ADVERTISEMENT

വലിയ ട്വിസ്റ്റുകളുള്ള ഒരു ചിത്രമല്ല തങ്കമെന്ന് തിരക്കഥാകൃത്തും നിര്‍മാതാവുമായ ശ്യാം പുഷ്‌ക്കരന്‍. ചിത്രം ഒരു ക്രൈം ഡ്രാമയാണെന്നും അതില്‍ തന്നെ ഡ്രാമയാണ് കൂടുതലെന്നും ശ്യാം പുഷ്‌ക്കരന്‍ പറഞ്ഞു. കൊച്ചിയില്‍ തങ്കം സിനിമയുടെ പ്രെമോഷണല്‍ പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു ശ്യാം. ഏറ്റവും ആസ്വദിച്ച് ചെയ്ത ചിത്രങ്ങളില്‍ ഒന്നാണ് തങ്കമെന്ന് ചിത്രത്തിലെ നായകരായ ബിജു മേനോനും വിനീത് ശ്രീനിവാസനും പറഞ്ഞു. പ്രസ്മീറ്റില്‍ ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ഫഹദ് ഫാസിലും പങ്കെടുത്തിരുന്നു. ഇതിന് പുറമെ അപര്‍ണ ബാലമുരളി, സംവിധായകന്‍ സഹീദ് അരാഫത്ത്, സംഗീത സംവിധായകന്‍ ബിജിബാല്‍, ദിലീഷ് പോത്തന്‍ എന്നിവരും പ്രസ് മീറ്റില്‍ പങ്കെടുത്തു. 

 

ഭാവന സ്റ്റുഡിയോസ് നിര്‍മിച്ച് ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കി സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 26 നാണ് റിലീസ് ചെയ്യുന്നത്. 2018-ല്‍ സിനിമയുടെ വര്‍ക്കുകള്‍ ആരംഭിച്ചിരുന്നെങ്കിലും കോവിഡ് കാലവും മറ്റുമൊക്കെ മൂലം സിനിമ നീണ്ടുപോവുകയായിരുന്നെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.ചിത്രത്തിലേക്ക് ആദ്യം തന്നെ വിനീതിനെ തന്നെയായിരുന്നു കാസ്റ്റ് ചെയ്തിരുന്നതെന്നും എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ ചില വ്യക്തിപരമായ കാരണങ്ങളാല്‍ പിന്നീട് ഫഹദിനെ കാസ്റ്റ് ചെയ്തിരുന്നെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. കൊവിഡ് മൂലം ചിത്രം നീണ്ടു പോയതിനാല്‍ വീണ്ടും വിനീതിനെ തന്നെ കാസ്റ്റ് ചെയ്യുകയായിരുന്നെന്നും തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍ പറഞ്ഞു. 

 

സമയം ഇത്രയും നീണ്ടതിനാല്‍ തന്നെ ഈ കാലയളവില്‍ തങ്കത്തിനുവേണ്ടി പരിപൂര്‍ണ്ണമായി സമയം കണ്ടെത്താനായെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലുമടക്കം നിരവധി സ്ഥലങ്ങളിലായിരുന്നു ചിത്രത്തിന്റെ ലൊക്കേഷനുകള്‍. 

 

ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍  വിനീത് ശ്രീനിവാസന്‍, അപര്‍ണ്ണ ബാലമുരളി ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരാണ്  പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവരും നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാനകഥാപാത്രങ്ങളാവുന്നുണ്ട്. 

 

ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗൗതം ശങ്കറാണ്  ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത്. ബിജി ബാലാണ് സംഗീതം, എഡിറ്റിങ് കിരണ്‍ ദാസും  കലാ സംവിധാനം ഗോകുല്‍ ദാസും നിര്‍വ്വഹിച്ച ചിത്രത്തില്‍ സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാരും മേക്കപ്പ് റോണക്‌സ് സേവ്യറുമാണ്. 

 

ആക്ഷന്‍ സുപ്രീം സുന്ദര്‍, ജോളി ബാസ്റ്റിന്‍, കോസ്‌റ്യൂം ഡിസൈന്‍ മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്പൂര്‍, സൗണ്ട് മിക്‌സിങ് തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്സ്  രാജന്‍ തോമസ്  ഉണ്ണിമായ പ്രസാദ്, വി.എഫ്.എക്‌സ് - എഗ് വൈറ്റ് വിഎഫ്എക്‌സ്, ഡി.ഐ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന ജോസ് വിജയ്,  കോ ഡയറക്ടര്‍ പ്രിനീഷ് പ്രഭാകരന്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്. ഭാവന റിലീസാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com