ദുഃഖ വ്യാഴവും, ടോഡി പാർലറും
Mail This Article
ദുഃഖ വ്യാഴാഴ്ചയെന്ന് കേൾക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം തെളിഞ്ഞുവരുന്നത് ഒരു മാസക്കാലത്തെ മത്സ്യമാംസം ഉപേക്ഷിച്ചുള്ള നോൻപുകാലവും, ദുഃഖവെള്ളിയും, യേശുവിന്റെ കുരിശുമരണവും ഉയർപ്പും, ഈസ്റ്റർ ദിനത്തിൽ എല്ലാവരും കൂടിയിരുന്നു നോൺവെജോടു കൂടിയുള്ള വിഭവസമൃദ്ധമായ സദ്യയുമൊക്കെയാണ്. അതൊടൊപ്പം തന്നെ അനുബന്ധമായി ദുഃഖ വ്യാഴാഴ്ച ദിവസം നടന്ന മറ്റൊരു ഓർമചിത്രവും കൂടി എന്നിലേക്ക് കടന്നു വരാറുണ്ട്. അധികമാരും അറിയാത്ത നീണ്ട നാൽപത്തിയാറു വർഷം മുൻപു നടന്ന ആ അനുഭവസാക്ഷ്യമാണ് ഇക്കുറി ഞാൻ എന്റെ ഈ കോളത്തിൽ കുറിക്കുന്നത്.
എന്റെ യൗവനത്തിന്റെ മധ്യവേനൽക്കാലത്തുള്ള ഒരു ദുഃഖ വ്യാഴാഴ്ച. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടു കൂടിയാണ് ഞങ്ങളുടെ പള്ളിയിലെ ചടങ്ങുകൾ ആരംഭിക്കുന്നത്. അമ്മയും, ഞാനും സഹോദരിമാരും കൂടിയാണ് ഉച്ചകഴിഞ്ഞ് പള്ളിയിൽ പോകുന്നത്. അപ്പോഴാണ് ഞങ്ങളുടെ ചിത്രപൗർണമി വാരിക പ്രിന്റ് ചെയ്യുന്ന പ്രസിൽ നിന്നും ഒരു വിളി വരുന്നത്. ചിത്രപൗർണമിയുടെ ആറു പേജ് പ്രൂഫ് റെഡിയായിട്ടുണ്ട് അത് ഉടനെ നോക്കിത്തരണം.അല്ലെങ്കിൽ നാളെ കഴിഞ്ഞ് വാരിക ഇറക്കാൻ സാധിക്കാതെ വരും എന്ന ഒരു അർജന്റ് ദൂതായിരുന്നു അത്. അക്കാലത്ത് സത്യക്രിസ്ത്യാനികളാരും ദുഃഖവ്യാഴവും ദുഃഖവെള്ളിയും ഒരു ജോലിക്കും പോകാറില്ല. ഉടനെ പ്രൂഫ് നോക്കിക്കൊടുത്തില്ലെങ്കിൽ വാരികയിറക്കാൻ വൈകുമെന്ന് കേട്ടപ്പോൾ ഞാൻ ഉടനെ കിത്തോയെ വിളിച്ചു വിവരം പറഞ്ഞു.
"ഇന്ന് ദുഃഖ വ്യാഴാഴ്ചയല്ലേടോ, ഇന്ന് പുറത്തുപോയാൽ വീട്ടിലാകെ പ്രശ്നമാകും." കിത്തോ ആശങ്ക പ്രകടിപ്പിച്ചു.
നമുക്ക് വേഗം പ്രൂഫ് നോക്കി കൊടുത്തിട്ട് ഉച്ചയാകുമ്പോൾ തിരിച്ചെത്താമെന്നും പറഞ്ഞ് ഞാൻ കിത്തോയുമായി ഞങ്ങളുടെ ഓഫിസിലെത്തി. അപ്പോൾ പ്രസ്സിലെ പയ്യൻ പ്രൂഫുമായി ഓഫിസിന്റെ മുൻപിൽ ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
ഞാൻ പ്രൂഫ് നോക്കാൻ തുടങ്ങി.
‘‘ഒത്തിരി ഉണ്ടല്ലോടോ. താൻ വേഗം നോക്ക്. മൂന്നു മണിക്ക് എനിക്ക് പള്ളിയിൽ പോകാനുള്ളതാണ് കാൽ കഴുകൽ ശുശ്രൂഷയ്ക്ക് ഞാൻ പേരു കൊടുത്തിട്ടുണ്ട്.’’
