സ്ഫടികം ജോർജിന് കിഡ്നി നൽകാൻ തയാറായത് 26 പേർ; ജീവിതത്തിൽ നായകനായ ‘വില്ലൻ’
Mail This Article
പകൽവെളിച്ചത്തിൽ ഷൂട്ട് ചെയ്ത് ഇരുട്ടത്തു കാണിക്കുന്ന ഒരു യന്ത്രവൽകൃത കലയാണ് സിനിമയെന്ന് ആദ്യകാലത്തു പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. സിനിമയുടെ ഈറ്റില്ലമായ മദ്രാസിലെ കോടമ്പാക്കത്തു വച്ചാണ് ഈ സിനിമാപഴമൊഴി ഞാൻ ആദ്യം കേൾക്കുന്നത്. ഹോളിവുഡിലെ ഏതെങ്കിലും ഒരു തത്വജ്ഞാനിയുടെ മൊഴിയായിരിക്കുമെന്നാണ് ഞാൻ ആദ്യം കരുതിയത്. എന്താണ് അതിന്റെ ആന്തരികാർഥമെന്നൊന്നും അന്ന് ഞാൻ ചുഴിഞ്ഞു ചിന്തിക്കാനും പോയില്ല.
കുറേക്കാലം കഴിഞ്ഞ് ഞാനും ജോൺപോളും കൂടി എഴുതിയ ‘അകലങ്ങളിൽ അഭയം’ എന്ന സിനിമയുടെ ഡബ്ബിങ് മദ്രാസിൽ നടക്കുമ്പോൾ ഒരു ദിവസം ഞാനും പോയിരുന്നു. ജേസിയാണ് സംവിധായകൻ. നോവലിസ്റ്റും നാടക, സിനിമാ നടനും സംവിധായകനുമൊക്കെയായി അറിയപ്പെട്ടിരുന്ന, ഞങ്ങൾ എറണാകുളത്തുകാരുടെ ഒരേയൊരു ചലച്ചിത്രകാരനായിരുന്നു ജേസി. ജേസിയുമായുള്ള ചങ്ങാത്തമാണ് എന്നിൽ സിനിമാമോഹം വളരാൻ നിമിത്തമായത്.
ഞാൻ ആദ്യമായി ഡബ്ബിങ് കാണുകയാണ്. നടി അംബികയാണ് അന്ന് ഡബ്ബ് ചെയ്യുന്നത്. അംബിക അന്ന് ഉയർന്നു വരുന്ന നായികയാണ്. ഡബ്ബിങ്ങിനിടെ അംബിക ചില കുസൃതിത്തരങ്ങളൊക്കെ കാണിക്കുമ്പോൾ ജേസിയുടെ തമാശയിൽ പൊതിഞ്ഞ വഴക്കു പറച്ചിലും അതുകേട്ട് അംബികയുടെ ചമ്മി കണ്ണിറുക്കിയുള്ള ചിരിയും എല്ലാം ഇന്നലെ കഴിഞ്ഞു പോയതു പോലെ ഇന്നും എന്റെ മനസ്സിലുണ്ട്.
മദ്രാസിലെ പാംഗ്രോവ് ഹോട്ടലിലാണ് അന്ന് ജേസി താമസിച്ചിരുന്നത്. ജേസിയും ഞാനും ഒരേ മുറിയിലാണ്. രാത്രിയിൽ ഞങ്ങൾ സിനിമാവിേശഷങ്ങളൊക്കെ പറയുന്നതിനിടയിൽ വെളിച്ചത്തു ഷൂട്ട് ചെയ്ത് രാത്രിയിൽ കാണിക്കുന്ന യന്ത്രവത്കൃത കലയാണ് സിനിമയെന്നും ആ സ്വഭാവം കാണിക്കാതിരിക്കില്ലെടോ എന്നും ആരെയോ കുറിച്ചു പറഞ്ഞപ്പോൾ ഞാൻ അതിൽ കയറിപ്പിടിച്ചു.
‘‘എന്താണ് ആശാനേ ഈ പറഞ്ഞതിന്റെ അർഥം ?’’ ഞാൻ ചോദിച്ചു
‘‘സിനിമയുടെ സ്വഭാവം പോലെ തന്നെയാണ് പല സിനിമാക്കാരുടേയും സ്വഭാവം. പലർക്കും രണ്ടു മുഖങ്ങളുണ്ട്. ചിലർക്ക് മൂന്നും.’’
