മോഹൻലാലിനെ ഇപ്പോഴും ഞാൻ വിളിക്കുന്നത് ചേട്ടച്ഛനെന്ന്: ഡോ.വിന്ദുജ മേനോൻ പറയുന്നു
Mail This Article
പവിത്രത്തിലെ മീനാക്ഷിക്ക് കഥയിലെ നായകൻ ഇപ്പോഴും ചേട്ടച്ഛനാണ്. പി.ബാലചന്ദ്രൻ തിരക്കഥയെഴുതി, ടി.കെ.രാജീവ്കുമാർ സംവിധാനം ചെയ്ത സിനിമ റിലീസ് ചെയ്തിട്ട് 28 വർഷമായി. പക്ഷേ, മീനാക്ഷിയായി അഭിനയിച്ച വിന്ദുജാ മേനോന്റെ മനസ്സിൽനിന്ന് ഇപ്പോഴും ആ കഥാപാത്രം ഇറങ്ങിപ്പോയിട്ടില്ല.
പവിത്രത്തിൽ അഭിനയിക്കുമ്പോൾ മോഹൻലാൽ എന്ന നടനവൈഭവത്തിനു മുന്നിൽ പകച്ചുനിന്നിട്ടുള്ള കൗമാരക്കാരിക്ക് അദ്ദേഹം ഇപ്പോഴും സിനിമയിലെ പ്രിയപ്പെട്ട ‘ചേട്ടച്ഛൻ’ തന്നെ. മോഹൻലാലിനെ നേരിൽ കാണുമ്പോഴും ഫോണിൽ സംസാരിക്കുമ്പോഴുമൊക്കെ ചേട്ടച്ഛൻ എന്നാണു വിളിക്കാറുള്ളതെന്നു നർത്തകിയും സംഗീതജ്ഞയുമായ ഡോ.വിന്ദുജ മേനോൻ വെളിപ്പെടുത്തുന്നു.
∙പ്രിയദർശൻ സംവിധാനം ചെയ്ത ഒന്നാനാംകുന്നിൽ ഓരടിക്കുന്നിൽ എന്ന സിനിമയിൽ ബാലതാരമായി അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുമ്പോൾ വിന്ദുജയ്ക്ക് 5 വയസ്സ്. പത്മരാജൻ സംവിധാനം ചെയ്ത നൊമ്പരത്തിപ്പൂവ്, ഞാൻ ഗന്ധർവൻ എന്നീ സിനിമകൾക്കും ശേഷമാണു 1994ൽ റിലീസ് ചെയ്ത പവിത്രത്തിൽ അഭിനയിക്കുന്നത്. ഇതിനു ശേഷം ഒട്ടേറെ സിനിമകളിൽ നായികയായി. എണ്ണിപ്പറഞ്ഞാൽ, നായികയായും അല്ലാതെയും 29 സിനിമകളിൽ അഭിനയിച്ചു. ‘ആക്‌ഷൻ ഹീറോ ബൈജു’ ആണ് ഏറ്റവും ഒടുവിൽ അഭിനയിച്ച സിനിമ.
∙എന്നിട്ടുമെന്തേ പവിത്രത്തിലെ കഥാപാത്രത്തെ മനസ്സിൽനിന്ന് ഇറക്കിവിടാത്തതെന്നു ചോദ്യത്തോടു വിന്ദുജ പറയുന്നു: കാലഹരണപ്പെടാത്ത സിനിമയാണു പവിത്രം. അതിനെ വെല്ലുന്നൊരു സിനിമ പിന്നീടെന്നെ തേടിവന്നിട്ടില്ല. ഇപ്പോഴും നേരിൽ കാണുന്നവർക്കൊക്കെയും ഞാൻ പവിത്രത്തിലെ മീനാക്ഷിയാണ്. അപൂർവം ചിലർ, സീരിയൽ കഥാപാത്രങ്ങളുടെ പേരു പറഞ്ഞു പരിചയപ്പെടുമ്പോൾ മനസ്സിൽ സന്തോഷിക്കാറുണ്ട്. കോവിഡ്കാലത്ത് മലേഷ്യയിൽനിന്നു നാട്ടിലെത്തിയ ശേഷം മടക്കയാത്ര വൈകി വീട്ടിൽ കഴിഞ്ഞിരുന്ന 9 മാസങ്ങൾക്കിടെ 12 സിനിമകളുടെ കഥകൾ കേട്ടു. അവയൊന്നും അഭിനയിക്കണമെന്ന തോന്നലുണ്ടാക്കിയില്ല. എനിക്കു വേണ്ടി കഥയെഴുതണം എന്നല്ല, എനിക്കു തോന്നുന്നതുപോലൊരു കഥാപാത്രത്തിനുമല്ല. കഥ കേൾക്കുമ്പോൾ എന്നെ മോഹിപ്പിക്കുന്ന വേഷത്തിനായാണു കാത്തിരിക്കുന്നത്.
∙ മകൾ നേഹ രാജേഷ് സിനിമയിലേക്കു വരുന്നുണ്ടെന്നു കേൾക്കുന്നുണ്ടല്ലോ?
‘നേഹ ഓസ്ട്രേലിയയിൽ അർക്കിടെക്ച്വറൽ ഡിസൈൻ കോഴ്സിൽ രണ്ടാംവർഷ വിദ്യാർഥിയാണ്. 3 സിനിമകളിലേക്ക് വിളിച്ചിരുന്നു. ഒരു കഥ ഞാൻ നല്ല താൽപര്യത്തോടെ കേട്ടു. പക്ഷേ, പഠനം മുടക്കി സിനിമയിലേക്ക് വിടുന്നതിനോടു യോജിക്കുന്നില്ല. അവധിക്കാലത്താണെങ്കിൽ നോക്കാമെന്നു പറഞ്ഞിട്ടുണ്ട്. അവനവന് ഇഷ്ടമുള്ള കാര്യം പഠനത്തോടൊപ്പം കൊണ്ടുപോകാമെന്നാണ് എന്റെ അമ്മ എന്നെയും പഠിപ്പിച്ചത്. അതുകൊണ്ടാണ് എനിക്ക് ബിരുദവും, സംഗീതത്തിലും നൃത്തത്തിലും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റുമൊക്കെ നേടാനായത്’.