കിത്തോ എന്നിൽ വേഗം കൂട്ടി. പുറത്തെ വേനൽ ചൂടിന്റെ ഉഷ്ണക്കാറ്റ് ജനലിലൂടെ കടന്നു വന്ന് ഞങ്ങളെ തഴുകിക്കൊണ്ടിരിക്കുന്നുണ്ട്.
അപ്പോൾ ഏകദേശം പതിനൊന്നു മണിയായിക്കാനും. പെട്ടെന്നാണ് കറുത്ത കൂളിങ് ഗ്ലാസ്സും വച്ച് ഇളം റോസ് നിറത്തിലുള്ള ഒരു സ്ലാക്ക് ഷർട്ടുമിട്ടുകൊണ്ട് സിനിമാനടൻ എൻ. ഗോവിന്ദൻ കുട്ടി ഓഫിസിലേക്ക് കടന്നു വരുന്നത് ഞാൻ കണ്ടത്. ഞാൻ ഗോവിന്ദൻ കുട്ടിയെ സിനിമയിൽ കണ്ടിട്ടുള്ളതല്ലാതെ നേരിൽ കാണുന്നത് ആദ്യമായിട്ടാണ്.നല്ല വെളുത്ത് ചൊക ചൊകാന്നിരിക്കുന്നു മലയാള സിനിമയിലെ സുന്ദര വില്ലനെ കണ്ടപ്പോൾ എന്തുകൊണ്ടാണ് ഇദ്ദേഹത്തിന് ആരും നായകവേഷം കൊടുക്കാത്തതെന്ന് എന്റെ മനസ്സ് പറയുകയും ചെയ്തു. കിത്തോയെക്കൊണ്ട് ഏതോ ഒരു നാടകത്തിന്റെ ഡിസൈൻ ചെയ്യാൻ വന്നപ്പോഴുണ്ടായ പരിചയമാണ് അവർ തമ്മിലുള്ളത്.
കിത്തോയെ കണ്ടപ്പോൾ ആമുഖം എന്ന വണ്ണം അദ്ദേഹം ആദ്യം പറഞ്ഞതിങ്ങനെയാണ്.
"ങാ കിത്തോ, ഞാൻ കുടുംബസമേതം താമസം ഇപ്പോൾ എറണാകുളത്തേക്ക് മാറ്റിയിരിക്കുകയാണ്. എളമക്കര താണിക്കലിൽ."
അതുകേട്ട് ഞാൻ ചിരിക്കുന്നത് കണ്ടപ്പോൾ കിത്തോ പറഞ്ഞു.
‘‘കലൂർ ഡെന്നിസിനെ അറിയാമല്ലോ അല്ലേ?’’
‘‘പിന്നെ, ഡെന്നിസിന്റെ ആനുകാലികങ്ങളിലെ കഥയും നോവലുമൊക്കെ ഞാൻ ശ്രദ്ധിക്കാറുണ്ട്. എന്നാൽ മുഖാമുഖം ഇപ്പോഴാണ് കാണുന്നത്. "
എന്നുപറഞ്ഞുകൊണ്ട് അദ്ദേഹം കിത്തോയ്ക്ക് അഭിമുഖമായിരുന്നു.
പിന്നെ കൊച്ചു കൊച്ചു സിനിമാ വിശേഷങ്ങളിലൂടെ സത്യനും നസീറും മധുവും ജയനും ഷീലയും ശാരദയും ജയഭാരതിയുമൊക്കെ സംസാരത്തിലേക്കു കടന്നു വന്നു. അദ്ദേഹവും ഈ താരപ്രമുഖരുമായുള്ള അനുഭവങ്ങളൊക്കെ കേട്ടപ്പോൾ എന്റെ പ്രൂഫ് നോക്കലിന് പെട്ടെന്ന് ബ്രേക്ക് വന്നു. പിന്നെ അദ്ദേഹം സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ പ്രൂഫ് നോക്കുന്നതും ശരിയല്ലല്ലോ. ഞാനൊന്നും ഒരിക്കലും അറിയാത്ത സിനിമാക്കഥകളൊക്കെ അറിയാനുള്ള ജിജ്ഞാസയിൽ ഞാൻ ഉടനെ തന്നെ പ്രസിൽ വിളിച്ചു പറഞ്ഞു.
