2 ബില്യൻ ക്ലബ്ബിൽ അവതാർ 2; ഇന്ത്യൻ കലക്‌ഷൻ 400 കോടി പിന്നിട്ടു
Mail This Article
ആഗോള ബോക്സ് ഓഫിസ് കലക്‌ഷനിൽ 2 ബില്യൻ ഡോളർ (16000 കോടി രൂപ) പിന്നിട്ട് അവതാര്‍ ദ്: വേ ഓഫ് വാട്ടര്‍. സ്‌പൈഡര്‍മാന്‍ നോ വേ ഹോമിനെ മറികടന്ന് ഏറ്റവും വരുമാനം നേടിയ ചിത്രങ്ങളില്‍ ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് അവതാര്‍ രണ്ടാം ഭാഗം. നാലും അഞ്ചും സ്ഥാനങ്ങളിലുള്ള സ്റ്റാര്‍ വാര്‍ ദ് ഫോഴ്‌സ് എവേക്കന്‍സ്, അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ തുടങ്ങിയ ചിത്രങ്ങളെ അവതാര്‍ 2 മറികടക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. ലോക സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമെന്ന റെക്കോർഡ് അവതാര്‍ ആദ്യഭാഗത്തിനാണ്. പതിമൂന്നു വര്‍ഷം പഴക്കമുള്ള ഈ റെക്കോർഡ് ഇതുവരെ തകര്‍ന്നിട്ടില്ല. ജയിംസ് കാമറണിന്റെ തന്നെ ടൈറ്റാനിക് ആണ് മൂന്നാം സ്ഥാനത്ത്. അവതാര്‍ ആദ്യഭാഗം ഇറങ്ങുന്നത് വരെ ടൈറ്റാനിക് ആയിരുന്നു ഒന്നാം സ്ഥാനത്ത്. പിന്നീട് 2019 ല്‍ അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം റിലീസ് ചെയ്തതോടെയാണ് ടൈറ്റാനിക് മൂന്നാം സ്ഥാനത്തെത്തിയത്. 2 ബില്യൻ ക്ലബിൽ ഇടംനേടിയ മൂന്ന് സിനിമകളുടെ സംവിധായകൻ എന്ന ലോക റെക്കോർഡും ജയിംസ് കാമറണിന് സ്വന്തം.
ഇന്ത്യയിലും ചിത്രം ബോക്സ് ഓഫിസ് നമ്പറുകളിൽ ഒന്നാം സ്ഥാനത്താണ്. അവഞ്ചേഴ്സ് എൻഡ് ഗെയിം ഇന്ത്യയിൽ നേടിയ കലക്‌ഷൻ റെക്കോർഡും അവതാർ 2 പഴങ്കഥയാക്കി. 475 കോടിയാണ് ചിത്രം ഇന്ത്യയിൽ നിന്നും ഇതുവരെ വാരിയത്.
അവതാർ ആദ്യഭാഗം നേടിയ ആഗോള കലക്‌ഷൻ 2.91 ബില്യൻ ഡോളറായിരുന്നു (ഏകദേശം 24,000 കോടി രൂപ). 460 മില്യൻ ഡോളർ (3800 കോടി രൂപയോളം) ചെലവിട്ടാണ് രണ്ടാംഭാഗം നിർമിച്ചിരിക്കുന്നത്. ഇത് ഇന്ത്യയിൽനിന്നു വാരിയത് 41 കോടി രൂപയായിരുന്നു. എന്നിട്ടും ആദ്യ ദിന കലക്‌ഷനിൽ അവഞ്ചേഴ്സ് എൻഡ് ഗെയിമിന്റെ റെക്കോർഡ് തകർക്കാൻ അവതാറിനായില്ല. 53 കോടിയാണ് ആദ്യദിനം എൻഡ് ഗെയിം ഇന്ത്യയിൽനിന്നു നേടിയത്.
13 വർഷം മുൻപ് അവതാർ സിനിമയുടെ ആദ്യഭാഗം കണ്ട കുട്ടികൾ ഇന്നു യുവാക്കളാണ്. സിനിമയുടെ ചരിത്രയാത്രയിൽ പങ്കാളികളാണ് അവരും. ചിത്രം റിലീസ് ചെയ്യും മുൻപുതന്നെ ബുക്ക് മൈ ഷോ വഴി 20 കോടിയുടെ പ്രീ ബുക്കിങ് നേടിയിരുന്നു.
കേണൽ മൈൽ ക്വാർട്ടിച്ചിന്റെ നേതൃത്വത്തിലുള്ള പട്ടാളത്തെ പാൻഡോറയിൽനിന്നു തുരത്തുന്നിടത്താണ് അവതാർ ആദ്യ ഭാഗം അവസാനിക്കുന്നത്. പതിറ്റാണ്ടുകൾക്കു ശേഷമുള്ള പാൻഡോറയുടെ കാഴ്ചകളിലൂടെയാണ് അവതാർ 2ന്റെ തുടക്കം. കേന്ദ്ര കഥാപാത്രങ്ങളായ ജാക്കും നേയ്ത്രിയും കുടുംബത്തെ സംരക്ഷിക്കാൻ നടത്തുന്ന പോരാട്ടമാണ് സിനിമ.