ADVERTISEMENT

നടൻ ആസിഫ് അലിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കുറിപ്പിനെതിരെ പ്രതികരിച്ച് മാലാ പാർവതി. കാപ്പ സിനിമയിലെ ആസിഫ് അലിയുടെ അഭിനയത്തെ വിമർശിച്ചെഴുതിയ കുറിപ്പിനാണ് മറുപടിയുമായി നടി എത്തിയത്. ആസിഫ് അലി എന്ന നടനെ കുറിച്ച് വൈറലായി എന്ന് പറയപ്പെടുന്ന ഒരു കുറിപ്പ് കണ്ടെന്നും അത് വായിച്ചപ്പോൾ വലിയ വിഷമം തോന്നിയെന്നും മാലാ പാർവതി പറയുന്നു. ആസിഫ് അലി ഒരു ഗംഭീര ആക്ടർ ആണ്. കഥാപാത്രത്തിന്റെ മനസ്സിനെ ഉൾക്കൊള്ളാൻ ആസിഫിന് പ്രത്യേകമായ ഒരു കഴിവുണ്ട്. ‘ഉയരെ’ എന്ന ചിത്രത്തിലെ അഭിനയം എടുത്ത് പറയേണ്ടതാണ്. നിരാശ, പ്രേമം, കൊതി, അസൂയ, വിരഹം, പക, സംശയം ഇവയെല്ലാം, കണ്ണുകളിൽ മിന്നി മാഞ്ഞ് കൊണ്ടിരുന്നു. ആസിഫ് അലിയോടൊപ്പം ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലാണ് ഞാൻ അഭിനയിച്ചത്. ആ സെറ്റിൽ എവിടെയും ഞാൻ ആസിഫിനെ കണ്ടില്ല. കണ്ടത് സ്ലീവാച്ചനെയാണ്. സ്ലീവാച്ചനും "ഭാവാഭിനയം " വേണ്ട കഥാപാത്രം തന്നെയായിരുന്നു. മനഃപൂർവ്വം താറടിച്ച് കാണിക്കാൻ എഴുതുന്ന കുറിപ്പുകൾ വല്ലാതെ സങ്കടമുണ്ടാക്കുമെന്നും മാലാ പാർവതി കുറിപ്പിൽ പറയുന്നു.

മാലാ പാർവതിയുടെ കുറിപ്പിന്റെ പൂർണരൂപം:

ഭാവാഭിനയം ? മൊണ്ണ വേഷവും?

ആസിഫ് അലിയെന്ന നടനെ കുറിച്ച് വായിച്ച ഒരു കുറിപ്പിനോടുള്ള പ്രതികരണം. "വിചാരിച്ചത്രയും നന്നായില്ല" , മഹാബോറഭിനയം, "ഭാവം വന്നില്ല " ഇങ്ങനെ ഒക്കെ നടീനടന്മാരെ കുറിച്ച് പറഞ്ഞ് കേൾക്കാറുണ്ട്. എന്നാൽ ഒരു ചിത്രത്തിൽ ഒരു നടൻ, അല്ലെങ്കിൽ നടി നല്ലതാകുന്നതിന്റെയും മോശമാകുന്നതിന്റെയും പിന്നിൽ പല ഘടകങ്ങളുണ്ട്. ഉദാഹരണത്തിന്.. ചില അഭിനേതാക്കൾക്ക്, കഥാപാത്രത്തെ ഉൾക്കൊള്ളാൻ സമയം വേണ്ടി വരും. അവർ, പല തവണ സ്ക്രിപ്റ്റ് വായിച്ചും എഴുത്തുകാരനുമായി സംവദിച്ചുമൊക്കെ ആ കഥാപാത്രത്തെ മനസ്സിലാക്കിയ ശേഷമാണ് കഥാപാത്രമായി മാറുന്നത്.

