ADVERTISEMENT

നൻപകൽ നേരത്ത് മയക്കം സിനിമയുടെ ഷൂട്ടിങ്ങിനിടെ നിലത്ത് കിടന്ന് ഉറങ്ങുന്ന മമ്മൂട്ടിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിലാകെ വൈറലായിരുന്നു. മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോര്‍ജാണ് ഫോട്ടോ പകർത്തി പിന്നീട് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. മമ്മൂട്ടി അവതരിപ്പിച്ച സുന്ദരം എന്ന കഥാപാത്രം ആ വേഷത്തില്‍ തന്നെ വിശ്രമിക്കുന്ന ചിത്രമായിരുന്നു അത്. ഇപ്പോഴിതാ ആ ഫോട്ടോയ്ക്ക് പിന്നിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മമ്മൂട്ടി തന്നെ തുറന്നു പറയുന്നു.

 

‘‘ആ ഫോട്ടോ എപ്പോള്‍ എടുത്തതാണെന്ന് എനിക്ക് ഓര്‍മയില്ല. ഞാന്‍ അവിടെ കിടക്കുന്ന സീന്‍ ഉണ്ടെന്ന് തോന്നുന്നു. അവിടെ കിടക്കാന്‍ വലിയ സൗകര്യമൊന്നും ഉണ്ടായിരുന്നില്ല. കിടന്നാല്‍ അഴുക്ക് പറ്റും, പാന്റ് ചുളിയും, മേക്കപ്പ് പോകും എന്നുള്ള പ്രശ്‌നങ്ങളൊന്നുമില്ല. ആ മുണ്ടും ഷര്‍ട്ടും തന്നെയാണ് സിനിമയില്‍ ത്രൂ ഔട്ട് ഉള്ളത്. അത് രണ്ട് മൂന്ന് ജോഡിയുണ്ടെന്ന് തോന്നുന്നു. അപ്പോഴത് പിന്നേം പിന്നേം കഴുകിയിടുന്നു. അതുകൊണ്ട് പ്രത്യേകിച്ച് അഴുക്കൊന്നും പറ്റാനില്ല. അതിനകത്ത് ഉള്ള അഴുക്കിനേക്കാള്‍ കൂടുതല്‍ കിടക്കുന്ന സ്ഥലത്തും ഇല്ല. അങ്ങനെ കിടന്നതാണ് ഞാന്‍.

 

സിനിമയില്‍ അമ്പലത്തിന് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന ഒരു സീനുണ്ട്. അത് കഴിഞ്ഞിട്ടുള്ള ഷോട്ടിന് മുമ്പ് അവിടെ കിടന്ന് ഒന്ന് കണ്ണടച്ചെന്നെ ഒള്ളൂ. അതാണ് സത്യം. അതിന്റെ പുറകില്‍ വേറെ കഥയൊന്നും ഇല്ല.’’ മമ്മൂട്ടി പറഞ്ഞു.

 

ക്രിസ്റ്റഫര്‍ സിനിമയുടെ റിലീസിന് മുന്നോടിയായി ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന സിനിമയാണ് ക്രിസ്റ്റഫര്‍. സിനിമയില്‍ ഐശ്വര്യ ലക്ഷ്മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫെബ്രുവരി ഒൻപതിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com