന്ന ആ കഥാപാത്രം ചെയ്യാൻ പോയത്. ഇപ്പോൾ ആ കഥാപാത്രത്തിന് കിട്ടുന്ന സ്വീകാര്യതയുടെ ക്രെഡിറ്റ് നൂറു ശതമാനം അനുഗൃഹീത സംവിധായകനായ ജോഷി ഏട്ടനു തന്നെയാണ്. ഞാൻ അതാണ് എന്റെ ഫെയ്സ്ബുക് പോസ്റ്റിൽ എഴുതിയതും. ‘എനിക്ക് നൽകുന്ന കരുതലിന്, എന്നെ പരിഗണിക്കുന്നതിന്, എന്നിലുള്ള വിശ്വാസത്തിന് ഒരുപാട് സ്നേഹം’ അത്രമാത്രമേ എനിക്ക് അദ്ദേഹത്തോടു പറയാനുള്ളൂ.

സുരേഷ് ഗോപിയുടെ മടങ്ങി വരവ് എന്നൊക്കെ പലരും പറയുന്നുണ്ട്. പക്ഷേ മടങ്ങി വരവോ തിരിച്ചുപോക്കോ ഒരു കലാകാരനെ സംബന്ധിച്ച് ഇല്ല എന്നുള്ള പക്ഷക്കാരനാണ് ഞാൻ. ഒരു അഭിനേതാവ് അമ്മയുടെ വയറ്റിൽനിന്ന് വരുമ്പോൾത്തന്നെ അഭിനയത്തിന്റെ ഫോർമുല പഠിച്ചിട്ടാണോ വരുന്നത്. മഹാനടൻ എന്ന് എല്ലാവരും വിളിക്കുന്ന എന്റെ അച്ഛൻ പോലും ഒന്നും പഠിച്ചിട്ടല്ല വന്നത്. ഒരു നടൻ നടനാകുന്നത് നമ്മുടെ ചുറ്റുപാടുകളിൽനിന്നും സമൂഹത്തിൽനിന്നു കിട്ടുന്ന അനുഭവങ്ങളിൽ നിന്നുമാണ്. സുരേഷ് ഗോപി കുറച്ചു നാൾ അഭിനയത്തിൽനിന്ന് ഒരു ഇടവേള എടുത്ത് ജനങ്ങളിലേക്ക് ഇറങ്ങി അവരിലൊരാളായി പ്രവർത്തിച്ച്, അവരെ പ്രതിനിധീകരിച്ച് കൂടുതൽ അനുഭവ സമ്പത്ത് നേടുകയാണ് ചെയ്തത്. അതൊരു വലിയ ബാറ്ററി ചാർജിങ് പോലെയാണ്. അതിനു ശേഷമുണ്ടായ അദ്ദേഹത്തിന്റെ മാറ്റം പടം കാണുമ്പൊൾ മനസ്സിലാകും.

സുരേഷ് ഗോപി എന്ന നടന്റെ ഒരു വലിയ മാറ്റമാണ് എനിക്ക് കാണാൻ കഴിഞ്ഞത്. അദ്ദേഹത്തിന്റെ അടുത്തു നിന്ന് എന്റെ കഥാപാത്രം ഭൂതകാലത്തെക്കുറിച്ചു പറയുന്ന ഒരു ഡയലോഗുണ്ട്. അതാണ് അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോൾ എനിക്കും തോന്നിയത്. കഥയിലെ പ്രധാനപ്പെട്ട സംഭവമായതുകൊണ്ട് ഞാൻ പറയുന്നില്ല. അദ്ദേഹം എന്റെ കണ്ണിലേക്കു നോക്കി അഭിനയിച്ചപ്പോൾ ആ കണ്ണുകളിൽനിന്ന് ഉള്ളിൽ എന്താണ് വ്യാപാരിക്കുന്നത് എന്ന് ഞാൻ അതിശയിച്ചുപോയി. ഞാൻ വളരെ സിംപിൾ ആയി അഭിനയിച്ചെന്ന് തോന്നുമെങ്കിലും സുരേഷ്‌ഗോപി എന്ന നടനു മുന്നിൽ പിടിച്ചു നിൽക്കാൻ ഞാൻ കഷ്ടപ്പെട്ടു. ഒരു വലിയ കൊടുക്കൽ വാങ്ങൽ ആയിരുന്നു ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്ന സീനുകൾ. പാപ്പൻ എന്ന സിനിമ എനിക്കൊരു വലിയ അനുഭവം തന്നെയായിരുന്നു. എന്നിലെ നടനെ ഒന്നുകൂടി മനനം ചെയ്യാനും പരിഷ്കരിക്കാനും കഴിഞ്ഞ ഒരു സിനിമയാണ് പാപ്പൻ. അതിൽ വലിയൊരു പങ്ക് സുരേഷ് ഗോപി വഹിച്ചിട്ടുണ്ട്. ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.