ജേസി അതിനുള്ള ചില ഉദാഹരണങ്ങളും നിരത്തി. അന്നുള്ള ഒരു പ്രമുഖ നടനെക്കുറിച്ചായിരുന്നു ജേസിയുടെ ഈ വാചകം.
‘‘മുഖത്ത് ചായം തേയ്ക്കുന്ന ഒരുത്തനെയും വിശ്വസിക്കാൻ കൊള്ളില്ല. ചായം കഴുകിക്കളയുന്ന ലാഘവത്തോടെ എല്ലാ ബന്ധങ്ങളെയും കഴുകിക്കളയാൻ ഇവന്മാർക്ക് ഒരു മടിയുമില്ല.’’
അപ്പോഴാണ് എനിക്ക്, വെളിച്ചത്തിൽ ഷൂട്ട് ചെയ്ത് ഇരുട്ടത്തു കാണിക്കുന്ന യന്ത്രവല്‍കൃതകലയാണെന്ന് അന്ന് കോടമ്പാക്കത്തു വച്ച് ഞാൻ കേട്ടതിന്റെ പൊരുൾ മനസ്സിലായത്. കാലങ്ങൾ കുറെ കഴിഞ്ഞപ്പോഴാണ് ജേസി പറഞ്ഞ ചായം കഴുകിക്കളയുന്ന ‘ലാഘവം’ എനിക്ക് മനസ്സിലായത്. പക്ഷേ, എല്ലാവരും അങ്ങനെയാണെന്നും പറയാനാവില്ല. നല്ല മനസ്സുള്ള ഒത്തിരി നന്മമരങ്ങളുമുണ്ട്.
ഞാൻ നേരിൽ കണ്ടറിഞ്ഞ ചില പഴയകാല വ്യക്തിത്വങ്ങളുണ്ട്. നിർമാതാവ് ടി.ഇ. വാസു സാർ, പ്രേംനസീർ, മധുസാർ, ശ്രീകുമാരൻ തമ്പി, ഉർവശി ശാരദ, ക്യാപ്റ്റൻ രാജു തുടങ്ങിയവർക്ക് രണ്ടു മുഖമുള്ളതായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എന്റെ അനുഭവമാണ് ഞാൻ പറഞ്ഞത്. മറ്റുള്ളവർക്ക് ഇതിനോട് അഭിപ്രായ വ്യത്യാസം ഉണ്ടാവാം.
ഇത്രയും ആമുഖമായി പറയാൻ എന്നെ പ്രേരിപ്പിച്ചത് സിനിമ എന്ന മായാലോകത്തേക്കു മനസ്സു നിറയെ ആത്മീയതയുമായി കടന്നു വന്ന ഒരു അഭിനേതാവിനെക്കുറിച്ചോർത്തപ്പോഴാണ്. മറ്റാരുമല്ല, വില്ലൻ വേഷങ്ങളിലൂടെ കടന്നു വന്ന് നമ്മൾ എല്ലാവരും സ്ഫടികം ജോർജെന്നു വിളിക്കുന്ന ചങ്ങനാശേരിക്കാരൻ ജോർജ് ആണത്. ആത്മീയതയും സിനിമാ അഭിനയവും തമ്മിൽ എങ്ങനെ ഇണങ്ങിച്ചേരുമെന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. സിനിമ അങ്ങിനെയുള്ള ഒരു ഫീൽഡ് ആണല്ലോ. മനസ്സിൽ ദൈവത്തിന്റെ വരപ്രസാദമുള്ള സത്യക്രിസ്ത്യാനികളൊക്കെ പള്ളീലച്ചന്മാരാകാനായി പോകുമ്പോൾ സ്ഫടികം ജോർജിന് എല്ലാ ലൗകിക സുഖമുള്ള സിനിമലോകത്തേക്ക് എങ്ങിനെയാണ് കടന്നുവരാൻ തോന്നിയത്?
അതേക്കുറിച്ച് ഞാൻ ഒരു ദിവസം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു വാചകമുണ്ട്.
