ഫ്രണ്ട്സിൽ ആദ്യം കാസ്റ്റ് ചെയ്തത് സുരേഷ് ഗോപിയെയും മഞ്ജുവിനെയും; അറിയാക്കഥ പറഞ്ഞ് സിദ്ദിഖ്
Mail This Article
ഒരു വിഷുക്കാലത്ത് തിയറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത ചിത്രമായിരുന്നു ഫ്രണ്ട്്സ്. മലയാളത്തിന്റെ പ്രിയ സംവിധായകൻ സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഫ്രണ്ട്സ് ഇന്നും മലയാളികളുടെ പ്രിയ ചിത്രങ്ങളിലൊന്നാണ്. ജയറാമും മീനയും നായികാ നായകൻമാരായിരുന്ന ചിത്രത്തിൽ ആദ്യം തീരുമാനിച്ചിരുന്നത് സുരേഷ് ഗോപിയെയും മഞ്ജു വാരിയരെയുമായിരുന്നു; ഇന്നസെന്റിനുവേണ്ടി എഴുതിയ ലാസർ ഇളയപ്പൻ എന്ന കഥാപാത്രത്തിലേയ്ക്ക് ജഗതി ശ്രീകുമാര്‍ എത്തുന്നതും അപ്രതീക്ഷിതമായിട്ടാണ്. മുഖ്യ കഥാപാത്രങ്ങൾ മാറി വന്നിട്ടും ഹിറ്റായി മാറിയ ഫ്രണ്ട്സിന്റെ അറിയാക്കഥകൾ റീവൈൻഡ് റീൽസിലൂടെ പങ്കുവയ്ക്കുകയാണ് സംവിധായകൻ സിദ്ദിഖ്...
‘‘ഫ്രണ്ട്സിൽ ആദ്യ കാസ്റ്റിങിൽ മനസ്സിൽ വന്നത് സുരേഷ് ഗോപിയെയായിരുന്നു. ചിത്രത്തിൽ ഇപ്പോൾ കാണുന്ന ജയറാമിന്റെ ആ കഥാപാത്രവും ഇങ്ങനെ അല്ലായിരുന്നു. ചിത്രത്തിൽ ഒരു ജഡ്ജിന്റെ മകനാണ്, അയാൾക്ക് അതിന്റേതായ അഹങ്കാരവും പവറുമുണ്ട്. എന്നാൽ മറ്റൊരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി ആ കഥാപാത്രത്തിൽ നിന്നും പിൻമാറി. പിന്നീട് കഥ ജയറാമിനുവേണ്ടി ഇപ്പോഴുള്ള അരവിന്ദനിലേക്ക് മാറ്റിയെഴുതുകയായിരുന്നു. അൽപ്പസ്വൽപ്പം സ്ത്രീ വിഷയത്തിൽ താൽപര്യമുള്ള ഒരു പൂവാലൻ കഥാപാത്രമായാണ് മാറ്റിയെഴുതിയത്. അത് ജയറാം അസ്സലായി ചെയ്തു. വേറൊരു കഥാപാത്രമായിരുന്നു ഈ സിനിമയ്ക്ക് മുന്‍പുണ്ടായിരുന്നത് എന്ന് ചിന്തിക്കാൻ പോലും കഴിയാത്ത വിധത്തില്‍ ജയറാം ഗംഭീരമാക്കി. അത്പോലെ മഞ്ജു വാരിയരും, ദിവ്യാ ഉണ്ണിയുമായിരുന്നു ആദ്യത്തെ പ്രധാന സ്ത്രീ കഥാപാത്രങ്ങളയി തീരുമാനിച്ചിരുന്നത്. കഥ കേട്ട് അഭിനയിക്കാമെന്ന് മഞ്ജു സമ്മതിച്ചിരുന്നെങ്കിലും പെട്ടന്നുളള വിവാഹ നിശ്ചയവും കല്യാണവുമെല്ലാം വന്നപ്പോൾ മഞ്ജുവിന് ചിത്രത്തിൽ നിന്നും പിൻമാറേണ്ടി വന്നു.
