ആര്‍ആര്‍ആര്‍ രണ്ട് തവണ കണ്ട് ജയിംസ് കാമറണ്‍: വിശ്വസിക്കാനാകുന്നില്ലെന്ന് രാജമൗലി
Mail This Article
ഗോൾഡൻ ഗ്ലോബിൽ തിളങ്ങിയ തെലുങ്ക് ചിത്രം ആർആർആർ ഇതിഹാസ സംവിധായകനായ ജയിംസ് കാമറൺ രണ്ട് തവണ കണ്ടെന്ന് വെളിപ്പെടുത്തി രാജമൗലി. സിനിമ കണ്ട് അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെട്ടെന്നും ഭാര്യയോടൊപ്പമിരുന്ന് രണ്ടാം തവണയും കാമറൺ ആർആർആർ കണ്ടെന്നും രാജമൗലി ട്വീറ്റ് ചെയ്തു.
‘‘മഹാനായ ജെയിംസ് കാമറണ്‍ ആര്‍ആര്‍ആര്‍ ചിത്രം കണ്ടു. അദ്ദേഹത്തിന് വളരെ ഇഷ്‍ടമാകുകയും ഭാര്യയോട് നിര്‍ദേശിക്കുകയും അവര്‍ക്കൊപ്പം വീണ്ടും കാണുകയും ചെയ്‍തു. പത്ത് മിനിറ്റ് ഞങ്ങള്‍ക്കൊപ്പം നിന്ന് ആർആർആറിനെ വിലയിരുത്താൻ താങ്കള്‍ സമയം ചെലവഴിച്ചുവെന്നത് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. താങ്കള്‍ പറഞ്ഞതുപോലെ ഞാൻ ലോകത്തിന്റെ ഏറ്റവും ഉയരത്തിലാണ്, രണ്ടുപേര്‍ക്കും നന്ദി.’’ രാജമൗലി ട്വീറ്റ് ചെയ്‍തു.
ആഗോളതലത്തിൽ തന്നെ തരംഗമായ നാട്ടു നാട്ടു എന്ന ഗാനമാണ് ഗോൾഡൻ ഗ്ലോബിൽ പുരസ്‌കാരത്തിന് അർഹമായത്. മുൻനിര ഗായകരായ ടെയ്‌ലർ സ്വിറ്റ്, റിഹാന്ന എന്നിവരെ കടത്തിവെട്ടിയാണ് ഇന്ത്യൻ ഗാനമായ നാട്ടു നാട്ടു ഒന്നാമത് എത്തിയത്. ടെയ്‌ലർ സ്വിഫ്റ്റിന്റെ കരോലീന, ചാവോ പപ്പ, ലേഡി ഗാഗയുടെ ഹോൾഡ് മൈ ഹാൻഡ്, റിഹാന്നയുടെ ലിഫ്റ്റ് മി അപ്പ് എന്നിവയായിരുന്നു മികച്ച ഗാനത്തിനുള്ള മറ്റ് നോമിനേഷനുകൾ.