ADVERTISEMENT

സിനിമ ആസ്വാദനത്തിന്റെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയുമായി തിരുവനന്തപുരം ലുലു മാളിലെ പിവിആർ സിനിമാസിൽ ഐമാക്സ് എത്തി. ജയിംസ് കാമറണിന്റെ അവതാർ 2 ആണ് ഐമാക്സിലെ ആദ്യ റിലീസ്. ഡിസംബർ 21 നാണ് ഐമാക്സിന്റെ പ്രദർശനം ആരംഭിച്ചത്. 830, 930, 1230 എന്നിങ്ങനെയാണ് ഐമാക്സ് ടിക്കറ്റ് നിരക്കുകൾ. ഇതിൽ റിക്ലൈനർ സീറ്റുകൾക്കാണ് 1230 രൂപ ഈടാക്കുന്നത്. തെന്നിന്ത്യയിലെ ഏറ്റവും വലിയ ഐമാക്സ് തിയറ്റർ കൂടിയാണിത്.

ഐമാക്സ് പ്രദർശനസജ്ജമായതോടെ സിനിമാ പ്രേമികൾ തിയറ്ററിലേക്ക് ഒഴുകുകയാണ്. വലിയ ബുക്കിങ് ആണ് ഓണ്‍ലൈനിൽ അനുഭവപ്പെടുന്നതും. ഏകദേശം അഞ്ചുവർഷമായി ഐ മാക്സ് തിയറ്റർ കേരളത്തിൽ എത്തുന്നതിനെപ്പറ്റിയുള്ള ചർച്ചകൾ സിനിമ പ്രേമികൾക്കിടയിൽ സജീവമായിരുന്നു. രാജ്യത്തെ 22ാമത്തെ ഐമാക്സ് തിയറ്ററാണ് തിരുവനന്തപുരത്ത് തുറന്നിരിക്കുന്നത്.

imax-trivandrum

ഇമേജ്, മാക്സിമം എന്നീ വാക്കുകളുടെ ചുരുക്കെഴുത്ത് രൂപമാണ് ഐമാക്സ്. സാധാരണ തിയറ്റർ അനുഭവമായിരിക്കില്ല ഐ മാക്സ് തരുന്നത്. പകരം പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ സ്ക്രീനിൽ വലിയ ചിത്രങ്ങളായി മികച്ച ദൃശ്യാനുഭവത്തിനൊപ്പം ഉയർന്ന നിലവാരമുള്ള ശബ്ദവിന്യാസവും കൊണ്ട് പ്രേക്ഷകന് മികച്ച ഒരു വിഷ്വൽ സദ്യ തന്നെയാകും ഐമാക്സ് ഒരുക്കുക.

കനേഡിയൻ കമ്പനിയായ ഐമാക്സ് കോർപറേഷൻ വികസിപ്പിച്ച സാങ്കേതികവിദ്യയിലൂടെ ഒരുക്കിയിട്ടുള്ള ഐ മാക്സ് തിയറ്ററുകൾ ആദ്യമായി ഇന്ത്യയിലെത്തുന്നത് 1999 ൽ മുംബൈയിലെ വഡാലയിലാണ്. ഇത്തരം ഐ മാക്സ് തിയറ്ററിൽ, സിനിമകൾ സാധാരണയെക്കാൾ വലിയ അളവിലും റെസലൂഷനിലും ഷൂട്ട് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ഐമാക്സ് സ്ക്രീനുകളുടെ വലുപ്പം പ്രധാനമായും മൾട്ടിപ്ലക്സിന്റെ വിസ്തൃതിയെ ആശ്രയിച്ചാണിരിക്കുന്നത്. 47 x 24 അടി മുതൽ 74 x 46 അടി വരെയും തറയിൽനിന്ന് മേൽക്കൂരയിലേക്കും ചുവരിൽനിന്ന് ഭിത്തിയിലേക്കും ഇമേജുകൾ വ്യാപിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. തിയറ്റർ സ്‌ക്രീനിന് ഒരു ചെറിയ കർവും ഉണ്ടാകും. ലേസർ സാങ്കേതികവിദ്യയുടെ നൂതനമായ മുഴുവൻ സാധ്യതകളും ഉൾപ്പെടുത്തി ഒരുക്കുന്ന ഒരു തിയറ്റർ എക്സ്പീരിയൻസ് ആണ് ഐമാക്സ് തിയറ്ററുകൾ നൽകുന്നത്.

imax-trivandrum-theatre

ഐ മാക്സ് ക്യാമറകളിൽ ഷൂട്ട് ചെയ്ത സിനിമകളാണ് ഐ മാക്സ് തിയറ്ററുകളിൽ പൊതുവേ പ്രദർശിപ്പിക്കാറുള്ളത്. മറ്റു സിനിമകൾ ഡിജിറ്റൽ റീമാസ്റ്ററിങ് ചെയ്തതിനുശേഷവും ഐമാക്സിൽ പ്രദർശിപ്പിക്കാറുണ്ട്. ടു കെ, ഫോർ കെ റെസലൂഷനിലുള്ള രണ്ട് പ്രൊജക്ടറുകൾ ഒരേസമയം പ്രവർത്തിപ്പിച്ചാണ് സിനിമകൾ ഇവിടെ പ്രദർശിപ്പിക്കുന്നത്. ഒപ്പം അത്യാധുനികമായ സൗണ്ട് സ്പീക്കറുകളും കസ്റ്റം ചെയ്ത ലൗഡ് സ്പീക്കറുകളും ഉപയോഗിച്ചാണ് ശബ്ദ വിന്യാസം സുഗമമാക്കുന്നത്. തിയറ്ററിന്റെ ഏത് കോണിലിരുന്നാലും സിനിമ ഒരേപോലെ ആസ്വദിക്കാൻ സാധിക്കണമെന്ന ആശയം സമ്പൂർണമായും നടപ്പിലാക്കാൻ കഴിയുന്ന തരത്തിലാണ് ഇരിപ്പിടങ്ങൾ. അതായത്, വിശാലമായ തിയറ്ററിൽ അർധവൃത്താകൃതിയിലാണ് ഇരിപ്പിടങ്ങൾ ക്രമീകരിച്ചിക്കുന്നത്. ഇവയെല്ലാം ഒരുമിപ്പിക്കുമ്പോൾ 360 ഡിഗ്രി സൗണ്ട് വിഡിയോ അനുഭവമാണ് പ്രേക്ഷകന് ലഭിക്കുന്നതും.

എന്തായാലും തിയറ്റർ കാഴ്ചയുടെ നിലവിലുള്ള എല്ലാ നിർവചനങ്ങളെയും മാറ്റി എഴുതാനാകും തലസ്ഥാനത്തേക്ക് കേരളത്തിലെ ആദ്യ ഐമാക്സ് തിയറ്റർ എത്തുന്നത്. കാരണം സമാനതകളില്ലാത്ത കാഴ്ചയുടെ വിസ്മയമാണ് ഐമാക്സ് പ്രേക്ഷകന് സമ്മാനിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com