‘‘ഇന്ന് പ്രൂഫ് നോക്കി തീരില്ല. ഇനി നാളെകഴിഞ്ഞ് ശനിയാഴ്ച നോക്കാം. ഈയാഴ്ച ഈസ്റ്ററിന്റെ പേരിൽ രണ്ടു ദിവസം വൈകിയാലും കുഴപ്പമില്ല.’’
ഇതിനിടയിൽ മേശപ്പുറത്തു കിടന്നിരുന്ന ഇന്നലത്തെ മനോരമ പത്രത്തിലെ ‘ടോഡി പാർലറി’ന്റെ പരസ്യം കണ്ടപ്പോൾ അദ്ദേഹം അത് എടുത്തു നോക്കിയിട്ടു പറഞ്ഞു.
"കിത്തോ ടോഡി പാർലറിൽ പോയിട്ടുണ്ടോ’. നല്ല ബെസ്റ്റ് മധുരക്കള്ളു കിട്ടുന്ന ആധുനിക രീതിയിൽ ആരംഭിച്ചിട്ടുള്ള ഒരു പുതിയ പാനീയ ഷോപ്പാണ്. രണ്ടു ദിവസം മുൻപ് ഞാൻ അവിടെ പോയിരുന്നു. "
ഷാപ്പിനു പകരം ഷോപ്പെന്ന് മോഡേൺ വൽക്കരിച്ചു പറയുന്നത് കേട്ടപ്പോൾ എന്റെയുള്ളിൽ ചിരിയാണ് വന്നത്.
അദ്ദേഹം തുടര്‍ന്നു.
"നല്ല ബെസ്റ്റ് സാധനമാണ്. ഞാൻ ഒന്നവിടം വരെ പോകാനിറങ്ങിയപ്പോഴാണ് കിത്തോയുടെ ഓഫിസ് തുറന്നിരിക്കുന്നത് കണ്ടത്. എന്നാൽ തന്നെയും കൂടി വിളിച്ചുകൊണ്ടു പോകാമല്ലോ എന്ന് കരുതി കയറിയതാ. "
"ഞങ്ങൾ മദ്യപിക്കാറില്ല. മാത്രമല്ല ഇന്ന് ദുഃഖവ്യാഴാഴ്ചയുമാണ്". ഞാൻ ഉടനെ ഇടയിൽ കയറി പറഞ്ഞു.
"ങാ. അപ്പോൾ നല്ല ദിവസമാണല്ലോ. യേശുദേവന്റെ പീഡാനുഭവ ദിവസം ലോകം മുഴുവൻ ദുഃഖത്തിലാണ്ടിരിക്കുമ്പോൾ അൽപം മധുരപാനീയം കഴിച്ച് പ്രാർത്ഥനയോടെ ഇരിക്കാൻ പറ്റിയ ഒരു ഔഷധ പാനീയമാണ്."
"ഇല്ല. ഞങ്ങൾക്ക് ഉച്ചകഴിഞ്ഞ് പള്ളിയിൽ പോകാനുള്ളതാണ്. ഞങ്ങൾ വരുന്നില്ല."രണ്ടു പേരും ഒരു പോലെ ആ ക്ഷണം നിരസ്സിച്ചെങ്കിലും അദ്ദേഹം ഞങ്ങളെ വിടാൻ ഭാവമില്ലായിരുന്നു.
‘‘ഇതിൽ ആൽക്കഹോൾ കണ്ടന്റൊന്നുമില്ല. നമുക്ക് വേഗം പോയിട്ട് ഒരു മണിക്കൂറിനകം തിരിച്ചു വരാം.’’
ഞങ്ങൾ പലതും പറഞ്ഞ് ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും അദ്ദേഹത്തിന്റെ സ്നേഹപൂർവമായ നിർബന്ധത്തിനും ഒരു വലിയ സിനിമനടനൊപ്പം സൗഹൃദം പങ്കിടാൻ കിട്ടുന്ന അവസരം പാഴാക്കിക്കളയണ്ടെന്ന് തോന്നിയതു കൊണ്ടും ഞങ്ങൾ അദ്ദേഹത്തോടൊപ്പം പോകാൻ തന്നെ തീരുമാനിച്ചു.
