വ്യക്തിപരമായ ചോദ്യങ്ങൾ അലോസരപ്പെടുത്തും: ശ്രീനാഥ് ഭാസി
Mail This Article
അഭിമുഖങ്ങളിൽ എന്തു ചോദിക്കണമെന്നും എന്തു പറയണമെന്നുമുള്ള ചർച്ചകൾ നടക്കുകയാണ്. ഇങ്ങനെയൊക്കെ ചോദിക്കാമോ, ഇനി ചോദിച്ചാലും ദേഷ്യം വന്നാലും ചീത്ത പറയാമോ എന്നൊക്കെയുള്ള തർക്കങ്ങൾ. അമ്മയെ തല്ലിയാലും രണ്ടുപക്ഷം എന്നു പറയുന്നതുപോലെ അസഭ്യം പറഞ്ഞയാളെയും ചോദ്യം ചോദിച്ച ആളെയും അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ നിറയുകയാണ്. പ്രസ്തുത സംഭവം നടക്കുന്ന ദിവസം ശ്രീനാഥ് ഭാസി മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ, സിനിമയ്ക്കു പുറത്തുനിന്നുള്ള വ്യക്തിപരമായ ചില ചോദ്യങ്ങൾ അലോസരപ്പെടുത്തുന്നവയാണെന്ന് തുറന്നുപറഞ്ഞിരുന്നു.
‘‘പണിയെടുക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന് എനിക്കു മനസ്സിലാവും. ഞാനും ഇതേ ജോലി ചെയ്തിരുന്നതാണ്. അപ്പുറത്തിരുന്ന് ചോദ്യങ്ങൾ ഞാനും ചോദിക്കുമായിരുന്നു. കുറച്ചുകൂടി റിസർച്ച് ചെയ്ത്, ഒരാളെക്കുറിച്ച് അറിഞ്ഞ്, ചോദിക്കാനുള്ളത് ചോദിച്ചാൽ രസമുണ്ടാവും. മറ്റേത് വെറുതെ ചോദിക്കുകയാണ്. വേറെ ആരെങ്കിലും ചോദിച്ചതൊക്കെ ചോദിക്കുക, അത്രയൊക്കെയുള്ളൂ. അതുകൊണ്ട് പേടിയാണ് അഭിമുഖം കൊടുക്കാൻ. ആൾക്കാർക്കു വേറെ പ്രശ്നങ്ങളാണ്, അവന്റെ ഇംഗ്ലിഷ്, അവന്റെ മലയാളം എന്നൊക്കെ. അതുകൊണ്ട് പേടിയാണ്.
നമ്മുടെ സിനിമ മാത്രം കണ്ടാൽ മതി, ഒരു സൈഡിൽ കൂടി ജീവിച്ചുപൊക്കോട്ടെ എന്നാണ് എനിക്ക് പറയുവാനുള്ളത്. നല്ല കാര്യങ്ങൾ സിനിമയെക്കുറിച്ച് ചോദിച്ചാൽ നല്ലതാണ്. ഇപ്പോൾ ചോദ്യം ചോദിക്കുന്ന ആളുകൾ ലേബൽ ചെയ്താണ് തുടങ്ങുന്നതുതന്നെ. ഭാസി അങ്ങനത്തെ റോളുകൾ ചെയ്തിരുന്നു, ഭാസി ഇപ്പോൾ ഇങ്ങനെ ചെയ്യുന്നു, ഭാസിക്കെന്തു തോന്നുന്നു എന്നൊക്കെ. സത്യം പറഞ്ഞാൽ ഇതൊക്കെ കേൾക്കുമ്പോൾ ഭാസിക്ക് അത്ര നല്ലതു തോന്നുന്നില്ല.
പല തരത്തിലുള്ള കഥാപാത്രങ്ങളും ഞാൻ നേരത്തേ ചെയ്തിട്ടുണ്ട്. ഇതൊന്നും ചെയ്യാതിരുന്നിട്ടുമില്ല. മാത്രമല്ല ഈ കഥാപാത്രങ്ങളൊന്നും ഞാൻ തനിയെ തിരഞ്ഞെടുക്കുന്നവയല്ല. ദൈവാനുഗ്രഹം കൊണ്ടും മറ്റുള്ളവർ എന്നെക്കുറിച്ച് ആലോചിക്കുന്നതുകൊണ്ടും സംഭവിക്കുന്നതാണ്.’’ –ശ്രീനാഥ് ഭാസി പറയുന്നു.