ADVERTISEMENT

ഒരു ഇടവേളയ്ക്കു ശേഷം മലയാളികളുടെ പ്രിയതാരം മോഹൻലാൽ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാനൊരുങ്ങുകയാണ്. ഒറ്റയാൾ പ്രകടനവുമായി എലോണും വേറിട്ട പ്രമേയവും ട്രീറ്റ്മെന്റുമായി മോൺസ്റ്ററും റിലീസിനൊരുങ്ങിക്കഴിഞ്ഞു. ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികളും പുരോഗമിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ ഏറെക്കുറെ മാറി സിനിമ സാധാരണനിലയിലേക്ക് തിരിച്ചു വരുമ്പോൾ, പുതിയ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് താരം. ദീർഘകാലത്തിനു ശേഷം പ്രിയ സുഹൃത്ത് ശ്രീനിവാസനെ നേരിൽ കണ്ടതുമുതൽ മക്കളായ മായയുടെയും പ്രണവിന്റെയും താൽപര്യങ്ങളെക്കുറിച്ചും അമ്മ എന്ന താരസംഘടനയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ചും മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മോഹൻലാൽ മനസ്സു തുറന്നപ്പോൾ.

ശ്രീനിവാസന് നൽകിയ ചുംബനം

അറിയാതെ സംഭവിക്കുന്ന കെമിസ്ട്രിയാണ് ശ്രീനിവാസനുമായുള്ളത്. എത്രയോ സിനിമകളിലൂടെ ഞങ്ങൾ ഒരുമിച്ചു സഞ്ചരിച്ചു. ഇടയ്ക്ക് സംസാരിക്കാറുണ്ട്. അദ്ദേഹത്തിന് സുഖമില്ലാതിരുന്ന സമയത്ത് ഫോണിൽ വിളിച്ച് അദ്ദേഹത്തിന്റെ ഭാര്യയോടും മക്കളോടും കാര്യങ്ങൾ അന്വേഷിക്കാറുണ്ട്. പെട്ടെന്ന് ശ്രീനിവാസനെ കണ്ടപ്പോൾ ഇമോഷനലായിപ്പോയി. അതാണ് സംഭവം. അവിടെ വന്നു എന്നു പറയുന്നതു തന്നെ വലിയ കാര്യം. ഒരുപാടു കാലത്തിനു ശേഷമാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. ഒരിക്കലും പ്രതീക്ഷിക്കാവുന്ന ശ്രീനിവാസനെ അല്ല അവിടെ കണ്ടത്. മനസ്സിലൂടെ ഒരുപാടു കാര്യങ്ങൾ കടന്നു പോയി. ഞങ്ങൾ ചെയ്ത സിനിമകൾ... ആ സമയത്ത് അങ്ങനെയല്ലാതെ വേറെയൊന്നും ചെയ്യാൻ തോന്നിയില്ല. അത്രയും സങ്കടമായിപ്പോയി.

ബഹളങ്ങളിൽ നിന്നകന്ന് മകനും മകളും

മകനായാലും മകളായാലും വലിയ ശ്രദ്ധ ലഭിക്കുന്ന കാര്യങ്ങളിലേക്ക് വരാൻ താൽപര്യമില്ല. പ്രണവിന് സിനിമയിൽ വരാൻ ഒരു താൽപര്യവുമില്ലായിരുന്നു. എങ്കിലും വന്നു പെട്ടതാണ്. സിനിമയുടെ ബഹളങ്ങളുമായി പരിചയപ്പെട്ട്, അത് ഇഷ്ടപ്പെടാൻ സമയമെടുക്കും. മായയും അങ്ങനെയാണ്. അവൾ കവിത എഴുതുമെന്നത് നമ്മൾ കണ്ടുപിടിച്ചതാണ്. അവളുടെ കവിതകൾ പെൻഗ്വിന് കൊടുത്തപ്പോൾ അവർക്ക് അത് ഇഷ്ടമായി. അവളുടെ പുസ്തകം വിജയകരമായി. മലയാളത്തിൽ റോസ്മേരിയാണ് പരിഭാഷപ്പെടുത്തിയത്. ഇനിയൊരു കവിതാസമാഹാരം മായയുടേതായി ഇറങ്ങുമോ എന്നൊന്നും പറയാൻ കഴിയില്ല. അവരുടെ പ്രവൃത്തി വിജയിക്കുമ്പോഴാണല്ലോ നമുക്കൊരു അഭിമാനം തോന്നുക. ദൈവത്തോട് നന്ദി പറയുന്നു. രണ്ടു പേരും സ്വതന്ത്രമായി ചിന്തിക്കുന്നവരാണ്. അതിനുള്ള സാധ്യത ഇപ്പോൾ അവർക്കുണ്ട്. എനിക്കൊന്നും ആ കാലത്ത് അതില്ലായിരുന്നു.