അദ്ദേഹത്തിന്റെ കാറിലാണ് ഞങ്ങൾ ടോഡി പാർലറിലറിന്റെ മുൻപിൽ ചെന്നിറങ്ങിയത്. അന്നൊക്കെ ഇന്നത്തെപ്പോലെ സിനിമാ നടന്മാരെ പുറത്തൊന്നും കാണാൻ പറ്റില്ല. അന്ന് മദ്രാസിലെ സ്റ്റുഡിയോ സെറ്റുകളിലാണല്ലോ ഭൂരിഭാഗം ചിത്രങ്ങളുടെയും ഷൂട്ടിങ് നടക്കുന്നത്. അതുകൊണ്ട് ഗോവിന്ദൻ കുട്ടിയെ കണ്ടപ്പോൾ ആളുകൾ കൂടാൻ തുടങ്ങി. അദ്ദേഹം എല്ലാവരോടും ചിരിച്ചു സൗഹൃദത്തോടെ പെരുമാറിക്കൊണ്ട് ടോഡി പാർലറിന്റെ അകത്തു കയറി. പുറകെ ഞങ്ങളും. അദ്ദേഹവുമായി ചെന്നതു കൊണ്ട് രണ്ടാം നിലയിലുള്ള ശീതീകരിച്ച ഒരു സ്പെഷ്യൽ മുറിയാണ് ഷോപ്പുടമ ഞങ്ങൾക്ക് വേണ്ടി തുറന്നു തന്നത്. ജീവനക്കാരെല്ലാം അദ്ദേഹത്തെ പൊതിഞ്ഞു നിന്നുകൊണ്ട് ‘ടുഡെ സ്പെഷ്യൽ ഐറ്റംസി’നെക്കുറിച്ചൊക്കെ പറഞ്ഞുകൊണ്ടിരുന്നു.
അദ്ദേഹം ഞങ്ങളൊടൊന്നും ചോദിക്കാതെ തന്നെ എന്തൊക്കെയോ ഓർഡർ കൊടുത്തു. അൽപം കഴിഞ്ഞപ്പോൾ ആഹാര സാധനങ്ങളെല്ലാം മേശപ്പുറത്തു നിരന്നു. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ രണ്ടു നിലയിൽ ആധുനിക രീതിയിൽ ഒരുക്കിയിട്ടുള്ള ഒരു പ്രസ്ഥാനമാണെങ്കിലും പഴയ നാടൻ ചട്ടിയിലാണ് മധുരക്കള്ളു കൊണ്ടുവന്ന് ഞങ്ങളുടെ മുന്നിൽ വച്ചത്.
അദ്ദേഹം തന്നെ അത് മൂന്നു ഗ്ലാസ്സിലായി ഒഴിച്ച് ഞങ്ങൾക്ക് ഓരോ ഗ്ലാസ് തന്നു. ഞങ്ങൾ ആകെ വല്ലാത്ത മാനസികാവസ്ഥയിലിരിക്കുകയാണ്. ദൈവമേ ഇന്ന് ദുഃഖ വ്യാഴാഴ്ചയാണ്. കുടിക്കാത്ത ഞങ്ങൾ ആദ്യമായി കുടിക്കാൻ കണ്ട ദിവസം പെസഹാ വ്യാഴാഴ്ചയാണല്ലോ കർത്താവേ. പിന്നെ മദ്യമൊന്നുമല്ലല്ലോ? ആരോഗ്യപാനീയമെന്നാണല്ലോ അദ്ദേഹം പറയുന്ന ഉറപ്പിൽ ഞങ്ങൾ അതൊന്നു പരീക്ഷിച്ചു നോക്കാൻ തന്നെ തീരുമാനിച്ചു.
നല്ല മധുരമുള്ള കളളാണ്. ഞാൻ ചായ കുടിക്കുന്നതുപോലെ മൊത്തി മൊത്തി മുക്കാൽ ഗ്ലാസ് അകത്താക്കി. കിത്തോ ഒരു ഗ്ലാസ് പെട്ടെന്നു തന്നെ കുടിച്ചു തീർത്തു. ഗോവിന്ദൻകുട്ടി ‘ചടപടാന്ന്’ മൂന്ന് ഗ്ലാസാണ് അകത്താക്കിയത്. ഒത്തിരി നോൺ വെജ് അനുദാരികൾ മേശപ്പുറത്തിരിക്കുന്നുണ്ട്. ഞാനും കിത്തോയും നോണൊന്നും കഴിക്കാതെ വെജിറ്റേറിയൻ ഐറ്റംസ് മാത്രം കഴിച്ചിരുന്നു.
