നൻപകലിലെ ആ നായ പുഴുവിലെ ലക്സി; ‘ഏതു തിരക്കിലും മമ്മൂക്കയെ അവള്‍ തിരിച്ചറിയും’
Mail This Article
നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ പ്രീ പ്രൊഡക്‌ഷൻ ജോലികൾ നടക്കുന്ന സമയം. സിനിമയിൽ സെവള എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ക്യൂട്ട് ലുക്കുള്ള ഒരു നാടൻ നായയെ വേണമെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. എന്നാൽ, സിനിമയ്ക്കു വേണ്ടി പ്രത്യേകം പരിശീലിപ്പിച്ചെടുത്ത നായ ആകാനും പാടില്ല. ‘സ്വാഭാവിക അഭിനയം’ കാഴ്ച വയ്ക്കുന്ന നാടൻ നായയ്ക്കു വേണ്ടിയുള്ള അന്വേഷണം അവസാനിച്ചത് മൃഗപരിശീലകനായ ഉണ്ണി വൈക്കത്തിന്റെ അടുത്താണ്. പുഴു എന്ന മമ്മൂട്ടി ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചു കയ്യടി നേടിയ 'ലക്‌സി' അങ്ങനെ വീണ്ടും മമ്മൂട്ടിക്കൊപ്പം വെള്ളിത്തിരയിലെത്തി. നൻ പകൽ നേരത്ത് മയക്കം കണ്ടവരാരും സെവള എന്ന നായയെ മറക്കില്ല. പേരറിയാത്ത ഗ്രാമത്തിലേക്ക് ഒരു ഉച്ചയുറക്കത്തിൽനിന്ന് ജയിംസ് ഇറങ്ങി നടക്കുമ്പോൾ അയാളിലെ സുന്ദരത്തെ ആദ്യം തിരിച്ചറിയുന്നതും അംഗീകരിക്കുന്നതും സെവള ആണ്. അയാളുടെ അസ്തിത്വത്തെ ആ ഗ്രാമം മുഴുവൻ ചോദ്യം ചെയ്യുമ്പോഴും സെവളയ്ക്ക് മാത്രം ജയിംസ് അന്യനല്ല. അവർ തമ്മിലുള്ള ആ സുദൃഢമായ ബന്ധം എല്ലാ തീവ്രതയോടെയും പ്രേക്ഷകരെ ലക്‌സി അനുഭവിപ്പിക്കുന്നുണ്ട്. യാതൊരു മുന്നൊരുക്കവും ഇല്ലാതെ സെറ്റിലെത്തി എല്ലാവരെയും അമ്പരിപ്പിച്ച പ്രകടനം കാഴ്ച വച്ച ലക്‌സിയുടെ അഭിനയ കഥയുമായി മൃഗപരിശീലകൻ ഉണ്ണി വൈക്കം മനോരമ ഓൺലൈനിൽ.
പുഴുവില്‍നിന്ന് നന്‍പകലിലേക്ക്
സാധാരണയായി, സിനിമയിലേക്ക് ഒരു നായയെയോ മറ്റു മൃഗങ്ങളെയോ വേണമെന്നു പറയുമ്പോള്‍ ഞാനാദ്യം തിരക്കഥ ചോദിക്കും. കാരണം, തിരക്കഥയിലെ സീനുകള്‍ക്കനുസരിച്ചാണ് ഞാന്‍ അവയെ പരിശീലിപ്പിച്ചെടുക്കാറുള്ളത്. എന്നാല്‍ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തില്‍ കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല. സ്ക്രിപ്റ്റ് അനുസരിച്ച് പഠിച്ചു വച്ച ഒരു 'റെഡിമെയ്ഡ്' നായയെ ലിജോ ചേട്ടന് ആവശ്യമുണ്ടായിരുന്നില്ല. തെരുവിലൊക്കെ നമ്മള്‍ കാണില്ലേ... അതുപോലെ കണ്ണില്‍ തിളക്കമുള്ള ക്യൂട്ട് ആയ നായയെ ആയിരുന്നു അവര്‍ക്ക് ആവശ്യം. സ്വാഭാവികമായി അതില്‍നിന്നു വരുന്ന ഭാവങ്ങളായിരുന്നു ലിജോ ചേട്ടന് വേണ്ടിയിരുന്നത്. സ്പോട്ടില്‍ സിനിമയ്ക്ക് ആവശ്യമായ ആക്ടിവിറ്റികള്‍ ചെയ്യണം. അങ്ങനെയാണ് ലക്സിയിലേക്ക് എത്തിയത്.
അവള്‍ക്ക് മമ്മൂക്കയെ അറിയാം
നാടന്‍ നായ്ക്കളിലെ കുറിയ വിഭാഗത്തില്‍പ്പെട്ട ഇനമാണ് ലക്സി. അവയ്ക്ക് നീളന്‍ വാല്‍ ഉണ്ടാകില്ല. മമ്മൂക്കയുടെ തന്നെ പുഴുവില്‍ ലക്സി അഭിനയിച്ചിട്ടുണ്ട്. പിന്നെ, സണ്ണി വെയ്ന്‍ നായകനായെത്തിയ അപ്പന്‍ എന്ന സിനിമയിലും നല്ലൊരു വേഷം ചെയ്തിരുന്നു. പുഴുവില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളതുകൊണ്ട് മമ്മൂക്കയെ ലക്സിക്ക് അറിയാം. അത് ഈ സിനിമയ്ക്ക് ഗുണം ചെയ്തു. ഏതു തിരക്കിലും മമ്മൂക്കയെ അവള്‍ക്ക് തിരിച്ചറിയാം. പുഴുവില്‍ മമ്മൂക്കയുമായുള്ള കോംബിനേഷന്‍ സീനില്‍ എല്ലാവരെയും ഞെട്ടിച്ച പ്രകടനം അവള്‍ കാഴ്ച വച്ചിരുന്നു. അതുകൊണ്ടാണ് മമ്മൂട്ടി കമ്പനി ധൈര്യമായി ലക്സിയെത്തന്നെ ഉറപ്പിച്ചത്. സെവള എന്നാണ് സിനിമയില്‍ ലക്സിയുടെ പേര്. സുന്ദരം വന്ന് സെവളേ എന്നു വിളിക്കുമ്പോള്‍ അവള്‍ ഓടി ചെല്ലുകയാണ്.
