കാജൽ അഗർവാളിന്റെ ആ ടോപ്ലെസ് ഫോട്ടോ മോർഫ് ചെയ്തത് ?
Mail This Article
പ്രമുഖ പുരുഷമാസികയായ 'ഫോർ ഹിം ഇന്ത്യ'യുടെ (FHM India) മുഖചിത്രമായി കാജൽ അഗർവാളിന്റെ ടോപ്‌ലെസ് ഫോട്ടോ വന്നതിൽ ഖേദം പ്രകടിപ്പിച്ച് മാസികയുടെ പുതിയ മാനേജ്മെന്റ്. ഏറെ വിവാദമായ കാജൽ അഗർവാളിന്റെ ആ ചിത്രം മോർഫ് ചെയ്യപ്പെട്ടതാകാൻ സാധ്യതയുണ്ടെന്നും ദൗർഭാഗ്യകരമായ സംഭവത്തിൽ താരത്തിനോട് ക്ഷമ ചോദിക്കുന്നുവെന്നും ഫോർ ഹിം മാസികയുടെ പുതിയ ഉടമസ്ഥരായ ടിസിജി മീഡിയ ഔദ്യോഗികമായ പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു.
2011ലാണ് കാജൽ അഗർവാളിന്റെ വിവാദ ഫോട്ടോ മുഖചിത്രമായി പ്രസിദ്ധീകരിക്കപ്പെട്ടത്. ടോപ്‍ലെസ് ചിത്രം വ്യാജമായി നിർമിക്കപ്പെട്ടതാണെന്നും അത്തരമൊരു ഫോട്ടോഷൂട്ടുമായല്ല താൻ സഹകരിച്ചതെന്നും വെളിപ്പെടുത്തി കാജൽ അഗർവാൾ രംഗത്തെത്തിയെങ്കിലും ആരോപണങ്ങളെല്ലാം മാസിക തള്ളി. കാജൽ അഗർവാളിന്റെ ചിത്രം മോർഫ് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ മാസിക അത്തരമൊരു പരസ്യവുമായി താരം സഹകരിച്ചതിന് രേഖകളുണ്ടെന്നും തുറന്നടിച്ചു. പിന്നീട് ഈ വിവാദങ്ങൾ കെട്ടടങ്ങി.
2015ൽ ഫോർ ഹിം ഇന്ത്യയുടെ ഉടമസ്ഥാവകാശം മാക്സ്പോഷർ മീഡിയ ഗ്രൂപ്പിൽ നിന്നും ടിസിജി മീഡിയ ഏറ്റെടുത്തു. ഈയടുത്താണ് കാജൽ അഗർവാളിന്റെ ഫോട്ടോ വിവാദം ശ്രദ്ധയിൽപ്പെട്ടതെന്നും തുടർന്നു നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ അന്നത്തെ മാനേജ്മെന്റിന്റെ അറിവോടെ മാസിക കാജലിന്റെ ചിത്രങ്ങൾ മോർഫ് ചെയ്തു ഉപയോഗിച്ചതാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതായി ടിസിജി മീഡിയ പറയുന്നു. സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം വരികയാണെങ്കിൽ അതുമായി സഹകരിക്കാൻ പുതിയ മാനേജ്മെന്റ് സന്നദ്ധരാണെന്നും മാസിക വ്യക്തമാക്കി.
ഫാഷൻ ഇൻഡസ്ട്രിയിൽ നിലനിൽക്കുന്ന ഇത്തരം മോശം പ്രവണതകൾ ഫോർ ഹിം മാസിക ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് മാസിക അസന്ദിഗ്ദമായി പറഞ്ഞു. സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന മോർഫിങ് പോലെയുള്ള രീതികളോട് യാതൊരു സഹിഷ്ണുത മനോഭാവവും പുലർത്തില്ലെന്നും ടിസിജി മീഡിയ വ്യക്തമാക്കി.