നിങ്ങളുടെ കരിയർ തകർക്കാൻ ആരൊക്കെയോ ശ്രമിക്കുന്നു, ശ്രദ്ധവേണം: ഉണ്ണി മുകുന്ദനോട് സന്തോഷ് പണ്ഡിറ്റ്
Mail This Article
ഷെഫീക്കിന്‍റെ സന്തോഷം സിനിമയുടെ വിവാദത്തിൽ ഉണ്ണി മുകുന്ദന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്. ഉണ്ണിയുടെ കരിയർ തകർക്കുവാൻ ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്നും വളരെ ശ്രദ്ധിച്ചു വേണം മുന്നോട്ടു പോകുവാനെന്നും പണ്ഡിറ്റ് പറഞ്ഞു.
ബാലയുടെ ആരോപണത്തിന് മറുപടിയുമായി ബാല ഉൾപ്പടെയുള്ളവർക്ക് നൽകിയ പ്രതിഫലത്തിന്റെ രേഖകൾ ഉണ്ണി മുകുന്ദൻ പുറത്തുവിട്ടിരുന്നു. ഇവ ഫെയ്സ്ബുക്കിലും നടൻ പങ്കുവച്ചു. ഈ പോസ്റ്റിന് താഴെയായിരുന്നു പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ് എത്തിയത്.
‘‘പൊളിച്ചു. ഇങ്ങനെ തന്നെ വേണം. ഈ പ്രസ്താവന ഇങ്ങനെ പബ്ലിക്ക് ആയി ഇട്ടില്ലെങ്കിലും നിങ്ങൾ ആണ് ശരിയെന്ന് ഞങ്ങൾക്ക് അറിയാം എങ്കിലും ചിലരെങ്കിലും ഈ വാർത്ത വായിച്ച് തെറ്റിദ്ധരിച്ചു എങ്കിൽ ഈ തെളിവുകൾ നല്ലതാണ്. നിങ്ങളുടെ കരിയർ തകർക്കുവാൻ ആരൊക്കെയോ പുറകിൽ നിന്നും ശ്രമിക്കുന്നുണ്ട് എന്നു തോന്നുന്നു. വളരെ ശ്രദ്ധയോടെ മുന്നോട്ട് പോവുക. ദൈവം നിങ്ങളോടൊപ്പം ഉണ്ട്. എല്ലാ ആശംസകളും.’’–സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മിച്ച 'ഷെഫീക്കിന്‍റെ സന്തോഷം' എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടൻ ബാല നടത്തിയ പരാമാർശങ്ങളാണ് വിവാദമായി മാറിയത്. ചിത്രത്തില്‍ അഭിനയിച്ചതിന് താൻ അടക്കമുള്ള സാങ്കേതിക പ്രവർത്തകർക്ക് പ്രതിഫലം നല്‍കിയില്ലെന്നായിരുന്നു നടന്‍ ബാലയുടെ പ്രസ്‍താവന. എന്നാല്‍ ബാല പറയുന്നത് ശരിയല്ലെന്നും അദ്ദേഹത്തിന് പ്രതിഫലം നല്‍കിയിരുന്നുവെന്നും പറഞ്ഞ് സംവിധായകന്‍ അനൂപ് പന്തളം അടക്കമുള്ളവർ രംഗത്തെത്തി. പിന്നാലെ കഴിഞ്ഞ ദിവസം വിഷയത്തിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.