ADVERTISEMENT

ഒരു വെള്ളക്ക കേസും കൊണ്ട് പത്തു വർഷമായി കോടതി കയറിയിറങ്ങുന്ന ഐഷുമ്മയുടെ കഥ പറയുന്ന മനോഹര ചിത്രമാണ് സൗദി വെള്ളക്ക. ഒരു കുഞ്ഞു വെള്ളക്ക കൊണ്ട് പ്രേക്ഷകനെ തിയറ്ററിൽ പിടിച്ചിരുത്താൻ കഴിയുമോ? തരുൺ മൂർത്തി എന്ന സംവിധായകന് അതു പറ്റുമെന്നാണ് ‘സൗദി വെള്ളക്ക’ എന്ന ചിത്രത്തിന്റെ വിജയം തെളിയിക്കുന്നത്. ഇപ്പോഴിതാ തിയറ്ററുകളിൽ ചിരി പടർത്തിയ കോടതി രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ശശിധരന്റെ മകൻ അഭിലാഷ് ശശിധരൻ ഐഷുമ്മയുടെ വീടിനയൽപ്പക്കത്ത് രണ്ടായിരത്തി അഞ്ചിൽ ട്യൂഷൻ പഠിക്കാൻ വരുന്നിടത്ത് നിന്ന് തുടങ്ങുന്ന സൗദിക്കഥ അവസാനിക്കുന്നത് 2019ലാണ്. രണ്ടായിരത്തി അഞ്ചിൽ ട്യൂഷൻ പഠിക്കാൻ വന്ന കുട്ടികളെല്ലാം സാക്ഷികളായിരുന്നു. വർഷങ്ങൾ കഴിഞ്ഞപ്പോൾ അവർ പല വഴിക്ക് പോയി, പലർക്കും ഒന്നും ഓർമ്മ ഇല്ല. അന്ന് കള്ളസാക്ഷി പറഞ്ഞ ചിലർ മൊഴിമാറ്റി പറയുന്നതിലെ വൈരുധ്യം കോടതിയിൽ ചിരി പടർത്തുന്നതാണ് ഈ രംഗത്തിൽ കാണുന്നത്.

 

ഇന്ത്യയിലെ വിവിധ കോടതികളിലായി വിധി കാത്ത് കെട്ടിക്കിടക്കുന്ന നാൽപ്പത്തിയേഴ് ദശലക്ഷം കേസുകളിൽ താരതമ്യേന നിസ്സാരമായ ഒന്നായിരുന്നു സൗദിയിലെ വെള്ളക്ക കേസ്. നീണ്ടു പോകുന്ന കോടതി വ്യവഹാരങ്ങൾ അതിലുൾപ്പെട്ടു പോകുന്ന മനുഷ്യരുടെ ജീവിതത്തെ കോടതി വരാന്തയിൽ തളക്കുന്നതെങ്ങനെയെന്ന് ചിരിയുടെയും ചിന്തയുടെയും മേമ്പൊടി ചേർത്ത് സമ്മാനിച്ച 'സൗദി വെള്ളക്ക' ഒരേ സമയം ചിരിയും കരച്ചിലും സമ്മാനിക്കുന്ന ചിത്രമാണ്. വളരെ റിയലിസ്റ്റിക് ആയി ചിത്രീകരിച്ച കോടതി മുറിയിലെ രംഗങ്ങൾ നർമ മുഹൂർത്തങ്ങൾ നിറഞ്ഞതാണ്. ഇമോഷനൽ സീനുകളും, സിറ്റുവേഷനൽ കോമഡികളുമായി മുൻപോട്ട് പോകുന്ന ചിത്രം മനുഷ്യബന്ധവും അതിന്റെ വൈകാരിക തലങ്ങളും നിയമവും നീതിയുമെല്ലാം ഇഴകീറി പരിശോധിക്കുന്നു.

 

‘ഓപ്പറേഷൻ ജാവ’യുടെ വമ്പൻ വിജയത്തിനു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് ‘സൗദി വെള്ളക്ക’.  ഇന്ത്യൻ പനോരമയിൽ ഇടം ലഭിച്ചതുൾപ്പടെ നിരവധി അംഗീകാരങ്ങൾ നേടിയാണ് ചിത്രം തിയറ്ററിലെത്തിയത്. കൊച്ചി തേവര പാലത്തിനടുത്തുള്ള സൗദി എന്ന ചെറിയ സ്ഥലത്തെ ഒരു തെങ്ങിൽനിന്നു വീണ വെള്ളക്ക കുറെ മനുഷ്യരെ വർഷങ്ങളോളം കോടതി കയറ്റിയ കഥ പറയുന്ന ചിത്രം പ്രേക്ഷക ഹൃദയങ്ങളെ പിടിച്ചുലയ്ക്കുകയാണ്. ആദ്യ ചിത്രം പോലെ തന്നെ ഇതും യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കുന്നതെന്ന് തരുൺ പറയുന്നു.

 

ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമാണം. ലുക്ക്മാൻ അവറാൻ, ദേവി വർമ്മ, സുധി കോപ്പ, ശ്രിന്ധ, ഗോകുലൻ, ധന്യ അനന്യ എന്നിവരാണ് അഭിനേതാക്കൾ. ആദ്യ ചിത്രം പോലെ തന്നെ ഇതും യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കുന്നതെന്ന് തരുൺ പറയുന്നു. കഥ, തിരക്കഥ, സംവിധാനം: തരുൺ മൂർത്തി. ഛായാഗ്രഹണം: ശരൺ വേലായുധൻ. ചിത്രസംയോജനം: നിഷാദ് യൂസഫ്, സഹനിർമ്മാണം: ഹരീന്ദ്രൻ, ശബ്ദ രൂപകൽപന: വിഷ്ണു ഗോവിന്ദ് -ശ്രീശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, സംഗീതം: പാലീ ഫ്രാൻസിസ്.

 

ഗാന രചന: അൻവർ അലി, രംഗപടം: സാബു മോഹൻ, ചമയം: മനു മോഹൻ, കാസ്റ്റിങ് ഡയറക്ടർ: അബു വാളയംകുളം,  വസ്ത്രലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ജിനു പി.കെ., നിശ്ചലഛായഗ്രാഹണം: ഹരി തിരുമല, പ്രൊഡക്‌ഷൻ കോർഡിനേറ്റർ: മനു ആലുക്കൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com