അയാൾ പുസ്തമെഴുതുകയാണ്

പ്രണവിന്റെ പ്രായത്തിൽ എനിക്കും ആഗ്രഹമുണ്ടായിരുന്നു, ഇന്ത്യ മുഴുവൻ സഞ്ചരിക്കണമെന്ന്. ഒരു പ്രത്യേക നിമിഷത്തിൽ ജീവിതം മാറി മറിഞ്ഞില്ലായിരുന്നെങ്കിൽ, ഞാൻ അങ്ങനെ പോയേനെ! അങ്ങനെയൊരു ചായ്‍വ് ഇപ്പോഴും എന്റെ മനസ്സിലുണ്ട്. അങ്ങനെയൊന്ന് അയാളിൽ കണ്ടപ്പോൾ, അതല്ല, ഇതാണ് വഴിയെന്നൊന്നും പറയാൻ എനിക്കു പറ്റില്ല. അയാൾക്ക് ഇഷ്ടമുള്ളതു ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. എനിക്കു ചെയ്യാൻ പറ്റാത്ത ഒരുപാടു കാര്യങ്ങൾ അയാൾ ചെയ്യുന്നതിൽ ഞാൻ മനസ്സു കൊണ്ട് സന്തോഷിക്കുകയാണ്. അതിനൊപ്പം സിനിമ ചെയ്യുന്നു. ഒരു പക്ഷേ, ഇത്തരം യാത്രകൾ അയാൾക്ക് സിനിമ ചെയ്യാനുള്ള കൂടുതൽ സാധ്യതകൾ ഉണ്ടാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അത്തരത്തിലുള്ള സിനിമകൾ അയാളെ തേടിയെത്തട്ടെ! പ്രണവ് ഒരു പുസ്തകം എഴുതുകയാണിപ്പോൾ. അതുമായി ബന്ധപ്പെട്ട യാത്രകളിലാണ്. ഞാൻ ചോദിച്ചപ്പോൾ പറഞ്ഞു, ഒരു പുസ്തമെഴുതുകയാണെന്ന്! ഇവിടെ ഇരുന്നല്ല, പല സ്ഥലങ്ങളിൽ യാത്ര ചെയ്തും പല കാര്യങ്ങൾ ചെയ്തും ആ അനുഭവങ്ങളാണ് അയാൾ എഴുതുന്നത്. അതു ചെയ്യരുത്, പോയി സിനിമയിൽ അഭിനയിക്കണം എന്നൊന്നും എനിക്ക് പറയാൻ പറ്റില്ല. ഞാനിതൊക്കെ ആഗ്രഹിച്ചിരുന്ന ആളാണ്.

‘അമ്മ’യിൽനിന്ന് പുറത്തു പോയവരെ തിരിച്ചെടുക്കുമോ?

പുറത്തു നിന്നു നോക്കുന്ന ആളുകൾക്ക് ‘അമ്മ’ എന്ന അസോസിയേഷനെക്കുറിച്ച് ശരിക്ക് അറിയില്ല. അവർക്ക് ഒരുപാട് വിമർശനങ്ങൾ ഉണ്ടാവാം. ഇന്ത്യയിലെ ഒരുപാട് അസോസിയേഷനുകൾ ചെയ്യാത്ത കാര്യങ്ങളാണ് നമ്മളിവിടെ ചെയ്യുന്നത്. പലരുടെയും കുടുംബപ്രശ്നങ്ങൾ പോലും ചർച്ച ചെയ്യാറുണ്ട്. ഇടവേള ബാബുവുമായാണ് കൂടുതൽ സംഭാഷണങ്ങൾ നടക്കാറുള്ളത്. വ്യക്തിപരമായ കാര്യങ്ങൾ പോലും ചർച്ച ചെയ്യാൻ പാകത്തിന് സുതാര്യമായ ബന്ധമുണ്ട്. സംഘടനയിൽനിന്നു പുറത്തു പോയവർക്ക് തിരിച്ചു വരാൻ എല്ലാ സാധ്യതകളും എപ്പോഴുമുണ്ട്. അവർ ഫ്രഷ് ആയി അപേക്ഷ നൽകണം. എന്റെയല്ലല്ലോ സംഘടന. ഞാൻ അതിന്റെ പ്രസിഡന്റ് എന്ന പോസ്റ്റിൽ ഇരിക്കുന്നു എന്നേയുള്ളൂ. അതിന് ചില നിയമങ്ങളുണ്ട്. എനിക്ക് അവരുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ല. പുറത്തു പോയവർക്ക് തിരികെ സംഘടനയിലേക്ക് വരുന്നതിന് ചില നിയതമായ രീതികളുണ്ട്. അതിലൂടെ അവർക്കു വരാം. ആർക്കും അതിന് എതിരഭിപ്രായമില്ല. ഒരു സംഘടനയെ മുമ്പോട്ടു കൊണ്ടു പോവുക എന്നത് വലിയ കാര്യമാണ്. അതിനകത്തു വരുമ്പോഴേ അതു മനസ്സിലാകൂ. എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