‘‘മനുഷ്യന്റെ ഏറ്റവും വലിയ സ്വത്തെന്നു പറയുന്നത് അവന്റെ മനസ്സാണ്. അതിനെ നന്നായി നിയന്ത്രിക്കാൻ കഴിഞ്ഞാൽ അവൻ സന്യാസിയും ദൈവവുമൊക്കെയായി മാറും. അതുകൊണ്ടാണല്ലോ യേശുദേവൻ മനുഷ്യര്‍ക്കിടയിൽ ദൈവവും ദൈവങ്ങൾക്കിടയിൽ മനുഷ്യപുത്രനുമായി മാറിയത്.’’
എത്ര ഉദാത്തമായ മൊഴി.
ആത്മീയ വാദിയായ സ്ഫടികം ജോർജ് ആദ്യമായി െവള്ളിത്തിരയിൽ മുഖം കാണിച്ചത് 1990 ലാണ്. വിനയന്റെ ‘കന്യാകുമാരിയിൽ ഒരു കടങ്കഥ’യാണ് പ്രഥമ ചിത്രം. രണ്ടാമത് ചെയ്തത് ചെങ്കോലും. അതിനു ശേഷമാണ് ഞാനും രഞ്ജിത്തും കൂടി എഴുതിയ വിജി തമ്പിയുടെ ‘മറുപുറ’ത്തിലെത്തുന്നത്. അത് അത്ര വലിയ വേഷമൊന്നുമായിരുന്നില്ല. എനിക്ക് അന്ന് ആ ലൊക്കേഷനില്‍ പോകാൻ കഴിയാഞ്ഞതു കൊണ്ട് അദ്ദേഹത്തെ കാണാനുമായില്ല.
പിന്നീട് നല്ല വേഷങ്ങളൊന്നും കിട്ടാതായപ്പോൾ അദ്ദേഹം പ്രാർഥനയിലേക്കാണ് തിരിഞ്ഞത്. അങ്ങനെ കരിസ്മാറ്റിക് ധ്യാനത്തിലൂടെ മനസ്സിനെ ശുദ്ധീകരിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്നാണ് ‘സ്ഫടിക’ത്തിൽ അഭിനയിക്കാനുള്ള സംവിധായകൻ ഭദ്രന്റെ വിളി വന്നത്. പിറ്റേ ദിവസം അദ്ദേഹം ഭദ്രന്റെ സവിധത്തിലെത്തി. കണ്ടു, സംസാരിച്ചു, ഭദ്രന്റെ മനസ്സു കീഴടക്കി. അങ്ങനെയാണ് സ്ഫടികത്തിലെ ഏറ്റവും ശക്തനായ പൊലീസ് ഓഫിറായ വില്ലൻ കഥാപാത്രം ജോർജിന്റെ കൈകളിലേക്ക് വരുന്നത്. തുടര്‍ന്ന് മലയാളസിനിമയിൽ അദ്ദേഹത്തിന്റെ കാലമായിരുന്നു. കൂടുതലും പ്രതിനായക സ്വഭാവമുള്ള കഥാപാത്രങ്ങളാണെങ്കിലും തന്റേതായ നടന മികവുകൊണ്ട് ജനമനസ്സുകളിൽ പ്രത്യേക ഇടം നേടാൻ ജോർജിനു കഴിഞ്ഞു.
മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ഐ.വി.ശശി, ജോഷി, ഹരിഹരൻ, ഷാജി കൈലാസ്, കെ.ജി.ജോർജ്, രാജസേനൻ, സിദ്ദീഖ് ലാൽ, ജയരാജ്, രഞ്ജിത്ത്, റാഫി മെക്കാർട്ടിൻ, വിജി തമ്പി, വി.എം.വിനു, ജോസ് തോമസ് തുടങ്ങിയവരുടെ ചിത്രങ്ങളായ ലേലം, പത്രം, വാഴുന്നോർ, നരസിംഹം, ഇലവങ്കോട് ദേശം, സത്യഭാമയ്ക്കൊരു പ്രണയലോഖനം, ഫ്രണ്ട്‌സ്, സത്യമേവ ജയതേ, യുവതുർക്കി, കാഞ്ഞിരപ്പള്ളി കറിയാച്ചൻ, സ്വർണ കിരീടം, താണ്ഡവം, ഉദയപുരം സുൽത്താൻ, മായാമോഹിനി, സൂപ്പർ മാൻ, കുടുംബകോടതി തുടങ്ങി നൂറോളം ചിത്രങ്ങളിൽ അഭിനയിക്കാനുള്ള ഭാഗ്യമാണ് ജോർജിനു വന്നു ചേർന്നത്.
