അവതാർ 2 കാണാൻ പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ
Mail This Article
ദൃശ്യവിസ്മയമൊരുക്കി വെള്ളിയാഴ്ച രാത്രി പന്ത്രണ്ടോടെ ജെയിംസ് കാമറൂണിന്റെ ‘അവതാർ 2–ദ് വേ ഓഫ് വാട്ടർ’ തിയറ്ററുകളിലെത്തി. ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ. ‘അന്യായ വിഷ്വൽ ട്രീറ്റ്’ നൽകുന്ന സിനിമയ്ക്കായി തീയറ്ററുകൾ സാങ്കേതികത്തികവാർന്ന സംവിധാനങ്ങൾ സ്ഥാപിച്ചുവെന്നതാണ് അവതാർ നമ്മുടെ നാട്ടിൽകൊണ്ടുവരുന്ന മാറ്റം. അത് അനുഭവിച്ചറിയണം എങ്കിൽ തിയറ്ററിൽത്തന്നെ പോണം.
∙ മാറ്റം കൊണ്ടുവന്ന അവതാരപ്പിറവി
2009 ഡിസംബർ 18ന് ലോകമെങ്ങുമുള്ള ചലച്ചിത്രാസ്വാദകരെ ഞെട്ടിച്ചുകൊണ്ടാണ് അവതാറിന്റെ ഒന്നാംഭാഗം തിയറ്ററുകളിൽ എത്തിയത്. ലോകമെങ്ങും ത്രിഡി ഫോർമാറ്റിലുള്ള സിനിമകൾ വ്യാപകമാക്കിയത് അവതാറിന്റെ വരവായിരുന്നു. 13 വർഷത്തിനു ശേഷമാണ് ജെയിംസ് കാമറൂൺ അവതാറിന്റെ രണ്ടാംഭാഗവുമായി വരുന്നത്. കേരളത്തിലെ തീയറ്ററുകൾക്ക് സാങ്കേതികവിദ്യയുടെ പുതുജീവൻ പകർന്നുകൊണ്ടാണ് ഈ രണ്ടാംവരവ് എന്നതാണ് ആവേശകരമായ കാര്യം.
അവതാറിന്റെ ഒന്നാംഭാഗമിറങ്ങിയ കാലമല്ല ഇത്. കാലം മാറിയിരിക്കുന്നു. കോവിഡ് ലോക്ഡൗണിനുശേഷം ആളുകൾ തിയറ്ററിലേക്കുള്ള പോക്ക് കുറച്ചു. ഓടിടിയും മൊബൈൽഫോണിന്റെ കുഞ്ഞുസ്ക്രീനുമായി ഭൂരിഭാഗം ആളുകളും ഒതുങ്ങിക്കഴിയുന്ന കാലത്താണ് അവതാർ രണ്ടാം ഭാഗത്തിന്റെ വരവ്. സ്വന്തമായി വികസിപ്പിച്ച ക്യാമറയും സാങ്കേതിക വിദ്യയുമുപയോഗിച്ചാണ് ജെയിംസ് കാമറൺ അവതാർ എടുത്തതെന്നൊന്നും റിവ്യൂ സിങ്കങ്ങൾ നോക്കില്ല എന്നതായിരിക്കും രണ്ടാംഭാഗമിറങ്ങുമ്പോഴുള്ള തമാശ. ഇന്റർവെൽ പഞ്ചുപോര, ശബ്ദം പോര തുടങ്ങിയ ഡയലോഗുകളുടെ പൂരമാണ് പ്രതീക്ഷിക്കാവുന്നത്. എന്നാൽ തിയറ്ററിലെ ഇരുട്ടിൽപോയിരുന്ന് അനുഭവിച്ചറിയേണ്ട മായികലോകമാണ് കാമറൺ തന്റെ സർഗാത്മകത കൊണ്ട് സൃഷ്ടിച്ചുവച്ചിരിക്കുന്നത്. ആ ദൃശ്യവിസ്മയത്തെ പരിപൂർണതയോടെ തങ്ങളുടെ തീയറ്ററുകളിൽ എത്തിക്കാൻ തീയറ്ററുടമകളും ജീവനക്കാരും ഏതാനും ദിവസങ്ങളായി കഷ്ടപ്പെടുകയാണ്. സിനിമയെ അതിന്റെ പരിപൂർണതയിൽ ആസ്വദിക്കാൻ തീയറ്ററിലെത്തിയേ മതിയാവൂ എന്ന് അടിവരയിടുന്നതാണ് ‘അവതാർ ദ വേ ഓഫ് വാട്ടറും’ അതിനായി അണിഞ്ഞൊരുങ്ങിയ തിയറ്ററുകളും.