ആഭ്യന്തര പരാതി പരിഹാര സെൽ ആവശ്യമില്ല

അമ്മ എന്ന സംഘടനയ്ക്ക് ആഭ്യന്തര പരാതി പരിഹാര സെൽ ആവശ്യമില്ല. കാരണം, ഞങ്ങൾ തൊഴിൽദാതാക്കളല്ല. ആ സമയത്ത് ഇതു വേണമെന്നൊക്കെ പറഞ്ഞതുകൊണ്ട് അങ്ങനെയൊരു സെൽ രൂപീകരിച്ചു. ഒരു പ്രശ്നം ഉണ്ടാകുമ്പോഴാണല്ലോ ഇങ്ങനെയൊരു കമ്മിറ്റിക്ക് സംസാരിക്കേണ്ടി വരുന്നത്. സംഘടന ഒരു തൊഴിൽസ്ഥലം അല്ലല്ലോ. ആർടിസ്റ്റുകളുടെ ക്ഷേമത്തിനുള്ള സംഘടനയാണ് അമ്മ. അങ്ങനെയൊരു കമ്മിറ്റിയുടെ ആവശ്യം അമ്മയ്ക്കില്ല. ഒരു പ്രൊഡക്ഷൻ ഹൗസിന് പക്ഷേ അതു വേണം.

എലോൺ, മോൺസ്റ്റർ പിന്നെ എമ്പുരാൻ

എലോൺ കാണേണ്ട സിനിമയാണ്. കമലഹാസനൊക്കെ തനിച്ച് സിനിമ ചെയ്തിട്ടുണ്ട്. പക്ഷേ, അതിൽ വേറെ ആളുകൾ ശബ്ദമായിട്ടൊക്കെ ഉണ്ടായിരുന്നു. ഇതിൽ ഞാൻ മാത്രമേ ഉള്ളൂ. അതാണ് എലോൺ എന്നുള്ളത്. വളരെ വ്യത്യസ്തമായാണ് ഷാജി കൈലാസ് ഷൂട്ട് ചെയ്തിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ സംഭവിക്കുന്ന കഥയാണ്.

മോൺസ്റ്റർ എന്ന സിനിമയും കുറച്ചു സാഹസികമായ പരീക്ഷണമാണ്. പ്രത്യേകിച്ചും അതിന്റെ കഥ. ആക്‌ഷൻ രംഗങ്ങൾ വേറിട്ടതാണ്. ആ സിനിമയും റിലീസിന് തയാറായി. ഇനി ചെയ്യാൻ പോകുന്നത് ലൂസിഫറിന്റെ ഭാഗമായുള്ള സിനിമയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമാണെന്നൊന്നും പറയാൻ പറ്റില്ല. കാരണം, അതിന്റെ സീക്വൽ ആയിട്ടില്ല ചെയ്യുന്നത്. ‘സെക്കൻഡ് ഇൻസ്റ്റോൾമെന്റ്’ എന്നാണ് മുരളി ഗോപി അതിനെക്കുറിച്ച് പറയുന്നത്. ലൂസിഫറിന്റെ മുകളിൽ നിൽക്കുന്ന ഒരു സിനിമ ആയിരിക്കണം. അതിന്റെ സ്ക്രിപ്റ്റ് ലോക്ക് ചെയ്തു. കൂടുതലും ഇന്ത്യയ്ക്ക് പുറത്താകും ആ സിനിമയുടെ ഷൂട്ട്.

രണ്ടാമൂഴം ഇനി സംഭവിക്കുമെന്ന് തോന്നുന്നില്ല. ഒരു ഘട്ടത്തിൽ അതു മാറിപ്പോയി. അതു സംഭവിച്ച പോലെയായിരുന്നു അന്ന്. എല്ലാവരും അതു കൊട്ടിഘോഷിച്ചു നടന്നു. അന്ന് അത് സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നു. പിന്നെ എല്ലാം തകിടം മറിഞ്ഞു പോയില്ലേ... കോവിഡ് വന്നു... കാര്യങ്ങൾ മാറി. ഇപ്പോൾ ഞാൻ എംടി സാറിന്റെ ഓളവും തീരവും ചെയ്തു. അതു വളരെ സന്തോഷം തരുന്നൊരു കാര്യമാണ്. ഞാൻ മധു സാറിനെ പോയി കണ്ടിരുന്നു. അന്ന് മലയാള സിനിമയിൽ ഒരുപാടു മാറ്റമുണ്ടാക്കിയ സിനിമയായിരുന്നു അത്. സെറ്റുകളിൽനിന്നു പുറത്തേക്കു വന്ന സിനിമ. ഇപ്പോഴും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ഞങ്ങൾ ഷൂട്ട് ചെയ്തത്. പ്രിയനാണ് സംവിധാനം. ക്യാമറ സന്തോഷ് ശിവൻ. അന്നത്തെ ലെൻസിങ് ഉപയോഗിച്ചായിരുന്നു ചിത്രീകരണം. പഴയ സിനിമ കാണുന്ന പോലെയുണ്ടാകും. പിന്നെ, റാം എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഓണക്കാലത്ത് യുകെയിലാണ്. കോവിഡിന്റെ സമയത്ത് ആ ഷൂട്ട് മുടങ്ങിയിരുന്നു. ഇനി 60 ദിവസത്തോളം ഇന്ത്യയിലുണ്ടാവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com