ADVERTISEMENT

പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം ഏറ്റവും സുരക്ഷിതമായ മേഖലയാണ് സിനിമാ ഇൻഡസ്ട്രിയെന്ന് സ്വാസിക. ‘‘ഈ ഇന്‍ഡസ്ട്രിയില്‍ ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല. അത്രയും സുരക്ഷിതമാണ് സിനിമാ ഇൻഡസ്ട്രി. നോ പറയേണ്ടടത്ത് നോ പറഞ്ഞാൽ ഒരാളും നമ്മുടെ അടുത്ത് വന്ന് ബലമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെടില്ല’’.–സ്വാസിക പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പരാമർശം.

‘‘ഡബ്ല്യുസിസി എന്ന സംഘടന മലയാള സിനിമയില്‍ ആവശ്യമുണ്ടോ എന്നു ചോദിച്ചാൽ, അവരുടെ പ്രവര്‍ത്തനം എന്താണെന്നു കൃത്യമായി എനിക്ക് അറിയില്ലെന്നേ പറയാൻ കഴിയൂ. എന്റെ വ്യക്തിപരമായ അഭിപ്രായം പറയുകയാണെങ്കില്‍, എനിക്ക് ഏതെങ്കിലും ഒരു സിനിമ സെറ്റില്‍നിന്ന് മോശം അനുഭവമുണ്ടായാല്‍ അപ്പോള്‍ത്തന്നെ പ്രതികരിച്ച്, ഈ ജോലി വേണ്ടെന്നു പറഞ്ഞ് ഇറങ്ങി വരും.

നമ്മള്‍ സ്ത്രീകള്‍ അതാണ് ആദ്യം പഠിപ്പിച്ചു കൊടുക്കേണ്ടത്. അതാണ് നമ്മള്‍ ആര്‍ജിക്കേണ്ടത്. നമുക്ക് നോ എന്ന് പറയേണ്ട സ്ഥലത്ത് നോ പറയണം. ഞാന്‍ ഈ സിനിമ ചെയ്താല്‍, ഇത്രയും വലിയ ഹീറോയ്ക്ക് ഒപ്പം അഭിനയിച്ചാല്‍ ഇത്രയും വലിയ തുക കിട്ടും എന്നൊക്കെ ആലോചിച്ച്, നമ്മളെ അബ്യൂസ് ചെയ്യുന്നതൊക്കെ സഹിച്ച് ആ സിനിമ ചെയ്യുക. അതിനു ശേഷം നാലു വര്‍ഷം കഴിഞ്ഞ് മീ ടു എന്നൊക്കെ പറഞ്ഞു വരുന്നതിൽ ലോജിക്ക് തോന്നുന്നില്ല. എനിക്കു നിങ്ങളുടെ സിനിമ വേണ്ട എന്നു പറഞ്ഞ് ഇറങ്ങിവരണം. വേറൊരു സ്ഥലത്ത് അവസരം വരും എന്ന കോണ്‍ഫിഡന്‍സോടെ അവിടെ നിന്നിറങ്ങിപ്പോരണം.

അങ്ങനെ ഒരു സ്ത്രീക്ക് ജോലിസ്ഥലത്തു നിന്നിറങ്ങി വരാനും ജോലി വേണ്ടെന്നു വയ്ക്കാനും രണ്ടു വര്‍ത്തമാനം മുഖത്ത് നോക്കി പറയാനുമുള്ള ധൈര്യം ഉണ്ടാവണം. അതിനൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല. അത് നമ്മുടെ ഉള്ളില്‍നിന്നു വരേണ്ട ധൈര്യമാണ്..

ഡബ്ല്യുസിസി ആയിക്കോട്ടെ, ഏത് സ്ഥലത്തായാലും നമ്മള്‍ ഒരു പരാതിയുമായി ചെന്നെന്ന് കരുതുക, ഉടനെ തന്നെ നീതി ലഭിക്കുന്നുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് അറിയില്ല. അതിനു സമയമെടുക്കും. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ഒരു സംഭവമുണ്ടായാല്‍ എന്തിനാണ് ഡബ്ല്യുസിസി പോലുള്ള സ്ഥലത്ത് പോയി പറയുന്നത്. പൊലീസ് സ്റ്റേഷനില്‍ പറഞ്ഞു കൂടേ, വനിത കമ്മിഷനില്‍ പറഞ്ഞുകൂടേ.