∙ രണ്ടാംഭാഗം തീയറ്ററിൽ കാണണം
പൂർണമായും അവതാറായി മാറിയ ജേക് സുള്ളിയും നെയ്തീരിയും അവരുടെ കുട്ടികളുമടങ്ങുന്ന കുടുംബത്തിലേക്കാണ് അവതാർ രണ്ടാംഭാഗം ക്യാമറ തിരിക്കുന്നത്. തങ്ങളുടെ വീടുവിട്ട് പൻഡോറയെന്ന വിദൂരഗ്രഹത്തിന്റെ മറ്റൊരുകോണിലേക്ക് പലായനം ചെയ്യുകയാണ് സുള്ളിയും കുടുംബവും. ജേക് സുള്ളിയോടു പ്രതികാരം ചെയ്യാനും അവരെ വേട്ടയാടാനുമായി കേൺൽ മൈൽസ് ക്വാറിച്ചും കൂട്ടരുമെത്തുന്നതാണ് രണ്ടാംഭാഗത്തിന്റെ കഥ.192 മിനിറ്റുകൊണ്ടാണ് അവതാറെന്ന ഇതിഹാസം ജെയിംസ് കാമറൂൺ പറയുന്നത്. കഥയവിടെ നിൽക്കട്ടെ.
ജെയിംസ് കാമറൂൺ അവതാറിന്റെ കഥയെഴുതി 15 വർഷം കാത്തിരുന്ന ശേഷമാണ് അവതാർ ഓന്നിന്റെ ചിത്രീകരണം തുടങ്ങിയത്. തന്റെ മനസ്സിലുള്ള ആ മായികലോകം വെള്ളിത്തിരയിൽ പുനഃസൃഷ്ടിക്കാനായിരുന്നു ആ കാത്തിരിപ്പ്. വോള്യം എന്ന ക്യാമറ അതിനായി സൃഷ്ടിച്ചു. അതിനു പേറ്റന്റുമെടുത്തു. സ്റ്റീരിയോസ്കോപ്പിക്ക് ത്രിഡി എന്ന ഛായാഗ്രഹണ സങ്കേതം പിന്നീട് ലോകസിനിമയെ മാറ്റിമറിച്ചു.
അവതാർ രണ്ടിന്റെ വരവ് വിവിധ സിനിമാഫോർമാറ്റുകളിൽ ആണെന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. അതീവ ശ്രദ്ധയോടെയാണ് ശബ്ദ മിശ്രണം നിർവഹിച്ചിരിക്കുന്നത്. കടലിൽപെയ്യുന്ന മഴയും വെള്ളത്തിനടിയിലെ മിന്നുന്ന ജീവികളും ശ്വാസോച്ഛ്വാസവുമൊക്കെ അതീവ ശ്രദ്ധയോടെയാണ് ഒരുക്കിയിരിക്കുന്നത്. തീയറ്ററിലിരിക്കുമ്പോൾ അതെല്ലാം പ്രേക്ഷകന് അനുഭവിച്ചറിയാൻ കഴിയണമെന്ന സൂക്ഷ്മത പാലിച്ചാണ് ചിത്രം ഒരുക്കിയത്.
