വാരിസിൽ ഖുശ്ബുവിനെ കാണ്മാനില്ല; എന്തിന് കട്ട് ചെയ്തെന്ന് പ്രേക്ഷകർ
Mail This Article
വിജയ്‌യുടെ വാരിസ് കേരളത്തിലും തമിഴ്നാട്ടിലും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കുടുംബപ്രേക്ഷകരും ആരാധകരും ചിത്രം ഏറ്റെടുക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ ചിത്രത്തിൽ നിന്നും ഖുശ്ബുവിന്റെ കഥാപാത്രത്തെ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സിനിമയുടെ ദൈർഘ്യം മൂലം ഖുശ്ബുവിന്റെ കഥാപാത്രത്തിന്റെ ഭാഗങ്ങൾ അണിയറക്കാർ നീക്കം ചെയ്തതെന്നാണ് റിപ്പോർട്ട്.
ചിത്രത്തിൽ വിജയ്‌യ്ക്കും രശ്മികയ്ക്കുമൊപ്പമുള്ള ഖുശ്ബുവിന്റെ ഫോട്ടോയും റിലീസിനു മുന്നേ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. രശ്മികയുടെ അമ്മയുടെ വേഷമായിരുന്നു ഖുശ്ബുവിന്റേത്. വാരിസ് ഓഡിയോ ലോഞ്ചിൽ വിജയ് തന്നെ ഖുശ്ബുവിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഇത്ര പ്രാധാന്യമുണ്ടായിട്ടും എന്തുകൊണ്ടാണ് ആ കഥാപാത്രത്തെ നീക്കം ചെയ്തതെന്നാണ് ആരാധകരുടെ സംശയം.
സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വിജയ് കാണിച്ച അര്‍പ്പണത്തെക്കുറിച്ച് ഖുഷ്ബു തന്നെ ഒരഭിമുഖത്തിൽ സംസാരിച്ചിരുന്നു. സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഖുഷ്ബു വാരിസിലെ അനുഭവത്തെക്കുറിച്ച് പറയുന്നത്.
‘‘വാരിസ് ക്ലൈമാക്സ് ഷൂട്ടിന്‍റെ സമയത്ത് അദ്ദേഹത്തിന് 103 ഡിഗ്രി പനി ഉണ്ടായിരുന്നു. പക്ഷേ വലിയ സെറ്റും ചിത്രത്തിലെ എല്ലാ അഭിനേതാക്കളും ചേര്‍ന്നുള്ള കോംബിനേഷന്‍ സീനുകളാണ് എടുക്കാനുണ്ടായിരുന്നത്. ഷൂട്ട് തീര്‍ത്തേ പറ്റൂ. ഈ മനുഷ്യന്‍ ഷൂട്ടിന്‍റെ ഇടവേളയില്‍ അടുത്തുള്ള ഒരു ഗാരേജിലേക്ക് പോയി തറയില്‍ ഒരു ബെഡ്ഷീറ്റ് വിരിച്ച് കിടന്ന് ഉറങ്ങും. വിളിക്കുമ്പോള്‍ അവിടെനിന്ന് എണീറ്റ് വരും. ഷൂട്ട് പൂര്‍ത്തിയാക്കിയതിന്റെ അടുത്ത ദിവസം അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റ് ആയി. ആ ഡെഡിക്കേഷന്‍. കര്‍മമാണ് പ്രാര്‍ഥന എന്ന് പറയില്ലേ. തൊഴിലാണ് എന്‍റെ ദൈവം. അതുകൊണ്ടാണ് ഇത്തരം മനുഷ്യര്‍ വലിയ വിജയികളാവുന്നത്.’’– ഖുഷ്ബുവിന്റെ വാക്കുകൾ.
സിനിമയുടെ ദൈർഘ്യം തന്നെയാണ് വിനയായതെന്നാണ് അണിയറക്കാർ സൂചിപ്പിക്കുന്നത്. 170 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. അതുകൊണ്ട് തന്നെ ഷൂട്ട് ചെയ്ത നിരവധി രംഗങ്ങൾ അവസാനനിമിഷം നീക്കം ചെയ്തേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും സിനിമയ്ക്കു മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രമായി വിജയ് എത്തുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നായിരിക്കും ചിത്രത്തിന്റെ നിർമാണം.
സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ്.ജെ. സൂര്യയും എത്തുന്നുണ്ട്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്. കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ.എല്‍. എഡിറ്റിങും നിര്‍വഹിക്കുന്നു. ഹരിപിക്ചേഴ്സ്, ഇ ഫോർ എന്റർടെയ്ൻമെന്റ്, എയ്സ് എന്നിവർ ചേർന്നാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.