shammy-paappan

ഞാൻ ചെയ്ത ഇരുട്ടൻ ചാക്കോ എന്ന കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ ഒന്നാമത്തെ ക്രെഡിറ്റ് ജോഷി സാറിനും പിന്നെ സുരേഷ് ഗോപി എന്ന അതുല്യവ്യക്തിത്വത്തിനും ഉള്ളതാണ്. ഒരു ആക്ടർ എന്ന് പറയുന്നത് എ ഫോർ ആക്‌ഷൻ, സി ഫോർ കോൺസൻട്രേഷൻ, ടി ഫോർ ടാലന്റ്, ഒ ഫോർ ഒബ്സർവേഷൻ, ആർ ഫോർ റിഥം. ഇവ ഉണ്ടെങ്കിൽ മാത്രമേ മറ്റുള്ളവരെ നിരീക്ഷിച്ച് പഠിച്ച് കഥാപാത്രമായി മാറാൻ സാധിക്കൂ. അത്തരത്തിൽ നിരീക്ഷിച്ചാണ് ഞാൻ ഓരോ കഥാപാത്രവും ചെയ്യുന്നത്.
'കസ്തൂരിമാൻ' എന്ന സിനിമയിലെ കഥാപാത്രം എന്റെ യഥാർഥ സ്വഭാവത്തിന്റെ നേരെ വിപരീതമാണ്. പതിനാലാമത്തെ വയസ്സിൽ സീരിയസായി അഭിനയത്തിലേക്ക് ഇറങ്ങിയ എനിക്ക് എന്റെ കൗമാരമോ യൗവനമോ ആഘോഷിക്കാൻ കഴിഞ്ഞിട്ടില്ല. ഒരു സ്ത്രീയെപ്പോലും വൃത്തികെട്ട നോട്ടം നോക്കിയിട്ടില്ല. ആ ഞാൻ ആണ് ഒരു പെൺകുട്ടിക്കു പിന്നാലെ ഒലിപ്പിച്ച് നടക്കുന്ന സ്ത്രീലമ്പടൻ കഥാപാത്രമായി അഭിനയിച്ചത്. ആ കഥാപാത്രം ലോഹിതദാസിന്റെ ഉള്ളിലുള്ള ഒരു കഥാപാത്രമായിരുന്നു. എഴുപതോളം പൊലീസ് കഥാപാത്രങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. ഇപ്പോഴും എന്നെ പൊലീസ് വേഷത്തിന് വിളിക്കുന്നെങ്കിൽ ആ സംവിധായകന്റെ മനസ്സിലെ പൊലീസ് ആകാൻ കഴിയും എന്ന് അവർക്ക് ബോധ്യമുള്ളതുകൊണ്ടാണ്. അതുപോലെ തന്നെയാണ് എനിക്ക് കിട്ടുന്ന ഓരോ കഥാപാത്രവും.

എന്നെ ടൈപ്പ് കാസ്റ്റ് ചെയ്ത് ഒതുക്കാൻ നോക്കിയവർക്ക് ഞാൻ കൊടുത്ത മറുപടി പൊലീസ് വേഷത്തിൽ ഷഷ്ഠിപൂർത്തി തികച്ചു എന്നുള്ളതാണ്. പാപ്പൻ എന്ന സിനിമയിലെ ഇരുട്ടൻ ചാക്കോ നല്ല അഭിനയസാധ്യതയുള്ള വേഷമായിരുന്നു. പാപ്പൻ തിയറ്ററുകൾക്ക് ഒരു പുത്തനുണർവ് പകർന്നുകൊടുത്തു എന്നാണു കേൾക്കുന്നത്. ഇതുപോലെയുള്ള നല്ല സിനിമകൾ വന്നു സിനിമാലോകത്തിനും തിയറ്ററുകൾക്കും ഉണർവ്വ് ഉണ്ടാകട്ടെ. നല്ലത് കൊടുത്താൽ ജനങ്ങൾ സ്വീകരിക്കും എന്നുള്ളതിന്റെ തെളിവ് കൂടിയാണ് പാപ്പന്റെ വിജയം.’’ ഷമ്മി തിലകൻ പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com