സ്റ്റാൻലീക്ക് നൂറാം ജന്മദിനം; ഡോക്യുമെന്ററി പുറത്തിറക്കാൻ മാർവൽ
Mail This Article
സ്‌പൈഡര്‍മാൻ, അയൺമാൻ, ക്യാപ്റ്റൻ അമേരിക്ക എന്നീ അവഞ്ചേഴ്സ് സൂപ്പർതാരങ്ങളുടെ സൃഷ്ടാവ് സ്റ്റാൻ ലീയുടെ നൂറാം പിറന്നാൾ ആഘോഷിച്ച് ടീം മാർവൽ. മാര്‍വല്‍ കോമിക് ബുക്ക് എഡിറ്ററും ചെയര്‍മാനുമൊക്കെയായിരുന്ന സ്റ്റാന്‍ ലീയുടെ ജീവിതത്തെ ആസ്പദമാക്കി ഡോക്യുമെന്ററി അടുത്തവർഷം ഡിസ്നിപ്ലസിലൂടെ റിലീസ് ചെയ്യും.
അതിമാനുഷ കഥാപാത്രങ്ങളെ മാത്രമല്ല തന്റെതായ ഒരു മാനേജ്‌മെന്റ് ശൈലി കൂടി ലോകത്തിന് സംഭാവന ചെയ്തു കൊണ്ടാണ് 95-ാം വയസ്സില്‍ സൂപ്പര്‍ഹീറോകളുടെ പിതാവ് പോകുന്നത്. സഹപ്രവര്‍ത്തനത്തിന്റെ ഈ സ്റ്റാന്‍ലീ ശൈലിക്ക് അദ്ദേഹം നല്‍കിയ പേര് ''മാര്‍വല്‍ മെതേഡ്'' എന്നാണ്.
കോമിക് പുസ്തക എഴുത്തിന്റെ പരമ്പരാഗത മാതൃകകളെ പൊളിച്ചെഴുതുന്നതായിരുന്നു മാര്‍വല്‍ ശൈലി. സ്‌ക്രിപ്റ്റ് എഴുത്തുകാരന്‍ കോമിക്കിന്റെ മുഴുവന്‍ പ്ലോട്ടും സൃഷ്ടിക്കും. എന്നിട്ട് ഓരോ സീനിനും ആവശ്യമായ ഡയലോഗുകള്‍ എഴുതും. ശേഷം ആര്‍ടിസ്റ്റ് അതിനു ചേരുന്ന ചിത്രങ്ങള്‍ വരയ്ക്കും. ഇതായിരുന്നു കോമിക് എഴുത്തിലെ സാമ്പ്രദായിക സംവിധാനം.
സ്റ്റാന്‍ലീ തന്റെ മാര്‍വല്‍ ശൈലിയില്‍ ഈ പതിവിനെ എടുത്ത് കീഴ്‌മേല്‍ മറിച്ചു. ലീ ആര്‍ട്ടിസ്റ്റിനു കഥയുടെ ഒരു രൂപരേഖ മാത്രം നല്‍കി. എന്നിട്ട് ആ പ്ലോട്ട് മനസ്സില്‍ കണ്ടു കൊണ്ട് ഓരോ സീനും ദൃശ്യഭാഷ ചമയ്ക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വരയ്ക്കാന്‍ സ്റ്റാന്‍ ലീ കലാകാരന്‍മാര്‍ക്ക് അനുവാദം നല്‍കി.
ആര്‍ട്ടിസ്റ്റ് കഥാഗതിക്ക് ഒപ്പിച്ച്എന്നാല്‍ തന്റെ ഭാവയ്ക്ക് അനുസരിച്ച് ചിത്രം വരച്ച ശേഷം സ്റ്റാന്‍ലീ അതിലേക്ക് ഡയലോഗുകളും ശബ്ദ ഇഫക്ടുകളും ക്യാപ്ഷനുമെല്ലാം കൂട്ടിചേര്‍ത്തു. ഈ രീതി ആര്‍ട്ടിസ്റ്റുകള്‍ക്ക് അവരുടെ ഭാവനയുടെ പരമാവധി ഉപയോഗിക്കാനുള്ള അവസരം നല്‍കി. ഇത് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക മാത്രമല്ല സര്‍ഗ്ഗാത്മക സൃഷ്ടിയില്‍ ഒരു പുതിയ ആശയ വേലിയേറ്റം തന്നെ സൃഷ്ടിച്ചു. ഒന്നിലധികം മനസ്സുകള്‍ ഒരു കഥയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ കൂടുതല്‍ വന്യമായ ഭാവനകള്‍ അവയില്‍ ചിറകുവിടര്‍ത്തി. മാര്‍വല്‍ യൂണിവേഴ്സലിന്‍റെ മാസ്റ്ററായ സ്റ്റാന്‍ലീയെ അക്ഷരാര്‍ത്ഥത്തില്‍ ലോകത്തെ മികച്ച കഥാകാരന്‍ എന്ന് നിസ്സംശയം പറയാന്‍ സാധിക്കും.