∙ പല ഫോർമാറ്റ്, പുതുദൃശ്യാനുഭവം
കേരളത്തിൽ ഐമാക്സ്, ഫോർഡിഎക്സ് തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെട്ടിയിട്ടുണ്ട്. റിയൽഡി ത്രിഡി, ഡോൾബി ത്രീഡി, ഐമാക്സ് ത്രീഡി എന്നീ ഫോർമാറ്റുകളിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. ഒരു സെക്കൻഡിൽ 48 ഫ്രെയിം എന്ന നിരക്കിലുള്ള പതിപ്പുകളും റിലീസിനെത്തിയിട്ടുണ്ട്. പാൻഡോറയിൽ നാവികൾ ആകാശത്തുകൂടി പറന്നുനടക്കുന്നത് വളരെ ഒഴുക്കോടെ കാണാമെന്നതാണ് 48 ഫ്രെയിമിന്റെ പ്രത്യേകത. ഒരു സെക്കൻഡിൽ 24 ഫ്രെയിമുകളെന്നതാണ് സാധാരണ നിരക്ക്. 48 ഫ്രെയിം നിരക്കിലുള്ള സിനിമ കാണാനാണ് ആഗ്രഹിക്കുന്നതെങ്കിൽ തിയറ്റർ തിരഞ്ഞെടുക്കുമ്പോൾ എച്ച്എഫ്ആർ (ഹൈഫ്രെയിംറേറ്റ്) ഉണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കണം. സിംഗിൾ ലേസർ ടെക്നോളജിയുള്ള ഐമാക്സ് ത്രിഡി പതിപ്പാണ് അവതാർ രണ്ടിന്റെ ഏറ്റവും മികച്ച ദൃശ്യാനുഭവം നൽകുകയെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഇതൊന്നും ലഭ്യമല്ലെങ്കിൽ സാധാരണ ചിത്രത്തിന്റെ സാധാരണ റ്റുഡി പതിപ്പും എത്തിയിട്ടുണ്ട്. സാധാരണ സിനിമകളുടെ മാതൃകയിലുള്ള ഈ പതിപ്പായിരിക്കും ഒടിടി റിലീസായെത്തുക. 1.85: 1 (ത്രിഡി വേർഷൻ), 1.90:1 (ഐമാക്സ് വേർഷൻ), 2.39:1 (തീയറ്ററിക്കൽ വേർഷൻ) ആസ്പെക്റ്റ് റേഷ്യോകളിലാണ് ചിത്രത്തിന്റെ വരവ്. ഓറോ 11.1, ഡിടിഎസ് എക്സ്, ഐമാക്സിൽ 12 ട്രാക്ക് ഡിജിറ്റൽ സൗണ്ട്, ഡോൾബി അറ്റ്മോസ്, ഐമാക്സ് 6 ട്രാക്ക്, ഡോൾബി സറൗണ്ട് 7.1 എന്നിങ്ങനെയാണ് ശബ്ദമിശ്രണം നടത്തിയിരിക്കുന്നത്.തിയറ്ററിന്റെ പ്രത്യേകതകൾ നോക്കി ആളുകൾ സിനിമ കാണാൻപോവുന്ന കാലമാണ്. അവതാറിന്റെ ഏതു ഫോർമാറ്റാണ് മികച്ചത് എന്ന സംശയം ആർക്കുംതോന്നാം. ഒരു ഫോർമാറ്റും മോശമല്ല. കാണുന്ന തീയറ്ററിന്റെ വലിപ്പം, കാണികളുടെ എണ്ണം തുടങ്ങി പല പല കാരണങ്ങളാൽ ഓരോ ഫോർമാറ്റും മികച്ചുനിൽക്കും.