എന്നാൽ മറ്റ് ചിലർ, വെറും ഒരു ക്രാഫ്റ്റ് എന്ന നിലയ്ക്ക്, അഭിനയം എന്ന കലയെ കൈകാര്യം ചെയ്യാറുണ്ട്. എന്നാൽ മിക്ക സിനിമകളിലും, അവർ ഏതാണ്ട് ഒരേ പോലെയാവും അഭിനയിക്കുക. അതൊരു കരവിരുതാണ്. അതിനപ്പുറം, പ്രേക്ഷകന്റെ മനസ്സിനെ അത് സ്പർശിക്കാറില്ല. പലപ്പോഴും, കണ്ട് വരുന്ന ഒരു കാര്യം, ഒരു കഥാപാത്രത്തെ, സിനിമയിൽ അവതരിപ്പിക്കേണ്ടത് എങ്ങനെ എന്ന് സംവിധായകനും ഒരു കാഴ്ചപ്പാടുണ്ടാകും. അത് ചിലപ്പോൾ അഭിനേതാവിന്റെ സമീപനവുമായി ചേരണമെന്നില്ല.

അഭിനേതാവിന്റെ മനസ്സും, സംവിധായകന്റെ മനസ്സും ഒന്നായി തീരുമ്പോൾ മാത്രമേ കഥാപാത്രം സിനിമയിൽ ശോഭിക്കുകയുള്ളു. ഒന്നോ രണ്ടോ സിനിമയിൽ, ഒരു നടനെ കുറച്ച് പേർക്ക് ഇഷ്ടപ്പെട്ടില്ല എന്ന് വച്ച്, ആരും "മൊണ്ണ" ആകുന്നില്ല. ആസിഫ് അലി എന്ന നടനെ കുറിച്ച് വൈറലായി എന്ന് പറയപ്പെടുന്ന ഒരു കുറിപ്പ് കണ്ടു. എനിക്ക് വലിയ വിഷമം തോന്നി അത് വായിച്ചപ്പോൾ. ആസിഫ് അലി ഒരു ഗംഭീര ആക്ടർ ആണ്. കഥാപാത്രത്തിന്റെ മനസ്സിനെ ഉൾക്കൊള്ളാൻ ആസിഫിന് പ്രത്യേകമായ ഒരു കഴിവുണ്ട്. ‘ഉയരെ’ എന്ന ചിത്രത്തിലെ അഭിനയം എടുത്ത് പറയേണ്ടതാണ്. നിരാശത, പ്രേമം, കൊതി, അസൂയ, വിരഹം, പക, സംശയം ഇവയെല്ലാം, കണ്ണുകളിൽ മിന്നി മാഞ്ഞ് കൊണ്ടിരുന്നു. ആസിഫ് അലിയോടൊപ്പം കെട്ടിയോളാണെന്റെ മാലാഖയിലാണ് ഞാൻ അഭിനയിച്ചത്.ആ സെറ്റിൽ എവിടെയും വച്ച് ഞാൻ ആസിഫിനെ കണ്ടില്ല. കണ്ടത് സ്ലീവാച്ചനെയാണ്. സ്ലീവാച്ചനും "ഭാവാഭിനയം " വേണ്ട കഥാപാത്രം തന്നെയായിരുന്നു.

ഒരു സിനിമയിൽ, ഒരു നടനെ കാണുമ്പോൾ തന്നെ, സിനിമ ബോറാകും എന്ന് വിധി എഴുതുന്നെങ്കിൽ, അത് ശരിയായ വിധി എഴുത്തല്ല. പക്ഷപാതമുണ്ട് ആ വിമർശനത്തിന്.
മനഃപൂർവം താറടിച്ച് കാണിക്കാൻ, എഴുതുന്ന കുറിപ്പുകൾ.. വല്ലാതെ സങ്കടമുണ്ടാക്കും. നല്ല നടൻ ചിലപ്പോൾ മോശമായി എന്ന് വരാം. എന്നാൽ ചില നടന്മാർ ഒരിക്കലും നന്നാവുകയുമില്ല, മോശമാവുകയുമില്ല. ഒരു മിനിമം ഗ്യാരന്റി അഭിനയം കാഴ്ചവെയ്ക്കും.ചിലർക്കിതാണ് അഭിനയത്തിന്റെ മാനദണ്ഡം. അത് എല്ലാവരുടെയും അളവ് കോൽ അല്ല. യുവനടന്മാരിൽ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായിട്ടാണ് ആസിഫ് അലിയെ ഞാൻ കണക്കാക്കുന്നത്. ഒരു ഉഗ്രൻ നടൻ!