തിരക്കിൽനിന്നു തിരക്കിലേക്കുള്ള ഓട്ടത്തിനിടയിലാണ് സ്ഫടികം ജോർജിന്റെ യാത്രയ്ക്ക് പെട്ടെന്ന് സഡന്‍ ബ്രേക്കുണ്ടായത്. അദ്ദേഹത്തിനു പെട്ടെന്നാണ് കിഡ്‌നി സംബന്ധമായ അസുഖം വന്നത്. ഇങ്ങനെ വരുമെന്നുള്ളൊരു മുന്നറിയിപ്പ് നേരത്തെതന്നെ ദൈവം സ്വപ്നത്തിൽ കാണിച്ചിരുന്നതുകൊണ്ട് അദ്ദേഹത്തിന് പെട്ടെന്ന് ടെൻഷനോ മാനസികാഘാതമൊ ഒന്നും ഉണ്ടായില്ല. എല്ലാം ദൈവത്തിന്റെ തീരുമാനം പോലെയേ നടക്കൂ എന്ന വിശ്വാസത്തിൽ അദ്ദേഹം എന്നും പള്ളിയിൽ പോയി പ്രാർഥിക്കാൻ തുടങ്ങി. ദൈവം തന്നെ അതിന് പ്രതിവിധി കണ്ടെത്തുമെന്നുള്ള വിശ്വാസത്തിലായിരുന്നു അദ്ദേഹം.
ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ പരിചരണത്തിൽ, അവർ പോലും വല്ലാതെ പതറി നിന്നപ്പോൾപ്പോലും അദ്ദേഹം ദൈവത്തിൽ മാത്രം വിശ്വാസമർപ്പിച്ചു മുന്നോട്ട് പോവുകയായിരുന്നു. രണ്ടു കിഡ്നിയും ഫെയിലിയർ ആയി മരണത്തോടൊപ്പം പോകുമെന്ന് ഡോക്ടർമാർ വരെ വിധിയെഴുതിയിരുന്ന ഒരാളാണ് ദൈവത്തിന്റെ ശക്തിയാൽ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നത്. ഇതറിഞ്ഞ ജോർജിന്റെ ഇടവകപ്പള്ളിയിലെ വിശ്വാസി സമൂഹം മുഴുവൻ അദ്ദേഹത്തിന്റെ രോഗശാന്തിക്ക് വേണ്ടി പ്രാർഥിക്കുകയായിരുന്നു. ഒരു സിനിമാനടനാണെങ്കിലും യാതൊരു ചീത്തപ്പേരും കേൾപ്പിക്കാത്തയാൾ. എല്ലാവരോടും നന്നായി പെരുമാറിയിരുന്നതു കൊണ്ട് പെട്ടെന്നു തന്നെ എല്ലാവരുടെയും ഗുഡ്ബുക്കിൽ കയറിക്കൂടാൻ അദ്ദേഹത്തിനു കഴിഞ്ഞു.
ഒരു മനുഷ്യനുണ്ടാകേണ്ട ഏറ്റവും വലിയ ക്വാളിറ്റി അഹങ്കാരത്തിന്റെ കറപുരളാത്ത നല്ല പെരുമാറ്റവും ലാളിത്യവുമാണ്. അതുകൊണ്ടായിരിക്കാം ആ ഇടവകയിലെ വിശ്വാസികളായ ഇരുപത്തിയാറ് പേര്‍ യാതൊരു പ്രതിഫലവും അവകാശപ്പെടാതെ അദ്ദേഹത്തിനു കിഡ്നി ഡൊണേറ്റ് ചെയ്യാൻ തയാറായി മുന്നോട്ട് വന്നത്. എന്നാൽ ഇടവകയിലെ 23 വയസ്സ് പ്രായമുള്ള ഒരു യുവാവിന്റെ കിഡ്നിയാണ് ഡോക്ടർമാർ അദ്ദേഹത്തിൽ തുന്നിപ്പിടിപ്പിച്ചത്. ഇവിടെയാണ് ചില നേരങ്ങളിൽ ചില മനുഷ്യർ ദൈവങ്ങളായി മാറുന്നത്.
