ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ്സിൽ മികച്ച നടനായി ഗുരു സോമസുന്ദരം
Mail This Article
ഹോളിവുഡ് സൂപ്പർ ഹീറോ സിനിമകൾ കണ്ട് കൊതിച്ചിരുന്ന മലയാളികള്‍ക്ക് മുന്നിൽ മലയാളികളുടെ സ്വന്തം സൂപ്പർ ഹീറോ ചിത്രമായി അവതരിച്ച മിന്നൽ മുരളിക്ക് വീണ്ടും ഒരു അഭിമാന നേട്ടം. സിനിമയിൽ ഷിബു എന്ന കഥാപാത്രമായി സിനിമാപ്രേമികളുടെ മനസ്സിൽ ഇടം നേടിയ നടൻ ഗുരു സോമസുന്ദരത്തിന് ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ്സിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരിക്കുകയാണ്. 12 രാജ്യങ്ങളിൽ നിന്നുള്ള മികച്ച താരങ്ങളിലൊരാളായാണ് ഗുരുവിനെ തിരഞ്ഞെടുത്തത്. മിന്നൽ മുരളി സംവിധാനം ചെയ്ത ബേസിൽ ജോസഫിന് മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി പുരസ്കാരവും ലഭിച്ചു. മികച്ച വിഷ്വൽ എഫക്ട്സിനുള്ള ഫീച്ചർ ഫിലിമിനുള്ള പുരസ്കാരവും മിന്നൽ മുരളിക്കാണ് ലഭിച്ചിരിക്കുന്നത്.
ഏഷ്യ–പസഫിക് റീജിയണിലെ 16 രാജ്യങ്ങളിൽ നിന്നുമുള്ള സിനിമകളും ടെലിവിഷൻ പരമ്പരകളും പരിഗണിച്ചതിൽ നിന്നാണ് ഇന്ത്യയിൽ നിന്നും മിന്നൽ മുരളി ഈ അഭിമാന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സംസ്ഥാന ചലച്ചിത്ര അവാർഡ്, സൈമ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇതിനകം മിന്നൽ മുരളി ടീം സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. അതിന് പിന്നാലെയാണിപ്പോൾ വീണ്ടും അംഗീകാരം തേടിയെത്തിയിരിക്കുന്നത്.
2011- മുതൽ സിനിമാലോകത്ത് സജീവമായുള്ളയാളാണ് ഗുരു സോമസുന്ദരം. ആരണ്യകാണ്ഡം എന്ന തമിഴ് ചിത്രമായിരുന്നു ആദ്യമായി അഭിനയിച്ചത്. ജിഗർതണ്ട, ജോക്കർ തുടങ്ങിയ സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായി. 2015-ൽ കോഹിനൂർ എന്ന മലയാളം സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മിന്നൽ മുരളിയിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവനായി മാറിയ അദ്ദേഹം ചട്ടമ്പി എന്ന സിനിമയിലും അഭിനയിച്ചിരുന്നു. നാലാം മുറ, ചേര, കാപ്പ, ഇന്ദിര, നീരജ തുടങ്ങിയ മലയാളം സിനിമകളും ഗുരു സോമസുന്ദരം അഭിനയിച്ച് പുറത്തിറങ്ങാനാനിരിക്കുന്നു.