നരബലിയിലും ഷാരോണ്‍ വധത്തിലും ഗവർണര്‍ ഇടപെടണം: അല്‍ഫോൻസ് പുത്രന്‍
Mail This Article
അന്ധവിശ്വാസ കൊലപാതകങ്ങളില്‍ കുറ്റക്കാർക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ഗവര്‍ണര്‍ക്ക് ഇക്കാര്യത്തില്‍ അധികാരമുണ്ടെന്നും ഈ കേസുകളിൽ നടപടികള്‍ എത്രയും വേഗത്തിൽ സ്വീകരിക്കാന്‍ അഭ്യർഥിക്കുകയാണെന്നും അല്‍ഫോന്‍സ് പുത്രന്‍ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പാറശാലയില്‍ ഷാരോണ്‍ എന്ന യുവാവിനെ പെണ്‍സുഹൃത്ത് ഗ്രീഷ്മ വിഷം നല്‍കി കൊന്നത് അന്ധവിശ്വാസത്തിന്റെ ഭാഗമാണെന്ന വിവരത്തിന് പിന്നാലെയാണ് സംവിധായകന്റെ പ്രതികരണം.
‘‘ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍, നീതീകരിക്കാനാവാത്ത രണ്ട് അന്ധവിശ്വാസ കൊലപാതക കേസുകളില്‍ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യർഥിക്കുന്നു. ഇന്ന് സ്ഥിരീകരിച്ച ഷാരോണ്‍ വധകേസിലും നരബലി കേസിലും. രണ്ടും ആസൂത്രിത കൊലപാതകങ്ങളാണെന്ന് പൊലീസ് പറയുന്നു.
ആര്‍ട്ടിക്കിള്‍ 161ല്‍ പറയുന്നത് ഗവര്‍ണറുടെ അധികാരത്തെക്കുറിച്ചാണ്. ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ക്ക് മാപ്പ് നല്‍കാനോ, ശിക്ഷയില്‍ ഇളവ് നല്‍കാനോ അല്ലെങ്കില്‍ സസ്‌പെന്‍ഡ് ചെയ്യാനോ ഒഴിവാക്കാനോ ഇളവ് നല്‍കാനോ അധികാരമുണ്ട്. സാധാരണയായി എന്തെങ്കിലും ഒക്കെ നടന്നുകാണാൻ ആളുകൾ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. ബഹുമാനപ്പെട്ട ഗവര്‍ണര്‍, ഇവിടെ ഞാൻ പരേതരായ ആത്മാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടി അങ്ങയോട് പ്രാർഥിക്കുകയും അപേക്ഷിക്കുകയുമാണ്.’’–അൽഫോൻസ് പുത്രൻ പറയുന്നു.