സിനിമയൊക്കെ മറന്ന് ജോർജ് പിന്നീട് കുറേക്കാലം പ്രാർഥനയുടെയും ധ്യാനത്തിന്റെയും വഴിയിലൂടെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. അങ്ങനെ വർഷങ്ങൾക്കു ശേഷം ഒരു ദിവസം എന്റെ കാല് മുറിച്ച് ഞാൻ വീട്ടിൽ വിശ്രമിക്കുമ്പോൾ യാതൊരു മുന്നറിയിപ്പുമില്ലാതെ അദ്ദേഹം എന്റെ വീട്ടിലേക്കു കടന്നു വന്നു. അദ്ദേഹത്തിന്റെ ഒപ്പം ഒരു സാത്വിക മുഖം കൂടിയുണ്ടായിരുന്നു.
അദ്ദേഹം എന്റെ ആശുപത്രി വാസത്തെക്കുറിച്ചൊക്കെ സംസാരിച്ച ശേഷം പെട്ടെന്നു എഴുന്നേറ്റ് തിരുഹൃദയത്തിന്റെ ഫോട്ടോയ്ക്ക് മുന്നിലേക്ക് ചെന്നു കൊണ്ട് എന്നെയും എന്റെ കുടുംബത്തെയും ചേർത്തു നിർത്തി പ്രാർഥിക്കാൻ തുടങ്ങി. അദ്ദേഹത്തിൽനിന്ന് അനർഗളം ഒഴുകിയിരുന്ന ദൈവവചനങ്ങൾ കേട്ട് ഞാൻ അദ്ദേഹത്തെ തന്നെ നിമിഷനേരം നോക്കി നിന്നുപോയി. ഒരു സിനിമാ നടനാണോ ഒരു പുരോഹിതനേക്കാൾ ദൈവാംശം ഉൾക്കൊണ്ട് ഇങ്ങിനെയൊക്കെ ഉരുവിടുന്നത്. അഞ്ചു മിനിറ്റ് നേരത്തെ പ്രാർഥനയും കഴിഞ്ഞ് ഇനി ഒരു വീട്ടിൽ കൂടി പോകാനുണ്ടെന്നു പറഞ്ഞ് എന്റെ കൈ കവർന്നു കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു.
‘‘ഡെന്നിച്ചായൻ വിഷമിക്കരുത്. എല്ലാം ദൈവത്തിന്റെ തീരുമാനമാണ്. ഡെന്നിച്ചായനെപ്പോലെ നല്ല മനസ്സുള്ളവരെ ദൈവം ഒരിക്കലും കൈവിടില്ല. ഡെന്നിച്ചായൻ പൂർണ ആരോഗ്യവാനായി ഇനിയും സിനിമകൾ ചെയ്യും, ധൈര്യമായിരിക്കൂ.’’
മനുഷ്യന്റെ ഏറ്റവും വലിയ ബലം വിശ്വാസമാണ്. അത് ദൈവത്തിലായാലും മനുഷ്യനിലായാലും. നമ്മുടെ ജനനം തന്നെ ഒരു വിശ്വാസത്തിൽ അധിഷ്ഠിതമാണല്ലോ. നഷ്ടങ്ങളോടും ദുഃഖങ്ങളോടും നമുക്കെന്നും നന്ദിയുണ്ടാകണം. അവരാണ് നമ്മളെ വീണ്ടും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ഇത്രയും പറഞ്ഞ് എന്നെ തലയിൽ കൈവച്ച് അനുഗ്രഹിച്ചുകൊണ്ട് അദ്ദേഹം ഇറങ്ങിപ്പോയപ്പോൾ വില്ലൻ വേഷത്തിലൂടെ മലയാളികളുടെ മനസ്സിലെ ദുഷ്ടകഥാപാത്രമായി മാറിയ സ്ഫടികം ജോർജിന്റെ മനസ്സിൽ എങ്ങനെ ഇത്രയ്ക്ക് ആത്മീയത കടന്നുകൂടിയെന്നു ഞാൻ ചിന്തിക്കുകയായിരുന്നു.