ട്രോളുകൾ കാണുമ്പോള്‍ ഹൃദയം തകരുന്നു, ടീസർ മൊബൈലിൽ കണ്ടതിന്റെ പ്രശ്നം: സംവിധായകൻ
Mail This Article
ആദിപുരുഷ് ടീസറിനെതിരെയുള്ള ട്രോളുകളും വിമർശനങ്ങളും കാണുമ്പോൾ ഹൃദയം തകരുന്നുവെന്ന് സംവിധായകൻ ഓം റൗട്ട്. ‘‘എന്റെ ഹൃദയം തകരുന്നതുപോലെ. പക്ഷേ ആശ്ചര്യമില്ല. ഈ സിനിമ വലിയ സ്കെയിലിൽ തിയറ്ററിനുവേണ്ടി ഉണ്ടാക്കിയിരിക്കുന്നതാണ്. മൊബൈല്‍ ഫോണില്‍ കാണുമ്പോള്‍ പൂര്‍ണതയില്‍ എത്തുകയില്ല. 3 ഡിയില്‍ കാണുമ്പോള്‍ അത് മനസ്സിലാകും.
എനിക്ക് നിയന്ത്രിക്കാനാകാത്ത അന്തരീക്ഷമാണത്. ഒരു ചോയ്‌സ് നൽകിയിരുന്നുവെങ്കിൽ, ഞാൻ അത് ഒരിക്കലും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യില്ലായിരുന്നു. പക്ഷേ അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ലോകത്തെ പല ഭാഗങ്ങളിലുമുളള പ്രേക്ഷകരിലേക്ക് എത്തുന്നതിന് ഞങ്ങൾക്ക് അത് റിലീസ് ചെയ്യുകയെന്നത് ഒഴിവാക്കാൻ പറ്റാത്തതായിരുന്നു.
പ്രായമുള്ള ആളുകളും സിനിമ തിയറ്റർ ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലുള്ളവരും ഇന്ന് തിയറ്ററുകളിൽ എത്താറില്ല. അവരെ കൂടി തിയറ്ററുകളിൽ എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. കാരണം ഇത് രാമായണ കഥയാണ്. അതുകൊണ്ടുതന്നെ വിമർശനങ്ങളില്‍ തളരില്ല. ഇത് ചെറിയ സ്ക്രീനിനു വേണ്ടി എടുത്ത സിനിമയല്ല.’’ –ഓം റൗട്ട് വ്യക്തമാക്കി.
പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഫാന്റസി 3ഡി ചിത്രമാണ് ആദിപുരുഷ്. സിനിമയുടെ ടീസറിന് മോശം പ്രതികരണമാണ് പ്രേക്ഷകരിൽനിന്നു ലഭിച്ചത്. 500 കോടി രൂപ ചെലവിൽ ഒരുക്കുന്ന ആദിപുരുഷിന്റെ വിഎഫ്എക്സ് ആണ് ആരാധകരെ നിരാശപ്പെടുത്തിയത്. കുട്ടികൾക്കായുള്ള സീരിയലുകൾക്കുപോലും ഇതിലും നിലവാരമുണ്ടെന്നാണ് വിമർശകരുടെ പ്രതികരണങ്ങൾ.
താനാജിക്കു ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം രാമ–രാവണ പോരാട്ടത്തിന്റെ കഥയാണ്. രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേയും അഭിനയിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിർമാണച്ചെലവിൽ 250 കോടിയും വിഎഫ്എക്സിനു വേണ്ടിയാണ്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം. ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമാതാവ് ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്. ചിത്രം അടുത്തവർഷം ജനുവരിയിൽ തിയറ്ററുകളിലെത്തും.