മോഹൻലാലിനൊപ്പം മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹം: അക്ഷയ് കുമാർ
Mail This Article
മോഹൻലാലിനൊപ്പം മലയാള സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് നടൻ അക്ഷയ് കുമാർ. തമിഴിൽ രജനികാന്തിനൊപ്പം ഒരു ചിത്രത്തിൽ അഭിനയിച്ചു. കന്നടയിലും അഭിനയിച്ചു. ഇനി മലയാളത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരം തരുമോ എന്ന് പ്രിയദർശനോടു ചോദിക്കുമെന്നും അക്ഷയ് കുമാർ പറഞ്ഞു. രക്ഷാബന്ധൻ എന്ന പുതിയ സിനിമയുടെ പ്രമോഷനിടെ മലയാളി ആരാധകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അക്ഷയ് കുമാർ.
ഒരുപാട് മലയാള സിനിമകൾ ഹിന്ദിയിൽ റീമേക്ക് ചെയ്ത് സൂപ്പർഹിറ്റ് ആക്കിയിട്ടുള്ള താങ്കൾ എന്നാണ് മലയാളത്തിൽ അഭിനയിക്കുക എന്നായിരുന്നു ആരാധകന്റെ ചോദ്യം.
‘‘മലയാള സിനിമയിൽ അഭിനയിക്കാൻ സന്തോഷമേ ഉള്ളൂ. പക്ഷേ പ്രശ്നം എന്താണെന്നുവച്ചാൽ മലയാളം സംസാരിക്കാൻ എനിക്ക് അറിയില്ല. എനിക്ക് എന്റെ സ്വന്തം ശബ്ദത്തിൽ സംസാരിക്കുന്നതാണ് ഇഷ്ടം. മറ്റൊരാൾ എനിക്ക് വേണ്ടി ഡബ് ചെയ്യുന്നതിൽ താൽപര്യമില്ല. എനിക്കൊരു മലയാളം സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. തമിഴിൽ ഞാൻ രജനികാന്തിനൊപ്പം അഭിനയിച്ചു, കന്നടയിലും അഭിനയിച്ചു. ഇനി മലയാളത്തിൽ മോഹൻലാലിനോടൊപ്പം അഭിനയിക്കണം. മോഹൻലാലിനൊപ്പം ഒരു ചിത്രത്തിൽ എന്നെ അഭിനയിപ്പിക്കുമോ എന്ന് പ്രിയദർശനോട് ചോദിക്കും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അതൊരു ബഹുമതിയായിത്തന്നെ കരുതും.’’ അക്ഷയ് കുമാർ പറഞ്ഞു.