എല്ലാ സിനിമകളിലും അയാൾ തിളങ്ങുന്നില്ലെങ്കിൽ, അയാൾ ആ കലയോട് നീതി പുലർത്തുന്നു എന്ന് വേണം മനസ്സിലാക്കാൻ. കരവിരുത് എന്നതിനപ്പുറം, അഭിനയത്തെ ഒരു കലയായി കാണുന്നത് കൊണ്ടാകാം ഈ ഏറ്റക്കുറച്ചിലുകൾ. ആ സത്യസന്ധത ഉള്ളത് കൊണ്ട്, അയാൾ ഇടയ്ക്ക് അദ്ഭുതങ്ങളും കാട്ടും. ആസിഫ് അലി എന്ന നടനെ തള്ളി കളയാനാവില്ല. ഋതു മുതൽ അയാൾ ചെയ്ത ചിത്രങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും അത് ബോധ്യപ്പെടും. പ്രശസ്ത നാടകകൃത്ത് സി.ജെ. തോമസ് പറഞ്ഞിട്ടുള്ളത്, ഈ സന്ദർഭത്തിൽ ഓർത്ത് പോകുന്നു. ‘‘ആ മനുഷ്യൻ, നീ തന്നെ " എന്ന സിജെയുടെ നാടകത്തിൽ ദാവീദ് പറയുന്നത് പോലെ.. ഒരു പ്രതിഭയുടെ പ്രഭാവ കാലത്തിൽ , അയാൾ ഇടവിട്ടേ ജീവിക്കുന്നുളളു.’’

ആസിഫ് അലിയെ വിമർശിച്ചെഴുതിയ കുറിപ്പ് ചുവടെ:

കാപ്പ കണ്ടു. തുടക്കം തന്നെ ആസിഫ് അലി. അപ്പോൾത്തന്നെ തോന്നി പടത്തിന് ഇത്രയും മോശം ഒരു ദുർഗതി വേറേ വരാനില്ലെന്ന്. ആസിഫ് അലി പൃഥ്വിരാജിന്റെ മുകളിൽ പോയി അഭിനയം എന്ന പിആർ തള്ളുകൾ കേട്ട് ചിരിച്ചു പോയി. നല്ല മൊണ്ണ റോൾ. നായകനായ പൃഥിരാജിനോട് നേരിട്ട് മുട്ടാനുള്ള ചങ്കൂറ്റം ഇല്ലാത്തതുകൊണ്ട് നായകന്റെ ഭാര്യയായ അപർണ ബാലമുരളി യുടെ കഥാപാത്രത്തിന്റെ പുറകേ പോയി മേഡം മേഡം എന്നു വിളിച്ച് സോപ്പിട്ട് സാഷ്ടാംഗം പ്രണമിച്ചും ഭവ്യതകാണിച്ചും കാര്യം നേടുന്ന അയ്യോ പാവം റോൾ. പല സീനിലും അപർണയോട് തൊഴുകയ്യോടെ മേഡം വിളിയോടേ പെരുമാറുന്ന ആസിഫിന്റെ അഭിനയം വളരേ ആർട്ടിഫിഷൽ ആയി തോന്നി. ഭാവം തീരെ വരാത്ത ഉറക്കം തൂങ്ങിയ ക്യാരക്ടർ.

ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്നു പറഞ്ഞപോലെ ആസിഫിന്റെ റോൾ നായകന് അവസാനം സംഭവിച്ചപോലെ പടത്തിനും പാരയായി എന്നു തോന്നുന്നു. പൃഥിരാജും അപർണയും ജഗദീഷുമൊക്കെ മികച്ച അഭിനയം കാഴ്ചവച്ചപ്പോൾ ആസിഫും അന്നാ ബെന്നും തീരെ നിറം കെട്ടു. ഭാവാഭിനയം ആസിഫിന് പറ്റിയ പണി അല്ലെന്ന് തോന്നുന്നു. ഇതിലും ഭേദം റോഷാക്കിൽ ചെയ്തപോലെ മുഖത്ത് ചാക്കിട്ട് അഭിനയിക്കുന്നതായിരുന്നു. അതാവുമ്പോൾ ഭാവാഭിനയത്തിന്റെ പ്രശ്നം വരില്ലല്ലോ.

NB: ഫിലിം പ്രൊമോഷന്റെ ഇന്റർവ്യൂവിലും പൃഥിരാജും അപർണയും നല്ല ഊഷ്മളതയോടേ പെരുമാറുമ്പോൾ അവിടെയും ഇരുന്ന് ഉറക്കം തൂങ്ങുന്ന ആസിഫലിയെ ആണ് കണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com