ചതുരവും ചുരുളിയുമെല്ലാം സമൂഹത്തിന്റെ പ്രതിഫലനമാണ്: വിനോയ് തോമസ്
Mail This Article
അടുത്ത കാലത്ത് മാത്രം സിനിമയിലേക്ക് എത്തിച്ചേർന്ന ആളാണ് വിനോയ് തോമസ്. അദ്ദേഹത്തിന്റെ പേരിനോട് ചേർത്തു വയ്ക്കാവുന്ന മലയാളസിനിമകള്‍ മൂന്നെണ്ണമേ ഇറങ്ങിയിട്ടുള്ളൂ. മൂന്നും അതിന്റെ പ്രമേയം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു എന്ന് മാത്രമല്ല, വളരെയധികം ചർച്ചയാകപ്പെടുകയും ചെയ്തു. വിനോയ് തോമസിന്റെ മുള്ളരഞ്ഞാണം എന്ന പുസ്തകത്തിലെ കളിഗമിനാറിലെ കുറ്റവാളികൾ എന്ന കഥയാണ് ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘ചുരുളി’യുടെ ആധാരം. സിനിമ സംസാരിക്കുന്ന വിഷയത്തെക്കാൾ സിനിമയിലെ സംസാരം ചർച്ചയായത് ഒരുതരത്തിൽ നന്നായി എന്ന് വിശ്വസിക്കുന്ന ആളാണ് വിനോയ്. സിനിമയുടെ കാമ്പ് മനസ്സിലാക്കി അതിനെ ഇഷ്ടപ്പെട്ട 40 ശതമാനം പേരേ ഉള്ളൂവെന്നും ഏതൊരു കലാരൂപവും അങ്ങനെയാണെന്നും അദ്ദേഹഹത്തിനു ബോധ്യമുണ്ട്.
അനീഷ് അഞ്ജലിയുടെ കൂടെ വിനോയ് തോമസ് രചന നിർവഹിച്ച പാൽതൂ ജാൻവറും ജനപ്രീതിയോടൊപ്പം ചർച്ചകൾക്കും വഴിതുറന്നു. അനാചാരങ്ങളെപ്പറ്റിയും അന്ധവിശ്വാസങ്ങളെപ്പറ്റിയും സംസാരിച്ച സിനിമ കഥയുടെ മേന്മയാലും മികച്ചുനിന്നു. സിനിമ ഇറങ്ങിയ അവസരത്തിൽ തന്നെ കേരളത്തെ നടുക്കിയ നരബലി പുറത്തുവന്നു എന്നതും സിനിമയിൽ സംസാരിച്ച വിഷയങ്ങളെ പ്രസക്തമാക്കി.
സിദ്ധാർഥ് ഭരതനോടോപ്പം രചന നിർവഹിച്ച ചതുരം നല്ല അഭിപ്രായങ്ങൾ നേടുമ്പോഴും ഒരു വിഭാഗം ആളുകൾ സിനിമയിലെ അഡൽറ്റ് കണ്ടന്റിനെപ്പറ്റി മാത്രമാണ് സംസാരിക്കുന്നത്. എന്നാൽ സമൂഹത്തില്‍ നടക്കുന്നത് മാത്രമേ സിനിമയിലുള്ളൂ എന്നാണ് വിനോയ് പറയുന്നത്. കുടുംബജീവിതം, പ്രണയം, വിവാഹേതരബന്ധങ്ങൾ; ഇവയെല്ലാം ഈ കാലത്ത് സംസാരിക്കേണ്ട വിഷയങ്ങളാണ്. മുൻപ് ചെയ്ത വിഷയങ്ങളെക്കാൾ വ്യത്യസ്തമാണെങ്കിലും ജീവിതത്തിലേക്ക് നോക്കുമ്പോൾ, ചുറ്റും കാണുന്ന ആളുകളെയേ കഥാപാത്രത്തിലേക്ക് വച്ചിട്ടുള്ളൂ.
നോവലാണെങ്കിലും കഥയാണെങ്കിലും സിനിമയാണെങ്കിലും ആത്യന്തികമായി പ്രോഡക്ട് നന്നാവുക എന്നതാണ് കാര്യം. സിനിമയിലെ എഴുത്തിന് ഒരുപാട് വെല്ലുവിളികളുണ്ടെന്നും അതിനെ മറികടന്നു വിജയത്തിലേക്ക് എത്താൻ സാധിക്കുന്നതിനെ നല്ലൊരു അവസരമായി കാണാനും വിനോയ്ക്ക് അറിയാം.