സെറ്റിലെ മിസ് കൂള്‍
പഴനിയിലായിരുന്നു ഷൂട്ട്. ഇരുപതു ദിവസത്തോളം ഷൂട്ട് ഉണ്ടായിരുന്നു. ലക്സിക്കു വേണ്ടി പ്രത്യേകം എസി റൂം ഒക്കെ പ്രൊഡക്‌ഷന്‍ ടീം ഒരുക്കിയിരുന്നു. ലക്സി എല്ലാവരുമായും പെട്ടെന്ന് ഇണങ്ങും. ആള്‍ക്കൂട്ടമോ ശബ്ദങ്ങളോ ഒന്നും അവള്‍ക്ക് പ്രശ്നമല്ല. ചില നായ്ക്കള്‍ സെറ്റിലെത്തിയാല്‍ മൈക്കിന്റെ ശബ്ദമൊക്കെ കേള്‍ക്കുമ്പോള്‍ പേടിക്കും. പക്ഷേ, ലക്സി വളരെ കൂള്‍ ആണ്. അതുകൊണ്ട് സെറ്റില്‍ അവള്‍ എല്ലാവരുമായും വളരെ വേഗം സെറ്റായി. ആ കൂട്ടത്തിനു പുറത്തേക്ക് എങ്ങും പോകില്ല. സിനിമയില്‍ ലക്സിയുടെ കുറെ രസകരമായ ഭാവങ്ങള്‍ കിട്ടിയിട്ടുണ്ട്. അതൊന്നും അവളെ നേരത്തേ പഠിപ്പിച്ചതല്ല. സ്പോട്ടില്‍ കിട്ടിയതാണ്. ഒരു സീനിലേക്ക് അവളെ കയറ്റി വിടും. പിന്നെ അവള്‍ ചെയ്യുന്നത് അതുപോലെ ഷൂട്ട് ചെയ്യും. ഷൂട്ടിന്റെ സമയത്ത് അവളെ കഥാപാത്രത്തിന്റെ പേരായ സെവളേ എന്നാണ് കൂടുതലും വിളിച്ചിരുന്നത്. അതില്‍ അവള്‍ സെറ്റായി. ആ വീടും അവിടത്തെ ആളുകളും അവളുടെ സ്വന്തക്കാരായി. ആ വീടിന്റെ പരിസരം വിട്ട് അവള്‍ വേറെങ്ങും പോകില്ല. അവിടെ എന്തു ബഹളം നടന്നാലും അവള്‍ അതെല്ലാം ഒന്നു പോയി നോക്കി അവിടെയൊക്കെ ചുറ്റിപ്പറ്റി നില്‍ക്കും. സിനിമയില്‍ സുന്ദരത്തിന്റെ ഭാര്യയുടെ സഹോദരന്‍ വീട്ടില്‍ നിന്ന് പ്രശ്നം ഉണ്ടാക്കുന്നുണ്ട്. ആ സീനിലൊക്കെ ലക്സി വളരെ സ്വാഭാവികമായി വന്നു പോകുന്നുണ്ട്. അതൊന്നും പഠിപ്പിച്ചു ചെയ്യിപ്പിച്ചതല്ല.
ലക്സിയെ തേടി വന്ന സിനിമകള്‍
ഇപ്പോഴത്തെ സന്തോഷമെന്നു പറയുന്നത് നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പുതിയ പോസ്റ്ററില്‍ ലക്സിയേയും ഉള്‍പ്പെടുത്തിയെന്നതാണ്. അത് അവളുടെ കഥാപാത്രത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയാണ്. കൂടാതെ, ലിജോ ചേട്ടന്റെ അസോഷ്യേറ്റ് ആയ ടിനു പാപ്പച്ചന്‍ അദ്ദേഹത്തിന്റെ ചാവേര്‍ എന്ന സിനിമയില്‍ ലക്സിക്ക് നല്ലൊരു വേഷം ഓഫര്‍ ചെയ്തിട്ടുണ്ട്. നന്‍പകലിലെ ലക്സിയുടെ അഭിനയം കണ്ടിട്ടാണ് അവളെ ചാവേറില്‍ എടുത്തത്. വേറെയും സിനിമകളുണ്ട്. സിനിമയ്ക്കു വേണ്ടി നായ്ക്കളെ മാത്രമല്ല എല്ലാത്തരം മൃഗങ്ങളെയും പരിശീലിപ്പിക്കാറുണ്ട്. പാല്‍തൂ ജാന്‍വറിലെ പ്രമോ സോങ്ങിനു വേണ്ടി പന്നിയടക്കം പല തരം മൃഗങ്ങള്‍ക്കു പരിശീലനം നല്‍കിയിരുന്നു. പുതിയൊരു സിനിമയ്ക്കു വേണ്ടി ഇപ്പോള്‍ പന്നിയെ പരിശീലിപ്പിച്ചു കൊണ്ടിരിക്കുകയാണ്.