മൂന്നു ഗ്ലാസ് അകത്തു ചെന്നപ്പോൾ ഗോവിന്ദൻ കുട്ടി അൽപം ഫോമിലായി. മിതഭാഷിയായ അദ്ദേഹം വാചാലനാകാൻ തുടങ്ങി. മഹാഭാരതവും രാമായണവും ബൈബിളും ഖുറാനുമൊക്കെയാണ് പിന്നെ അദ്ദേഹത്തിൽ നിന്ന് ഒഴുകാൻ തുടങ്ങിയത്. യേശുവിന്റെ ജനനത്തെയും കുരിശു മരണത്തെയും യേശുവിന്റെ മഹത്വത്തെക്കുറിച്ചുമൊക്കെ ക്രിസ്ത്യാനിയായ ഞങ്ങൾക്ക് പോലും അറിയാത്ത മഹത് വചനങ്ങളാണ് ദാർശനിക ഭാവത്തോടെ അദ്ദേഹം ഉരുവിട്ടുകൊണ്ടിരുന്നത്.
"മനുഷ്യപുത്രനായി ജനിച്ച ഒരാളെ ദൈവമായി ആരാധിക്കണമെങ്കിൽ യേശുക്രിസ്തുവിനെക്കാൾ യോഗ്യനായ മറ്റൊരാളില്ലെന്നാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞിരിക്കുന്നത്." എന്ന് തുടങ്ങി പല മഹദ് വചനങ്ങളും അദ്ദേഹം ഉരുവിടാൻ തുടങ്ങി.
പിന്നെ ഏകദേശം ഒരു മണിയോടെയാണ് ഞങ്ങൾ അവിടെ നിന്നിറങ്ങിയത്. അദ്ദേഹം ഞങ്ങളെ കലൂർ ബസ് സ്റ്റാന്‍ഡിനടുത്ത് ഇറക്കിയപ്പോൾ ഞങ്ങൾ ഉടനെ ഒരു ഓട്ടോ വിളിച്ച് വീട്ടിലേക്ക് പുറപ്പെട്ടു. കുടിക്കാത്ത ഞാൻ ദുഃഖ വ്യാഴാഴ്ച കള്ളു കുടിച്ച കുറ്റബോധത്തോടെയാണ് ഞാൻ ഓട്ടോയിൽ വീടിനു മുൻപിൽ ചെന്നിറങ്ങിയത്. അമ്മ ഭക്ഷണമൊന്നും കഴിക്കാതെ എന്നെയും കാത്തിരിക്കുകയായിരുന്നു. ഞാൻ അമ്മയുടെ അടുത്തേക്ക് ചെല്ലാതെ അകലം പാലിച്ചുകൊണ്ട് തലയും കുനിച്ച് അകത്തെ മുറിയിലേക്ക് പോകുന്നത് കണ്ട് അമ്മ പറഞ്ഞു.
"ദുഃഖവ്യാഴാഴ്ചയായിട്ട് നീ എവിടെ നടക്കുകയാണ്. ഇന്നത്തെ ദിവസം പുറത്തെങ്ങും പോകരുതെന്ന് നിന്നോട് ഞാൻ പറഞ്ഞതല്ലേ."
അമ്മയ്ക്ക് സപ്പോർട്ടുമായി സഹോദരിമാരും കൂടി. ഞാൻ കുടിച്ചെന്നറിഞ്ഞാൽ അമ്മ എന്നെക്കൊല്ലും എന്നു മനസ്സിൽ കരുതി ഭക്ഷണം കഴിച്ചു എന്ന് വരുത്തിക്കൊണ്ട് ഞാൻ വാഷ്ബേസിനിൽ കൈ കഴുകിക്കൊണ്ടിരിക്കുമ്പോഴാണ് മനം പുരട്ടുന്നതു പോലെ തോന്നുകയും പെട്ടെന്ന് വാഷ് ബേസിനുള്ളിലേക്ക് ഛർദിക്കാനും തുടങ്ങിയത്. ഛർദിലെന്നു വച്ചാൽ എന്നാ ഛർദ്ദിലാണ്. മുക്കാൽ ഗ്ലാസ് മധുരക്കള്ളു കുടിച്ചതിന് രണ്ടു കുപ്പിയോളം പുളിച്ച കള്ളാണ് ഞാൻ ഛർദ്ദിച്ചിരിക്കുന്നത്.