∙അവതാർ പിറവിക്കുമുൻപ് മുഖം മിനുക്കി തിയറ്ററുകൾ
അവതാറിനെ വരവേൽക്കാൻ കോഴിക്കോട് ക്രൗൺ തീയറ്ററിൽ പുതിയ തിരശ്ശീലയാണ് തയാറാക്കിയത്. പതിറ്റാണ്ടുകളായി മലബാറിലെ ജനങ്ങൾ ഇംഗ്ലിഷ് സിനിമകൾ കാണാൻ ആശ്രയിക്കുന്ന തീയറ്ററാണ് ക്രൗൺ. കാണികൾക്ക് ഡോൾബി അറ്റ്മോസ് ശബ്ദമികവും മികച്ച ദൃശ്യമികവും നൽകുന്ന തീയറ്റാണ് ക്രൗൺ. അവതാർ വരുന്നതിനുമുന്നോടിയായി സ്ക്രീൻ പുതുക്കാനാണ് ഉടമകൾ തീരുമാനിച്ചത്. ഇതിനായി പുതിയ സിൽവർസ്ക്രീൻ കെട്ടി. ഇന്നലെ രാവിലെ അറുമണിക്കാണ് അവതാറിന്റെ ആദ്യഷോ നടത്താനിരുന്നത്. എന്നാൽ വ്യാഴാഴ്ച വൈകിട്ട് സ്ക്രീൻ തയാറായിക്കഴിഞ്ഞുവെന്ന് ഉറപ്പായതോടെ അവതാറിന്റെ ആദ്യഷോ രാത്രി പന്ത്രണ്ടുമണിക്ക് നടത്താൻ തീരുമാനിച്ചു. രാത്രി ഒൻപതരയോടെ ടിക്കറ്റുകൾ വിറ്റുതീർന്നു.
ലോക്ഡൗൺ കാലത്ത് അടച്ചിട്ട കോറണേഷൻ തിയറ്റർ നവീകരണത്തിനുശേഷം വ്യാഴാഴചയാണ് ഉദ്ഘാടനം ചെയ്തത്. ഇവിടെ 4കെ ഡോൾബി അറ്റ്മോസാണ് ആദ്യ സ്ക്രീൻ ഒരുക്കിയിരിക്കുന്നത്. മറ്റു രണ്ടു സ്ക്രീനുകളും 2കെ ഡോൾബി അറ്റ്മോസാണ്.
കൊച്ചി പിവിആർ ലുലുവിൽ റിയൽഡി ത്രീഡി സ്ക്രീനുണ്ട്. കേരളത്തിലെ ആദ്യ തീയറ്ററായ തൃശൂർ റൗണ്ടിലെ ജോസ് തീയറ്റർ നവീകരണത്തിനുശേഷം അവതാറുമായാണ് തുറന്നത്. കണ്ണൂരിൽ സമുദ്ര തീയറ്റർ ഡോൾബി അറ്റ്മോസാക്കിമാറ്റിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഏരിസ് പ്ലക്സ് ഓഡി ഒന്ന് ബാർകോയുടെ എസ്പി 4കെ പ്രൊജക്റ്റർ സ്ഥാപിച്ചത് അവതാറിനുമുന്നോടിയായാണ്. കൽപ്പറ്റ ജൈത്രയും അവതാർ പ്രദർശനത്തിനെത്തിക്കാൻ നവീകരണജോലികൾ പുരഗോമിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ വലുതുംചെറുതുമായ തീയറ്ററുകളെല്ലാം അവതാറിനുമുൻപ് പ്രൊജക്ഷനും ശബ്ദസംവിധാനവും പുതുക്കി. നാട്ടിലും നഗരത്തിലും സിനിമാമേഖലയിൽ ഉണർവുണ്ടായിരിക്കുന്നു. കാണികൾ കുടുംബസമേതം രാത്രി 12 മണിക്കും രാവിലെ ആറുമണിക്കുമൊക്കെ അവതാർ കാണാൻ തീയറ്ററുകളിലെത്തുകയും ചെയ്തു.