കുടുംബ സദസ്സുകള്‍ക്ക് വീണ്ടുമൊരു പൊലീസ് സ്റ്റോറി; കാക്കിപ്പട ഫസ്റ്റ്ലുക്ക്
Mail This Article
ഷെബി ചൗഘടിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന കാക്കിപ്പടയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത കാക്കിപ്പടയിൽ നിരഞ്ജ് മണിയൻപിള്ള രാജു പ്രധാന വേഷത്തിലെത്തുന്നു.
എസ്.വി. പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്ത് ആണ് പൂർണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന "കാക്കിപ്പട" നിര്‍മിച്ചിരിക്കുന്നത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. പൊലീസുകാരുടെയും പ്രതിയുടെയും മാനസിക അവസ്ഥയും ആ നാടിനോടും, സംഭവിച്ച ക്രൈമിനോടും ഉള്ള സമീപനവും വ്യത്യസ്തമായ രീതിയില്‍ പറയുന്ന സിനിമയാണ് കാക്കിപ്പട. പൊലീസ് അന്വേഷണത്തെ തുടര്‍ന്ന് കുറ്റവാളിയെ പിടി കൂടുന്ന സ്ഥിരം കഥകളില്‍ നിന്ന് വ്യത്യസ്തമായി, കുറ്റവാളിയില്‍ നിന്ന് പൊലീസുകാരിലേക്കുള്ള അന്വേഷണത്തിന്‍റെ സഞ്ചാരം ആണ് ഈ സിനിമ പറയുന്നത്.
'Delay in Justice, is Injustice' എന്ന ടാഗ് ലൈനിലൂടെ ചിത്രത്തിന്റെ ആശയവും വ്യക്തമാണ്. അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക് (രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
തിരക്കഥ–സംഭാഷണം ഷെബി ചൗഘട്, ഷെജി വലിയകത്ത്, സംഗീതം ജാസി ഗിഫ്റ്റ്, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിങും നിർവഹിക്കുന്നു. കലാസംവിധാനം സാബുറാം. മേക്കപ്പ് പ്രദീപ് രംഗൻ. കോസ്റ്റ്യും ഡിസൈൻ ഷിബു പരമേശ്വരൻ, നിശ്ചല ഛായാഗ്രഹണം അജി മസ്ക്കറ്റ്. നിർമാണ നിർവഹണം എസ്.മുരുകൻ. പിആര്‍ഓ വാഴൂർ ജോസ്.