ഞാൻ ശക്തമായി ബാലയെ പിന്തുണയ്ക്കുന്നു, അതിന് കാരണമുണ്ട്: അഞ്ജലി അമീർ
Mail This Article
ഷെഫീക്കിന്റെ സന്തോഷം സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ബാലയെ പിന്തുണയ്ക്കുന്നുവെന്ന് നടി അഞ്ജലി അമീർ. ജൂനിയർ ആർടിസ്റ്റിനുവരെ 5000 രൂപ കിട്ടുന്ന കാലത്ത് ബാലയെപ്പോലുള്ള നടന് ദിവസം പതിനായിരം രൂപ കൊടുത്തു എന്നു പറയുന്നത് ശരിയല്ലെന്നും ഉണ്ണി മുകുന്ദൻ കാണിച്ച കണക്കിൽ താളപ്പിഴകളുണ്ടെന്നുമാണ് അഞ്ജലി അമീർ ആരോപിക്കുന്നത്.
‘‘ഞാൻ ശക്തമായി ബാലയെ പിന്തുണയ്ക്കുന്നു. കാരണം ഒരു ജൂനിയർ ആർടിസ്റ്റിനു വരെ 3000 മുതൽ 5000 വരെ കിട്ടുന്ന കാലത്ത് ബാലയെപ്പോലുള്ള ഒരു നടന് ഉണ്ണി മുകുന്ദൻ ദിവസം പതിനായിരം രൂപയേ കൊടുത്തിട്ടുള്ളൂ എന്നും പറയുന്നതിലും ബാക്കി ഉള്ളവർക്ക് കൊടുത്ത പ്രതിഫലത്തിലും, കാണിക്കുന്ന കണക്കിലെ താളപ്പിഴകളും വച്ച് ഉണ്ണി മുകുന്ദൻ പറയുന്നതിൽ വശപ്പിശക് തോന്നുന്നു. ബാലയ്ക്ക് ഒരുപക്ഷേ ഉണ്ണിയെപ്പോലെ സംസാരിച്ചു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ലായിരിക്കും. പക്ഷേ അത് അയാളുടെ കഴിവുകേടായി കരുതരുത്.’’–അഞ്ജലി അമീർ പറഞ്ഞു.
ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിർമിച്ച 'ഷെഫീക്കിന്‍റെ സന്തോഷം' എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടൻ ബാല നടത്തിയ പരാമാർശങ്ങളാണ് വിവാദമായി മാറിയത്. ചിത്രത്തില്‍ അഭിനയിച്ചതിന് താൻ അടക്കമുള്ള സാങ്കേതിക പ്രവർത്തകർക്ക് പ്രതിഫലം നല്‍കിയില്ലെന്നായിരുന്നു നടന്‍ ബാലയുടെ പ്രസ്‍താവന. എന്നാല്‍ ബാല പറയുന്നത് ശരിയല്ലെന്നും അദ്ദേഹത്തിന് പ്രതിഫലം നല്‍കിയിരുന്നുവെന്നും പറഞ്ഞ് സംവിധായകന്‍ അനൂപ് പന്തളം അടക്കമുള്ളവർ രംഗത്തെത്തി. പിന്നാലെ കഴിഞ്ഞ ദിവസം വിഷയത്തിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.