‘3 മാസം കഴിഞ്ഞ് സിജു ഷർട്ട് ഊരിയപ്പോൾ ഞാൻ കണ്ടത് വേലായുധപ്പണിക്കരെ’; മേക്കോവർ വിഡിയോ
Mail This Article
ആറാട്ടുപുഴ വേലായുധപ്പണിക്കരാകാൻ സിജു വിൽസൺ നടത്തിയ കഠിനാദ്ധ്വാനത്തിന്റെ വിഡിയോ പുറത്തുവിട്ട് സംവിധായകൻ വിനയൻ. മൂന്ന് മാസം നീണ്ടുനിന്ന യാത്രയുടെ വിവിധ ഘട്ടങ്ങൾ വിഡിയോയിലൂടെ കാണാം. കളരി, കുതിരയോട്ടം ഉൾപ്പടെയുള്ള പലതും പരിശീലിക്കേണ്ടതായി വന്നു.
‘‘പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ മലയാളത്തിൽ ഒരു പുതിയ ആക്‌ഷൻ ഹീറോ ഉദയം കൊണ്ടിരിക്കുകയാണെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. സിജുവിനും ഈ സിനിമയ്ക്കും കിട്ടിയ സ്വീകാര്യത തന്നെയാണ് മൂന്നാം വാരത്തിലും പത്തൊമ്പതാം നൂറ്റാണ്ട് നിറഞ്ഞ സദസ്സുകളിൽ എല്ലാ റിലീസ് കേന്ദ്രങ്ങളിലും ഓടുന്നത്. സിജു ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ട് വേലായുധപ്പണിക്കരെന്ന പോരാളിയായി മേക്കോവർ നടത്താൻ. ആ മേക്കോവറിന്റെ ചില ദൃശ്യങ്ങളാണ് ഈ വിഡിയോയിലൂടെ ഷെയർ ചെയ്യുന്നത്.’’–വിഡിയോ പങ്കുവച്ച് വിനയൻ കുറിച്ചു.
പത്തൊൻപതാം നൂറ്റാണ്ടിന്റെ കഥ പറഞ്ഞ സമയത്ത് സിനിമയിലെ ഏറ്റവും കഠിനമായ രംഗങ്ങളെക്കുറിച്ചാണ് സിജുവിനോട് ആദ്യം പറഞ്ഞത്. ഒരു സൂപ്പർ സ്റ്റാറിന് പോലും വർഷങ്ങളായുള്ള പരിചയം കൊണ്ട് മാത്രം ചെയ്യാൻ പറ്റുന്ന തരത്തിലുള്ളതായിരുന്നു രംഗങ്ങളെല്ലാം. ഇത് കേൾക്കുമ്പോൾ ടെൻഷനോടെ രണ്ടു സിനിമയ്ക്കു ശേഷം ചെയ്യാം എന്ന് സിജു പറയും എന്നാണ് കരുതിയത്. എന്നാൽ സിജുവിന്റെ കണ്ണിൽ എക്സൈറ്റ്മെന്റ് കണ്ടു. സിജു പറഞ്ഞത്, ‘‘സർ ഈ കഥാപാത്രം എനിക്ക് തരികയാണെങ്കിൽ ചലഞ്ചായി എറ്റെടുത്ത് ഞാൻ ചെയ്യും’’ എന്നാണ്.- വിനയൻ വിഡിയോയിൽ പറയുന്നു.
