ADVERTISEMENT

കേരളത്തിന്റെ സാംസ്കാരിക രംഗത്തെ സമ്പന്നമാക്കിയ എത്രയോ വ്യക്തിത്വങ്ങളെ സംഭാവന നൽകിയ സ്ഥലം. സ്വന്തം പേരിനൊപ്പം നാടിന്റെ പേര് കൂടി ചാർത്തി എടുത്ത പൊൻകുന്നം വർക്കി മുതൽ, എത്രയോ മഹത്ത് ജന്മങ്ങൾ. ആ പേരുകൾക്കൊപ്പം ചേർത്ത് വെക്കാവുന്ന രണ്ട് പേരുകളാണ് തമ്പി ആന്റണിയുടെയും, സഹോദരൻ ബാബു ആന്റണിയുടെയും.

 

മലയാള സാഹിത്യത്തിൽ ഇതിനോടകം സ്വന്തമായി ഒരു ഇരിപ്പടം നേടിക്കഴിഞ്ഞു, തമ്പി ആന്റണി. നാട്ടിൻ പുറങ്ങളിൽ നാം എല്ലാ ദിവസവും കണ്ടുമുട്ടുന്ന സാധാരണക്കാരുടെ ജീവിതം എത്രയോ അസാധാരണമായി തമ്പി തന്റെ ചെറുകഥകളിലൂടെ വരച്ചിട്ടിരിക്കുന്നു. സക്കറിയ കഥകളിൽ നാം വായിച്ചു രസിച്ച നഗ്നമായ കറുത്ത ഹാസ്യം അതിന്റെ എല്ലാ തെളിമയോടും, വന്യമായ സത്യസന്ധതയോടും അദ്ദേഹം പല കഥകളിലൂടെ പറഞ്ഞു തന്നിരിക്കുന്നു.

 

സാഹിത്യത്തിനൊപ്പം മലയാളം സിനിമയിലും അഭിനേതാവായും നിർമ്മാതാവായും അദ്ദേഹം നിറഞ്ഞു നിൽക്കുന്നു.അതേ പോലെ തന്നെയാണ് അദ്ദേഹത്തിന്റെ സഹോദരൻ ബാബു ആന്റണിയും. മലയാളം സിനിമയിൽ ആക്ഷൻ രംഗങ്ങൾക്ക് പുതിയൊരു മുഖവും ഭാവവും നൽകിയത് ബാബു ആന്റണി തന്നെ. ഇന്നും ചെറുപ്പക്കാരുടെ മനസിലെ ആക്ഷൻ ഹീറോ ബാബു ആന്റണി തന്നെ.

 

പൊൻകുന്നത്തിന്റെ പ്രിയ താരങ്ങളായ തമ്പി ആന്റണിയും ബാബു ആന്റണിയും ഒന്നിക്കുന്ന സംരംഭമാണ് ചാനൽ ഫൈവിന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിക്കുന്ന ഹെഡ്മാസ്റ്റർ എന്ന ചിത്രം.1940 കളിൽ കേരളത്തിലെ സ്കൂൾ അധ്യാപകർ അനുഭവിച്ചിരുന്ന ദുരിത ജീവിതത്തിന്റെ നേർകാഴ്ചയാണ് ഹെഡ്മാസ്റ്റർ. അവരുടെ ജീവിതത്തിലെ ദാരിദ്ര്യവും പട്ടിണിയും, അധികം നിറങ്ങൾ ഒന്നും ചേർക്കാതെ ഈ ചിത്രത്തിൽ വരച്ചു കാട്ടുന്നു. പ്രശസ്ത എഴുത്തുകാരൻ കാരൂർ നീലകണ്ഠപിള്ളയുടെ പൊതിച്ചോർ എന്ന കഥയുടെ ചലച്ചിത്രഭാഷ്യമാണ് ഹെഡ്മാസ്റ്റർ.

 

വിധിയും സമൂഹവും ഒരു പോലെ വേട്ടയാടിയെ സ്കൂൾ അധ്യാപകനായി തമ്പി ആന്റണി ഈ ചിത്രത്തിൽ വേഷമിടുന്നു. വിധിയെ തോൽപ്പിച്ച് സ്വന്തം ജീവിത വഴികൾ നേടിയ മകനായി ബാബു ആന്റണിയും ഹെഡ്മാസ്റ്ററിൽ അഭിനയിക്കുന്നു. പൊൻകുന്നത്തിന്റെ പ്രിയ സഹോദരൻമാരായ തമ്പി ആന്റണിയുടെയും ബാബു ആന്റണിയുടെയും അഭിനയ ജീവിതത്തിലെ ഏറ്റവും മനോഹര മൂഹൂർത്തങ്ങൾ നിറഞ്ഞ ഒരു ചിത്രമാണ് ഹെഡ്മാസ്റ്റർ. കാണികളുടെ ഹൃദയത്തിൽ നൊമ്പരത്തിന്റെ ഒരിക്കലും ഉണങ്ങാത്ത ഒരു മുറിപ്പാട് ഈ ചിത്രം കോറിയിടും..

 

ദേശിയ,സംസ്ഥാന പുരസ്കാരങ്ങൾ ഏറെ നേടിയിട്ടുള്ള സംവിധായകൻ രാജിവ് നാഥാണ് ഹെഡ്മാസ്റ്റർ അണിയിച്ചൊരുക്കിയിട്ടുള്ളത്.പ്രസിദ്ധ നാടകചാര്യൻ കാവാലം നാരായണപണിക്കരുടെ മകൻ കാവാലം ശ്രീകുമാർ ആദ്യമായി ഒരു സിനിമയ്ക്ക് സംഗീതം ഒരുക്കുന്നതും ഹെഡ്മാസ്റ്ററിലാണ്.ഗാന രചന പ്രഭാ വർമ്മ.ആലാപനം ജയചന്ദ്രൻ,നിത്യ മാമ്മൻ.തിരക്കഥ കെ.ബി. വേണുവും,രാജിവ് നാഥും ചേർന്ന് നിർവഹിച്ചിരിക്കുന്നു. മലയാളത്തിലെ ഏറ്റവും നല്ല സിനിമകളുടെ കൂട്ടത്തിൽ ഒരു സ്ഥാനം ഹെഡ്മാസ്റ്ററിനും ഉണ്ടാവും. പൊൻകുന്നതിന്റെ പ്രിയ സഹോദരരുടെ ഹെഡ്മാസ്റ്റർ അടുത്ത് തന്നെ അവരുടെ ജന്മ സ്ഥലമായ പൊൻകുന്നത്തു പ്രദർശനം ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com