ചിത്രത്തിലെ ചിരിയുടെ കേന്ദ്രമായ ജഗതിയുടെ കഥാപാത്രവും ആദ്യം എഴുതിയത് ജഗതിക്കു വേണ്ടിയായിരുന്നില്ല. ലാസർ ഇളയപ്പനായി തീരുമാനിച്ചിരുന്നത് ഇന്നസെന്റിനെ ആയിരുന്നു എന്നാൽ അതേ സമയത്ത് പ്രിയദർശനും, സത്യൻ അന്തിക്കാടും അവരുടെ ചിത്രങ്ങളിലേയ്ക്കും വിളിച്ചിരുന്നു എറ്റവും പ്രിയപ്പെട്ട മൂന്ന് സംവിധായകരിൽ ഒരാളുടെ മാത്രം ചിത്രത്തിൽ അഭിനയിക്കുന്നത് മാനസികമായ ഒരു ബുദ്ധിമുട്ടുണ്ടാക്കുമെന്നുള്ളത്കൊണ്ട് ആരുടെയും ചിത്രത്തിൽ അഭിനയിക്കാതെ ഇന്നസെന്റ് വീട്ടിൽ ഇരുന്നു. അങ്ങനെയാണ് ജഗതിശ്രീകുമാർ ഫ്രണ്ട്സിലേയ്ക്കെത്തുന്നത്.ഇന്നസെന്റ് അഭിനയിച്ചിരുന്നുവെങ്കിൽ ലാസര്‍ ഇളയപ്പനെന്ന കഥാപാത്രം വേറോരു രീതിയിലാകുമായിരുന്നു. ജഗതി വന്നപ്പോൾ ആ കഥാപാത്രം വേറൊരു തലത്തിലേയ്ക്ക് മാറി.’’– സിദ്ദിഖ് പറയുന്നു.
പോണ്ടിച്ചേരിയിലെ പാലസ് അങ്ങ് മദ്രാസിൽ
ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ വരുന്നത് കേരളത്തിലും പോണ്ടിച്ചേരിയിലുമാണ്. പോണ്ടിച്ചേരിയിലെ ഒരു കൊട്ടാരത്തിലാണ് കഥയുടെ പ്രധാന രംഗങ്ങൾ നടക്കുന്നത് എന്നാൽ യഥാർഥത്തിൽ ആ കൊട്ടാരം മദ്രാസിലാണ്. സിനിമയ്ക്കായി ആദ്യം നോക്കിയ ലൊക്കേഷൻ ഗോപിച്ചെട്ടിപാളയം എന്ന സ്ഥലമായിരുന്നു എന്നാൽ ആ ലൊക്കേഷൻ ഇഷ്ടമാകാതിരുന്നതിനാൽ പോണ്ടിച്ചേരിയിലേയ്ക്ക് എത്തുകയായിരുന്നു. പോണ്ടിച്ചേരിയിൽ വൈറ്റ്സ്ട്രീറ്റ്, ബീച്ച്, എല്ലാം കിട്ടി എന്നാൽ ചിത്രത്തിന് പറ്റിയ ഒരു കൊട്ടാരമില്ലായിരുന്നു. കൊട്ടാരത്തിന്റെ രംഗങ്ങൾ ചിത്രീകരിക്കാനായി മദ്രാസിലെ കുശാൽദാസ് ഗാർഡന്‍ എന്ന കൊട്ടാരമാണ് തിരഞ്ഞെടുത്തത്. മലയാളവും തമിഴുമുൾപ്പടെ ഒരുപാട് സിനിമകൾ ചിത്രീകരിച്ചിട്ടുള്ള ലൊക്കേഷനാണ് കുശാൽദാസ് ഗാർഡൻ.
ചിത്രത്തിലെ പ്രധാന കോമഡി രംഗങ്ങളിലൊന്നായ പൊടി വീപ്പയിൽ വീഴുന്ന രംഗത്തെക്കുറിച്ചായിരുന്നു ജനാർദ്ദനൻ പറഞ്ഞത്.‘‘ഒരു ദിവസമെടുത്താണ് ആ സീൻ ഷൂട്ട് ചെയ്തത്. ശരീരം മൊത്തം വെള്ളപ്പൊടിയിട്ട് അഭിനയിക്കാനുള്ള പ്രയാസം ഒഴിവാക്കാനായി കൂടിയ ഇനം ഭസ്മമാണ് അന്ന് ഉപയോഗിച്ചത്. ഓരോ ഷോട്ട് കഴിയുമ്പോഴും ആർട്ട് ഡയറക്ടർ വീണ്ടും പൊടി തലയിലൂടെ ഇടും. കാരണം തലയൊന്ന് കുടഞ്ഞാൽ പൊടി ദേഹത്ത് നിന്നും പറക്കണം. അങ്ങനെ തന്നെയാണ് ഓരോ ഷോട്ടുകളും എടുത്തിട്ടുള്ളത്. വീപ്പയിലേയ്ക്ക് ചാടുന്ന രംഗത്തിൽ അവസാന ഷോട്ടിൽ ചാടുന്നത് ഡ്യൂപ്പാണ്. അത് വരെ അഭിനയിച്ചിരിക്കുന്നത് ഞാൻ തന്നെയാണ്. നമ്മൾ മാത്രം അഭിനയം കാഴ്ചവെച്ചതുകൊണ്ട് ഒരു സീൻ നന്നാകണമെന്നില്ല കൂടെ അഭിനയിച്ച അഭിനേതാക്കളെല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ ഒരു മികച്ച സിനിമയുണ്ടായി.’’