ജാതി വാല്‍ വേണ്ട, ‘മേനോൻ’ ഒഴിവാക്കി നടി സംയുക്ത
Mail This Article
പേരിൽനിന്ന് ‘മേനോൻ’ ഒഴിവാക്കുന്നുവെന്ന് നടി സംയുക്ത. ധനുഷ് നായകനായ, റിലീസിന് തയാറെടുക്കുന്ന ‘വാത്തി’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് തന്നെ ഇനി ‘മേനോൻ’ ചേർത്തു വിളിക്കരുതെന്ന് സംയുക്ത പറഞ്ഞത്. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്നു കുറച്ചു നാൾ മുൻപു തന്നെ മേനോൻ ഒഴിവാക്കിയിരുന്നുവെന്നും താരം പറയുന്നു. ഫെബ്രുവരി 17ന് തിയറ്ററുകളിലെത്തുന്ന ‘വാത്തി’യിൽ സ്‌കൂൾ ടീച്ചറുടെ വേഷത്തിലാണ് സംയുക്ത എത്തുന്നത്.
ചിത്രവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ മാധ്യമ പ്രവർത്തക സംയുക്ത മേനോൻ എന്നു വിളിച്ചപ്പോൾ, തന്നെ സംയുക്ത എന്നു മാത്രം വിളിച്ചാൽ മതിയെന്ന് നടി പറയുകയായിരുന്നു. “എന്നെ സംയുക്ത എന്നു വിളിച്ചാൽ മതി. മേനോൻ എന്ന ജാതി വാല്‍ മുൻപ് ഉണ്ടായിരുന്നു. പക്ഷേ ഞാൻ അഭിനയിക്കുന്ന സിനിമകളിൽ എന്റെ പേരിൽനിന്ന് ‘മേനോൻ’ നീക്കം ചെയ്യാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്ന് കുറച്ചു നാൾ മുൻപ് തന്നെ ഞാൻ ജാതി വാൽ ഒഴിവാക്കിയിരുന്നു’’– സംയുക്ത പറയുന്നു.
മീഡിയ പോർട്ടലുകളിലും മറ്റും സംയുക്ത മേനോൻ എന്നതിനുപകരം സംയുക്ത എന്നു വിളിക്കണമെന്നും നടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. സംയുക്തയുടെ തീരുമാനത്തിന് ധാരാളം പേർ അഭിനന്ദനങ്ങൾ അറിയിക്കുന്നുണ്ട്.
മലയാളത്തിൽ ‘കടുവ’യിലാണ് സംയുക്ത അവസാനം പ്രത്യക്ഷപ്പെട്ടത്. സായി ധരം തേജ് നായകനാകുന്ന വിരുപക്ഷ എന്ന തെലുങ്ക് ചിത്രമാണ് നടിയുടെ പുതിയ പ്രോജക്ട്.