ആസിഫ് അലിയുടെ മറ്റൊരു ഹിറ്റായി ‘കൂമൻ’; ചർച്ചയായി ക്ലൈമാക്സ്
Mail This Article
ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു വമ്പൻ ഹിറ്റായി മാറി കൂമൻ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ത്രില്ലർ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. അവധി ദിവസങ്ങളായ ശനിയും ഞായറും കേരളത്തിലെ കേന്ദ്രങ്ങളിലെല്ലാം നിറഞ്ഞ പ്രദർശനമായിരുന്നു ചിത്രത്തിനു ലഭിച്ചത്.
ഇന്നത്തെ സാമൂഹ്യ സാഹചര്യങ്ങളുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന സിനിമയുടെ പ്രമേയം തന്നെയാണ് സിനിമയെ പ്രേക്ഷകരിലേക്കടുപ്പിക്കുന്ന ഘടകം. കെ.ആർ. കൃഷ്ണകുമാറിന്റേതാണ് തിരക്കഥ. ഈ സിനിമയുടെ രചനയോ ചിത്രീകരണമോ നടക്കുന്ന സമയത്ത് മലയാളി സമൂഹത്തിന് ഏറെക്കുറെ അപരിചിതമായ ഒരു വിഷയം ചിത്രത്തിൽ പരാമർശിക്കുകയും മാസങ്ങൾക്കിപ്പുറം ചിത്രം റിലീസ് ചെയ്യുന്ന സമയത്ത് പൊതുസമൂഹത്തിൽ അത് ചർച്ചാവിഷയമായി കത്തിനിൽക്കുന്നു എന്നതും കൗതുകകരമാണ്.
ഒരു നടൻ എന്ന നിലയിൽ കൂമനിലൂടെ ഏറെ മുൻപോട്ട് പോയിരിക്കുകയാണ് ആസിഫ് അലി. ഓരോ സിനിമയിലും പുതിയ കഥാപാത്രമായി പരീക്ഷണങ്ങൾ നടത്താൻ ആഗ്രഹിക്കുന്ന താരമാണ് ആസിഫ്. ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങൾ എടുത്തുനോക്കിയാൽ ഈ പരിണാമം വ്യക്തമാണ്.
ഫീൽഗുഡ് നായകപരിവേഷത്തിൽ നിന്നും നെഗറ്റീവ് ഷേഡുകളുള്ള മുഖ്യകഥാപാത്രമായുള്ള നവീകരണം ആസിഫിന് നന്നായി യോജിക്കുന്നുമുണ്ട്. വിശേഷ മാനസിക അവസ്ഥകൾ,സ്വഭാവങ്ങളുള്ള കഥാപാത്രങ്ങൾ ചെയ്യാനുള്ള ആസിഫിനുള്ള സവിശേഷ കഴിവുതന്നെയാണ് കൂമനിലേക്ക് താരത്തെ പ്രതിഷ്ഠിക്കാൻ ജീത്തുവിന് ആത്മവിശ്വാസം നൽകിയതെന്ന് ഉറപ്പാണ്.
കോൺസ്റ്റബിൾ ഗിരിയായി ആസിഫ് നിറഞ്ഞാടുന്നു. ആദ്യാവസാനം വരെയും ആസിഫ് അലിയുടെ പ്രകടനത്തിലൂടെ തന്നെയാണ് കൂമൻ മുന്നോട്ടുപോകുന്നതും. അങ്ങേയറ്റം സങ്കീർണമായ കഥാപാത്രത്തെ അതിമനോഹരമായി അഭിനയിച്ച് ഫലിപ്പിക്കാനും അദ്ദേഹത്തിനായി.
പ്രത്യേകിച്ചും ജാഫർ ഇടുക്കി അവതരിപ്പിക്കുന്ന മണിയൻ കള്ളൻ എന്ന കഥാപാത്രും ഗിരിയും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ പ്രേക്ഷകരെ രസിപ്പിക്കും. വരും ദിവസങ്ങളിലും ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിക്കുമെന്നു തന്നെയാണ് അണിയറക്കാരുടെ പ്രതീക്ഷ. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയുമാണ് കൂമൻ നിർമിച്ചിരിക്കുന്നത്.