സിജുവിന് പരിശീലനം നൽകിയ ട്രെയിനർമാരുടെ വാക്കുകളിലൂടെയാണ് വിഡിയോ പോകുന്നത്. വേലായുധ പണിക്കരാവാൻ സിജു എത്രത്തോളം കഷ്ടപ്പെട്ടെന്ന് ഇതിൽ നിന്നു മനസ്സിലാകും. ആദ്യം കളരി പരിശീലനമായിരുന്നു. മുട്ടു മടക്കി നിലത്തിരിക്കാൻ സിജുവിന് ബുദ്ധിമുട്ടായിരുന്നു എന്നാണ് പരിശീലകന്റെ വാക്കുകൾ. അതിൽ നിന്നാണ് കഠിനാധ്വാനത്തിലൂടെ മെയ് വഴക്കമുള്ള പോരാളിയായി താരം മാറിയത്. ദിവസം ഏഴു മണിക്കൂറോളം ജിമ്മിൽ ചെലവഴിക്കുമായിരുന്നു. അതിനുശേഷമാണ് കുതിരയോട്ടം പരിശീലിച്ചത്. മൂന്നു മാസത്തെ കഠിന പരിശീലനത്തിനു ശേഷം സിജു വന്ന് ഷർട്ട് ഊരി കാണിച്ചപ്പോൾ താൻ ഒരു പോരാളിയെ ആണ് കണ്ടതെന്നാണ് വിനയൻ പറഞ്ഞത്. വേലായുധ പണിക്കരെ തനിക്കു തന്നതിനു നന്ദി പറഞ്ഞുകൊണ്ട് സിജു വിഡിയോയ്ക്ക് കമന്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ദിവസവും രാവിലെ അഞ്ചിന് തുടങ്ങി രാത്രി എട്ടുവരെ നീളുന്ന കൃത്യമായ ചിട്ടയ്ക്കുശേഷമാണ് സിജു നായകകഥാപാത്രമായി മാറിയത്. രാവിലെ 6 മുതല്‍ 9 വരെ കളരിപഠനം. കൊച്ചി ഇടപ്പള്ളിയിലെ സുമുഖ നൃത്ത, ആയോധന കലാകേന്ദ്രത്തിലായിരുന്നു പരിശീലനം. ജിൻസെൻ ജോസും സൗമ്യതയും ചേര്‍ന്നു നടത്തുന്ന ഈ സ്ഥാപനത്തിലെ ബെന്നിയായിരുന്നു കളരിയാശാന്‍. പരിശീലനത്തിനുശേഷം അവര്‍തന്നെ നല്‍കുന്ന ഭക്ഷണത്തിനുശേഷം 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ കളമശേരിയിലേ ജിമ്മിലെ വര്‍ക്ക് ഔട്ട്. മുകുന്ദനും ജയറാമും ഷിഫാസും അടക്കമുള്ളവരാണ് മസില്‍ പെരുപ്പിക്കാന്‍ കൂട്ടായത്. ഉച്ചയ്ക്ക് വീട്ടിലെത്തി ചെറിയൊരു മയക്കത്തിനുശേഷം വൈകിട്ട് 4 മുതല്‍ 7വരെ കുതിരസവാരി പരിശീലനം.ആദ്യം പള്ളുരുത്തി ബ്ലാക്ക് സ്റ്റാലിയന്‍ എന്ന സ്ഥാപനത്തിലായിരുന്നു. പിന്നീട് മനയ്ക്കപ്പടിയിലെ വിന്റേജ് ഹോഴ്സ് റൈഡിങ് എന്ന കേന്ദ്രത്തില്‍. ഇവിടത്തെ ബെന്‍ എന്ന കുതിരയെയാണ് സിനിമയില്‍ ഭൂരിഭാഗം സമയവും ഉപയോഗിച്ചിരിക്കുന്നത്. ഭക്ഷണകാര്യത്തിലടക്കം ഇങ്ങനെ കൃത്യമായ ടൈംടേബിളിലൂടെ നീങ്ങുമ്പോഴാണ് കോവിഡ് പിടിപെടുന്നത്. അതോടെ ഒന്നരമാസം വിശ്രമം. അതുകഴിഞ്ഞപ്പോള്‍ ശരീരം പഴയ അവസ്ഥയിലായി. പിന്നെ ഇരട്ടി ശ്രമിച്ചാണ് വേലായുധപ്പണിക്കരുടെ രൂപത്തിലേക്കു ശരീരത്തെ മാറ്റിയെടുത്തത്.