നിങ്ങള്‍ക്ക് ഇതേക്കുറിച്ച് രക്ഷിതാക്കളോട് പറയാം, നിങ്ങള്‍ക്ക് സ്വന്തമായി റിയാക്ട് ചെയ്യാം. ഈ ഇന്‍ഡസ്ട്രിയില്‍ ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല. അത്രയും സുരക്ഷിതമായ ഒരു ഇന്‍ഡസ്ട്രി തന്നെയാണ് സിനിമാ ഇൻഡസ്ട്രി. നമുക്ക് രക്ഷിതാക്കളെ കൊണ്ടു പോകാം, അസിസ്റ്റന്റ്സിനെ കൊണ്ടു പോകാം, ആരെ വേണമെങ്കിലും കൊണ്ടുപോകാം. ഇതിനൊക്കെയുള്ള ഫ്രീഡം തരുന്നുണ്ട്. ഇത്രയും സുരക്ഷിതമായ ഫീൽഡില്‍ നിന്നുകൊണ്ടാണ് ചിലർ ഇതുപോലെ പറയുന്നത്. ആ സമയത്ത് പ്രതികരിക്കാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.

നോ പറയേണ്ടടത്ത് നോ പറഞ്ഞാൽ ഒരാളും നമ്മുടെ അടുത്ത് വന്ന് ബലമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെടില്ല. നമ്മൾ ലോക്ക് ചെയ്ത റൂം നമ്മൾ തന്നെ തുറന്നുകൊടുക്കാതെ ഒരാളും അകത്തേക്കു വരില്ല. ഞാൻ ലോക്ക് ചെയ്ത റൂം രാവിലെ മാത്രമേ തുറക്കൂ. അസമയത്തു വന്ന് ഒരാൾ വാതിലിൽ മുട്ടിയാൽ എന്തിനാണു തുറന്നുകൊടുക്കുന്നത്. അവർക്ക് സംസാരിക്കാനും കള്ളുകുടിക്കാനും എന്തിനാണ് നമ്മളൊരു സ്പേസ് കൊടുക്കുന്നത്. പ്രതികരിക്കാനുള്ള ധൈര്യമാണ് െപൺകുട്ടികൾക്കു വേണ്ടത്.

കാസ്റ്റിങ് കൗച്ചുകളിൽപോലും ഇതു തന്നെയാണ് നടക്കുന്നത്. അവിടെയും നമ്മൾ നോ പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. അതല്ലാതെ എല്ലാം നടന്നു കഴിഞ്ഞ ശേഷം, അന്നയാൾ റൂമിൽ വന്നത് അറിയില്ലായിരുന്നു എന്നൊക്കെ പറയുന്നത് മണ്ടത്തരമാണ്. സിനിമാ സെറ്റിൽ നാൽപതു പേരെങ്കിലും ഉണ്ടാകും. അവരുടെ മുന്നിൽ വച്ച് ആരെങ്കിലും എന്തെങ്കിലും നമ്മളെ ചെയ്യാൻ വരുമോ? രാത്രി ഇവിടെ വന്നോട്ടെ എന്നൊക്കെ നമ്മളോട് ചോദിക്കും. ആ ചോദ്യത്തിനു പബ്ലിക്കായിത്തന്നെ മറുപടി പറഞ്ഞ് നാണം കെടുത്തണം. അതിനു കഴിയാത്തവർ ഡബ്ല്യുസിസി പോലുള്ള സംഘടനകളിൽ പോയി പരാതിപ്പെടണം. അതിനു കാലതാമസമുണ്ടാകരുത്. ഇന്നു കാലത്തു നടന്ന സംഭവത്തിന് വൈകിട്ടുതന്നെ പോയി പരാതിപ്പെടണം. അല്ലാതെ സിനിമ മുഴുവൻ അഭിനയിച്ച് അതിന്റെ പൈസയും മേടിച്ച ശേഷം പരാതിപ്പെട്ടിട്ട് എന്തു കാര്യം.

ഇപ്പോഴും ഒരുപാട് പെൺകുട്ടികളെ, മോഡൽസിനെ കാസ്റ്റിങ് കൗച്ച് എന്ന പേരിൽ ചൂഷണം ചെയ്യുന്നുണ്ട്. സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ട്. പക്ഷേ ആരും നമ്മളെ ബലമായി ഒന്നിനും നിർബന്ധിക്കില്ല. നമ്മൾ എതിർത്താൽ യാതൊരു പ്രശ്നങ്ങളും ഉണ്ടാകില്ല.’’–സ്വാസിക പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com