ADVERTISEMENT

അന്യനിലെ ഡയലോഗ് പറഞ്ഞും കരിയറിലെ തുടക്കക്കാലത്തെ അനുഭവങ്ങൾ പങ്കുവച്ചും കാണികളെ കയ്യിലെടുത്ത് ചിയാൻ വിക്രം. ഓഗസ്റ്റ് 31ന് റിലീസിനെത്തുന്ന ബിഗ് ബജറ്റ് ചിത്രം കോബ്രയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ വിക്രം അന്യനിലെ പാട്ടു പാടിയും ഡയലോഗുകൾ പറഞ്ഞും വേദിയെ ഇളക്കിമറിച്ചു. 

 

ഒരു അവസരം ലഭിച്ചാൽ ഉറപ്പായും മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കൊപ്പവും മോഹൻലാലിനൊപ്പവും അഭിനയിക്കുമെന്ന് വിക്രം വെളിപ്പെടുത്തി. "മമ്മൂക്ക റോക്ക്സ്റ്റാറാണ്. അതുപോലെ മോഹൻലാലും. എനിക്ക് മോഹൻലാൽ സാറിനൊപ്പം അഭിനയിക്കാൻ ഒരു അവസരം ഇതുവരെ ലഭിച്ചിട്ടില്ല. ഞാൻ ഏതു പടം ചെയ്താലും അതൊന്നും ഒരു കാര്യവുമില്ലെന്നാണ് വീട്ടിൽ പറയുക. ആ കഥാപാത്രങ്ങളൊക്കെ മോഹൻലാൽ സർ സിംപിൾ ആയി ചെയ്യുമെന്ന് പറയും. എന്റെ വില്ലൻ വീട്ടിൽ തന്നെയുണ്ട്," മോഹൻലാൽ ആരാധികയായ ഭാര്യയെക്കുറിച്ച് ആരാധകരോട് തുറന്നു പറഞ്ഞ് വിക്രം കയ്യടി നേടി. മലയാളിയാണ് വിക്രമിന്റെ ഭാര്യ ഷൈലജ. 

 

"ആദ്യം എനിക്ക് മലയാളം ഒട്ടും അറിയുമായിരുന്നില്ല. ഇപ്പോൾ കുറച്ചു പഠിച്ചു. ധാരാളം മലയാളം സിനിമകൾ കണ്ടിട്ടുണ്ട്. കിരീടം, സദയം, കിലുക്കം.... അങ്ങനെ എല്ലാം. എനിക്ക് മോഹൻലാൽ സാറിന്റെ അഭിനയം ഒരുപാട് ഇഷ്ടമാണ്. പക്ഷേ, ഒരുമിച്ച് അഭിനയിക്കാൻ അവസരം ലഭിച്ചിട്ടില്ല. ധ്രുവത്തിൽ അഭിനയിക്കുമ്പോൾ ഞാൻ മമ്മൂക്കയെ നോക്കി നിന്നു പഠിച്ചിട്ടുണ്ട്. ക്ലോസ് ഷോട്ടിൽ എന്തു ചെയ്യണം... ലോങ് ഷോട്ടാണെങ്കിൽ എങ്ങനെ വേണം. അങ്ങനെ ഒരുപാടു കാര്യങ്ങൾ," വിക്രം പറഞ്ഞു. 

 

ജെയിൻ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസും മനോരമ ഓൺലൈനും നേരിട്ട് നടത്തിയ കോബ്ര പ്രൊമോഷണൽ ഇവന്റിലാണ് വിക്രം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. തെന്നിന്ത്യൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കോബ്ര’. ആർ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ആക്‌ഷൻ ത്രില്ലർ ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിൽ വിക്രം പ്രത്യക്ഷപ്പെടുന്നുണ്ട്. ഓഗസ്റ്റ് 31ന് ചിത്രം റിലീസിനെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com