ഞാൻ ഛർദ്ദിക്കുന്നതു കണ്ട് അമ്മയും സഹോദരിമാരും ഓടി വന്നു. അത് കണ്ടു അമ്മ ഇനി എന്നെ പറയാൻ ബാക്കി ഒന്നുമില്ല. വളരെ സങ്കടത്തോടെ പിണക്കമായും ഉപദേശമായും രൂക്ഷമായ നാടൻ ഭാഷയാണ് അമ്മ ഓരോ വാചകങ്ങളും ഉപയോഗിച്ചത്. ഞാൻ ഛർദ്ദിച്ച് അവശനായി കട്ടിലിൽ കയറി കിടന്നു. അമ്മയും സഹോദരിമാരും രണ്ടു മണിയായപ്പോൾ പള്ളിയിലേക്ക് പോയി. ദുഃഖ വ്യാഴാഴ്ചയായിട്ട് എനിക്കന്നു പള്ളിയില്‍ പോകാനും കഴിഞ്ഞില്ല.
പിറ്റേന്ന് ദുഃഖവെള്ളിയാഴ്ച രാവിലെ ഞാൻ ഉണർന്നത് "ഇനി ജീവിതത്തിൽ മദ്യം കൈകൊണ്ടു തൊടില്ലെന്ന" ഒരു തീരുമാനമെടുത്തു കൊണ്ടാണ്. ഞാൻ അപ്പോൾ തന്നെ കിത്തോെയ വിളിച്ചു. അയാൾ എന്നെപ്പോലെ "വാളൊന്നും" പണിതില്ലെന്ന് എന്നോട് പറഞ്ഞു. ഞാൻ ഗോവിന്ദൻ കുട്ടിയെ വിളിച്ചു. ഉണ്ടായ സംഭവങ്ങൾ ഒരു സീൻ ഓർഡർ പോലെ പറഞ്ഞു കേൾപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.
‘സോറി ഡെന്നിസ്, ദുഃഖവ്യാഴാഴ്ചയായിട്ടു നിങ്ങളെ ഞാൻ ടോഡി പാർലറിൽ വിളിച്ചു കൊണ്ടുപോകാൻ പാടില്ലായിരുന്നു.’
കക്ഷി അങ്ങനെ പറഞ്ഞപ്പോൾ പച്ചയായ ഒരു മനുഷ്യന്റെ മനസ്സാണ് ഞാൻ അദ്ദേഹത്തിൽ കണ്ടത്.
ആ സംഭവം കഴിഞ്ഞിട്ട് നീണ്ട നാൽപത്തിയാറു വർഷങ്ങളാണ് ഓടി മറഞ്ഞിരിക്കുന്നത്. ഞാൻ സിനിമയിൽ വന്നശേഷം പല മദ്യപാന സദസുകളിലും കൂടെ ഇരുന്നിട്ടുണ്ടെങ്കിലും അന്ന് ആ ദുഃഖവ്യാഴാഴ്ച ദിവസം മനസ്സിൽ കോറിയിട്ട ശപഥം ഇന്നു വരെ തെറ്റിച്ചിട്ടില്ല. മദ്യം കൊണ്ട് ദോഷമല്ലാതെ ആരോഗ്യത്തിന് ഒരു ഗുണവും ഉണ്ടാകില്ല എന്ന അനുഭവപാഠം എന്നെ പഠിപ്പിച്ചത് ആ ദുഃഖ വ്യാഴാഴ്ചയാണ്. ഇന്നിപ്പോള്‍ നമ്മുടെ സർക്കാർ ലഹരിമരുന്നിനെതിരെ മനുഷ്യചങ്ങല തീർക്കുമ്പോൾ വീണ്ടും വീണ്ടും മദ്യഷാപ്പുകൾ തുറക്കുന്നതിൽ ഒരു മത്സരം തന്നെയാണ് നടത്തുന്നത്. മദ്യമെന്ന ലഹരിയിൽ നിന്നാണ് മറ്റെല്ലാ ലഹരിയും വളരുന്നതെന്ന് നമ്മുടെ ഭരണാധികാരികൾ ഇനിയെങ്കിലും മനസ്സിലാക്കുന്ന ഒരു കാലം എന്നാണാവോ ഉണ്ടാകാൻ പോകുന്നത്.
(തുടരും)