‘ആടുതോമ’യ്ക്ക് പുതുപുത്തൻ റെയ്ബാൻ സമ്മാനിച്ച് ഭദ്രൻ; വൈറൽ ഫോട്ടോ
Mail This Article
മോഹൻലാലിന് പുതുപുത്തൻ റെയ്ബാൻ ഗ്ലാസ് സമ്മാനിക്കുന്ന ഭദ്രന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. വെളള ഷർട്ടിൽ റെയ്ബാൻ ഗ്ലാസ് ധരിച്ചുള്ള സൂപ്പർതാരം മോഹൻലാലിന്റെ ചിത്രങ്ങൾ ആരാധകരുടെ ഇടയിലും വൈറലായി കഴിഞ്ഞു.
സ്ഫടികം സിനിമയുടെ റി റിലീസിങുമായി ബന്ധപ്പെട്ടാണ് ഭദ്രന്റെയും മോഹൻലാലിന്റെയും ഈ കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ടുകൾ. സിനിമയിലെ മോഹൻലാൽ തന്നെ പാടി അഭിനയിച്ച സൂപ്പർഹിറ്റ് ഗാനമായ ഏഴിമലൈ പൂഞ്ചോല എന്ന ഗാനത്തിന് പുതിയ പതിപ്പ് താരം തന്നെ പാടുന്നുവെന്നും കേൾക്കുന്നു. ഈ പാട്ട് റെക്കോർഡ് ചെയ്യുന്നതിനു വേണ്ടിയാണ് മോഹൻലാൽ എത്തിയതെന്നും അതിമനോഹരമായി അദ്ദേഹം പാട്ട് ആലപിച്ചിട്ടുണ്ടെന്നും അണിയറക്കാർ പറയുന്നു.
സ്ഫടികം സിനിമയുടെ റി മാസ്റ്റർ ചെയ്ത പുതിയ പതിപ്പ് ഫെബ്രുവരി ഒൻപതിന് തിയറ്ററുകളിലെത്തും. ഒരു കോടി രൂപയ്ക്കു മുകളിൽ നിർമാണ് ചിലവുമായാണ് സ്ഫടികം ഫോർ കെ പതിപ്പ് എത്തുന്നത്. സംവിധായകൻ ഭദ്രൻ തന്നെയാണ് ഇതിനു ചുക്കാൻ പിടിക്കുന്നതും.
പഴയതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ തെളിവോടെയും മിഴിവോടെയും 4 കെ അറ്റ്മോസ് മിക്സിലാണ് സ്ഫടികം വരുന്നത്. ചെന്നൈയില്‍ പ്രിയദര്‍ശന്‍റെ ഉടമസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയില്‍ വച്ചാണ് ചിത്രത്തിന്‍റെ റീ മാസ്റ്ററിങ് പൂര്‍ത്തിയായത്. ദേശീയ പുരസ്കാര ജേതാവു കൂടിയായ സൗണ്ട് ഡിസൈനർ രാജാകൃഷ്ണനാണ് ശബ്ദവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.