ADVERTISEMENT

തമിഴ് സിനിമയിലെ ഹീറോയിസത്തെ പൊളിച്ചെഴുതിയ സിനിമയായ ജയ് ഭീമിന് അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ നിർമാതാവ് കൂടിയായ നടി ജ്യോതിക. മികച്ച തമിഴ് ചിത്രത്തിനുള്ള ഫിലിം ഫെയർ അവാർഡ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ.

‘‘ജയ് ഭീം ഈ അവാർഡ് അർഹിക്കുന്നു എന്ന് ഞാൻ വളരെ അഭിമാനത്തോടെ പറയുന്നു. നല്ല സിനിമ ആയതുകൊണ്ടു മാത്രമല്ല തമിഴ് സിനിമയിലെ ഒരുപാട് ക്ലീഷേകൾ പൊളിച്ച സിനിമകൂടിയാണ് ജയ് ഭീം. ദീപാവലി ദിവസമാണ് ഈ സിനിമ റിലീസ് ചെയ്തത്. ഒരു ഉത്സവ ദിവസം ജയ് ഭീം പോലെ ഒരു സീരിയസ് സിനിമ കാണാൻ പ്രേക്ഷകർ തയാറാകുമോ എന്ന കാര്യത്തിൽ നിർമാതാക്കളായ ഞങ്ങൾ വളരെ ആശങ്കാകുലരായിരുന്നു. പക്ഷേ ഞങ്ങൾക്ക് തെറ്റിപ്പോയി എന്ന് പ്രേക്ഷകർ തെളിയിച്ചു. അവർ ഈ സിനിമ ഒരു ആഘോഷമാക്കുക തന്നെ ചെയ്തു. ഇത്തരമൊരു അതിശയകരമായ പ്രതികരണം ഈ ചിത്രത്തിനു തന്ന തമിഴ് നാട്ടിലെയും ഈ രാജ്യത്തെയും ചെറുപ്പക്കാരോട് ഞങ്ങൾ നന്ദി പറയാൻ ആഗ്രഹിക്കുന്നു.

ദക്ഷിണേന്ത്യയിലും ഇന്ത്യൻ സിനിമ ഒട്ടാകെയുമുള്ള ഹീറോയിസം എന്ന ക്ലീഷേ തകർത്തു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. എല്ലാവരും ആരാധിക്കുന്ന ഒരു നായകൻ പാട്ടുപാടി നൃത്തം ചെയ്യണം, പ്രണയിക്കണം ഇതൊക്കെയാണ് ഹീറോയിസം എന്നാണു പൊതുവെയുള്ള ധാരണ. പക്ഷേ നമ്മുടെ സംവിധായകൻ ജ്ഞാനവേൽ ആ ചട്ടമെല്ലാം കാറ്റിൽ പറത്തി. ഇതൊന്നുമല്ല ഹീറോയിസം എന്ന് അദ്ദേഹം തെളിയിച്ചു. സൂര്യ അദ്ദേഹത്തിന്റെ പുരികം പൊക്കിക്കൊണ്ട് ആ ചെറിയ പെൺകുട്ടിയോട് ‘നിനക്ക് ഇഷ്ടമുള്ളത്രയും പഠിക്കാം’ എന്ന് പറഞ്ഞതാണ് എന്നെ സംബന്ധിച്ച് ഹീറോയിസം.

സ്ക്രിപ്റ്റിൽ ഉള്ളതുപോലെ തന്നെ, ചിത്രത്തിലെ നായികയെ ആധാരമാക്കി കഥ പറഞ്ഞു എന്നുള്ളതാണ് ഞാൻ കണ്ട മറ്റൊരു ഹീറോയിസം. സിനിമയുടെ നന്മയ്ക്ക് വേണ്ടി നമ്മൾ ഹീറോയിസത്തെ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് എനിക്ക് പറയാനുള്ളത്. ജനപ്രീതിയുള്ള ഒരു നായകനെത്തന്നെ കാസ്റ്റ് ചെയ്തുകൊണ്ട് തമിഴ് സിനിമയിലെ ഹീറോയിസത്തെ ആകെ പൊളിച്ചെഴുതിയ നമ്മുടെ സംവിധായകൻ ജ്ഞാനവേലിനോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്. വജ്രം എങ്ങനെയിരുന്നാലും പരിശുദ്ധമായിരിക്കും എന്ന് അദ്ദേഹം തെളിയിച്ചു.’’–ജ്യോതിക പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com