കലക്‌ഷനിൽ എൻഡ് ഗെയിം തന്നെ മുന്നിൽ; ആദ്യ ദിനം അവതാർ വാരിയത് 41 കോടി
Mail This Article
ജയിംസ് കാമറണിന്റെ വിസ്മയം അവതാർ 2 ആദ്യദിനം ഇന്ത്യയിൽ നിന്നും വാരിയത് 41 കോടി. ആദ്യ ദിന കലക്‌ഷനിൽ അവഞ്ചേഴ്സ് എൻഡ് ഗെയിമിന്റെ റെക്കോർഡ് തകർക്കാൻ അവതാറിനായില്ല. 53 കോടിയാണ് ആദ്യദിനം എൻഡ് ഗെയിം ഇന്ത്യയിൽ നിന്നും വാരിയത്.
‘അവതാർ– 2 ദ് വേ ഓഫ് വാട്ടർ’ കേരളത്തിലും ആദ്യ ദിനം ബോക്സ് ഓഫിസ് കുലുക്കി. 300 സ്ക്രീനുകളിലാണ് 3ഡി ചിത്രം പ്രദർശിപ്പിക്കുന്നത്. പല തിയറ്റർ ഉടമകളും 3 ആഴ്ച ചിത്രം പ്രദർശിപ്പിക്കാമെന്ന കരാറാണു നൽകിയിരിക്കുന്നതെന്നതിനാൽ അവതാർ ആവേശം ഡിസംബർ മുഴുവൻ നീളാനാണു സാധ്യത.
സൂപ്പർഹീറോ ഹോളിവുഡ് സിനിമകൾ യുവാക്കളെയാണ് ആകർഷിക്കുന്നതെങ്കിൽ അവതാറിന് സ്ത്രീകളും കുട്ടികളുമുൾപ്പെടെ കുടുംബപ്രേക്ഷകരെയാണ് നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്. 13 വർഷം മുൻപ് അവതാർ സിനിമയുടെ ആദ്യഭാഗം കണ്ട കുട്ടികൾ ഇന്നു യുവാക്കളാണ്. സിനിമയുടെ ചരിത്രയാത്രയിൽ പങ്കാളികളാണ് അവരും. ഇന്ത്യയിൽ 3800 സ്ക്രീനുകളിലായി 14,000 ഷോയാണ് ഒരു ദിവസമുള്ളത്. ചിത്രം റിലീസ് ചെയ്യും മുൻപുതന്നെ ബുക്ക് മൈ ഷോ വഴി 20 കോടിയുടെ പ്രീ ബുക്കിങ് നേടിയിരുന്നു.
കേണൽ മൈൽ ക്വാർട്ടിച്ചിന്റെ നേതൃത്വത്തിലുള്ള പട്ടാളത്തെ പാൻഡോറയിൽനിന്നു തുരുത്തുന്നിടത്താണ് അവതാർ ആദ്യ ഭാഗം അവസാനിക്കുന്നത്. പിന്നീട് പതിറ്റാണ്ടുകൾക്കു ശേഷമുള്ള പാൻഡോറയുടെ കാഴ്ചകളിലൂടെയാണ് അവതാർ 2ന്റെ തുടക്കം. കേന്ദ്ര കഥാപാത്രങ്ങളായ ജാക്കും നേയ്ത്രിയും കുടുംബത്തെ സംരക്ഷിക്കാൻ നടത്തുന്ന പോരാട്ടക്കാഴ്ചകളാണ് സിനിമ.
തിരക്കഥയെ കാര്യമായി ഗൗനിക്കാതെ ദൃശ്യങ്ങളിലാണ് സംവിധായകൻ അഭിരമിക്കുന്നതെന്നാണ് സിനിമ കണ്ടിറങ്ങിയ വിമർശകരുടെ വിലയിരുത്തൽ. ആദ്യ സിനിമ പോലെ ‘ഇമോഷനലി കണക്ട്’ ആയില്ല രണ്ടാം ഭാഗം എന്നും ചിലർ കരുതുന്നു. സിനിമയുടെ ദൈർഘ്യം 3 മണിക്കൂറിലേറെയുമാണ്. അവസാനത്തെ ഒരു മണിക്കൂർ മാത്രം മതി കൊടുത്ത കാശ് മുതലാണെന്ന് പ്രേക്ഷകരിലേറെയും പറയുന്നു. കാടകങ്ങളിലേക്കു പടർന്നു കയറിയ കൂറ്റൻമരങ്ങളുടെ ബലിഷ്ഠമായ ചില്ലകളായിരുന്നു ആദ്യ ഭാഗത്തിന്റെ കാഴ്ചകളെങ്കിൽ കടലാണ് രണ്ടാം ഭാഗത്തിൽ ഓളമുയർത്തുന്നത്.
കേരളത്തിൽ അവതാർ–2 കാണാൻ മികച്ച തിയറ്ററേത് എന്നതു സംബന്ധിച്ചും ചർച്ച നടക്കുകയാണ്. പലരും തിയറ്ററുകളുടെ നിലവാരം വിലയിരുത്തി സിനിമയ്ക്കു ശേഷം അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്തതോടെ തിയറ്ററുകളുടെ ഗുണനിലവാരത്തിലെ അനൗദ്യോഗിക റേറ്റിങ്ങിനും അവതാർ വഴിതെളിച്ചു. ഐമാക്സ് തിയറ്ററുകളിലാണ് അവതാർ ഏറ്റവും മികച്ച ദൃശ്യാനുഭവം നൽകുന്നത്. കേരളത്തിൽ ഐമാക്സ് തിയറ്ററുകൾ തിരുവനന്തപുരം ലുലുവിലുണ്ടെങ്കിലും അവിടെ അവതാറിന്റെ ഷോ തുടങ്ങിയിട്ടില്ല. ചിത്രം കൂടുതൽ മികച്ച ദൃശ്യാനുഭവങ്ങളോടെ കാണാൻ കേരളത്തിനു പുറത്തെ ഐമാക്സ് തിയറ്ററുകളിൽ പോയ പ്രേക്ഷകരുമുണ്ട്.
അവതാർ ആദ്യഭാഗം നേടിയ ആഗോള കലക്‌ഷൻ 2.91 ബില്യൻ ഡോളറായിരുന്നു (ഏകദേശം 24,000 കോടി രൂപ). 2,000 കോടി രൂപയോളം ചെലവിട്ടു നിർമിച്ച രണ്ടാം ഭാഗം അതിലേറെ വാരുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാർ.
ക്രിസ്മസ് അവധി കാത്ത്
കേരളത്തിൽ പല സ്ക്രീനുകളിലും പതിവുള്ള 4നു പകരം 5 പ്രദർശനങ്ങൾ നടന്നു. പുലർച്ചെയും രാത്രി വൈകിയും നടന്ന പ്രദർശനങ്ങളെല്ലാം ഹൗസ് ഫുൾ! പല സ്ക്രീനുകളിലും ഫസ്റ്റ് ഷോയ്ക്കു ശേഷം രാത്രി 10നും 11നുമൊക്കെ പ്രദർശനം നടന്നു. ‘‘ഷോകളുടെ എണ്ണം കൂടുതലാണ്. വരുമാനത്തിലും റെക്കോർഡ് സാധ്യതയുണ്ട്. പ്രത്യേകിച്ച്, ക്രിസ്മസ് അവധിക്കാലം വരുന്നതിനാൽ’’– പ്രമുഖ തിയറ്റർ ശൃംഖല ഉടമയുടെ വാക്കുകൾ. ഡിസ്നിയാണു വിതരണക്കാർ.