യഥാർഥ ക്രിസ്റ്റഫർ ഇവിടുണ്ട്; മമ്മൂട്ടിയുടെ വേഷത്തിന് പ്രചോദനം വി.സി. സജ്ജനാർ ഐപിഎസ്?
Mail This Article
ക്രിസ്റ്റഫർ എന്ന സിനിമ ജീവിച്ചിരിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിൽ നിന്നും അടർത്തിയെടുത്തതാണെന്ന് മമ്മൂട്ടി അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. അതും വളരെ കുറച്ച് ഭാഗങ്ങൾ മാത്രമാണ് യാഥാർഥ്യത്തോട് ബന്ധപ്പെട്ട് കിടക്കുന്നതെന്നും അദ്ദേഹം പിന്നീട് വിശദീകരിക്കുകയുണ്ടായി. തെലങ്കാനയിലെ വി.സി. സജ്ജനാർ ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതമാണ് ക്രിസ്റ്റഫർ സിനിമയ്ക്ക് പ്രചോദനമെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ. സംവിധായകൻ ബി. ഉണ്ണികൃഷ്‌ണനും സജ്‌ജനാറും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ പുറത്തുവന്നതോടെയാണ് ഇങ്ങനെയൊരു വാർത്ത പൊട്ടിപ്പുറപ്പെടാൻ കാരണം.
മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളിൽ പിടികൂടുന്ന പ്രതികളെ ശിക്ഷിക്കാൻ നിയമത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച്, ഉറപ്പില്ലാത്ത നീതിക്കായി കോടതികൾക്ക് മുന്നിൽ ദശാബ്‌ദങ്ങൾ കാത്തുകെട്ടികിടക്കാൻ തയാറല്ലാത്ത പൊലീസ് ഉദ്യോഗസ്‌ഥന്റെ കഥയാണ് 'ക്രിസ്‌റ്റഫർ'. വൈകി ലഭിക്കുന്ന നീതി, നിഷേധിക്കപ്പെട്ട നീതിയാണെന്ന സ്വബോധ്യത്തിൽ നിന്ന് നിയമം കയ്യിലെടുത്ത് 'ക്രിസ്‌റ്റഫർ' നടത്തുന്ന താന്തോന്നിത്തരങ്ങള്‍ തിയറ്ററുകളിൽ കയ്യടി സൃഷ്ടിക്കുന്നു. പൊലീസ് 'വിജിലാന്റിസം' പ്രമേയമാകുന്ന ക്രിസ്‌റ്റഫർ രണ്ടു തരത്തിലുള്ള വിവിധ വഴികളിലെ ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ക്രൂര കുറ്റകൃത്യങ്ങൾക്കു കാരണക്കാരായവരെ എൻകൗണ്ടർ ചെയ്ത് വാർത്തകളില്‍ ഇടം നേടിയ ആളാണ് സജ്ജനാർ. ഇതു പിന്നീട് വലിയ വിവാദങ്ങൾക്കും വഴിവച്ചു.
∙ വാർത്തകളിൽ മുൻപും സജ്ജനാർ
2008 ഡിസംബറില്‍ ആന്ധ്രയിലെ വാറങ്കലില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച സംഭവത്തിലെ പ്രതികളെന്നു കരുതുന്ന മൂന്നു യുവാക്കളെ പൊലീസ് വെടിവച്ചു കൊന്നതോടെയാണ് സജ്ജനാർ വാർത്തകളിൽ ഇടം നേടിയത്. ആസിഡ് ശരീരത്തില്‍ വീണ ഒരു പെണ്‍കുട്ടി മരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീനിവാസ്, സഞ്ജയ്, ഹരികൃഷ്ണ എന്നീ യുവാക്കള്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത് ഏറെ വിവാദമായിരുന്നു. സജ്ജനാര്‍ക്കായി കയ്യടിച്ചതിനൊപ്പം ഒരു വിഭാഗം ആളുകൾ പ്രതിഷേധം ഉയർത്തുകയും ചെയ്തു.സൗപര്‍ണിക എന്ന പെണ്‍കുട്ടിയോട് പ്രധാന പ്രതിയെന്നു കരുതുന്ന സഞ്ജയ് നടത്തിയ പ്രേമാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ഈ കുട്ടിയുടെയും കൂട്ടുകാരിയുടെയും ശരീരത്തില്‍ ആസിഡ് ഒഴിക്കുകയായിരുന്നു. പ്രണയം നിരസിച്ചതു കൊണ്ടാണ് ആസിഡ് ഒഴിച്ചത് എന്ന് പ്രതികള്‍ സമ്മതിച്ചിരുന്നു. പ്രതികള്‍ സഞ്ചരിച്ച ബൈക്ക് കസ്റ്റഡിയില്‍ എടുക്കാന്‍ മൂവുനൂരില്‍ എത്തിയപ്പോള്‍, പൊലീസിനെതിരെ ഇവര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നുവെന്നാണ് സജ്ജനാറിന്റെ വിശദീകരണം. അന്നു വാറങ്കലില്‍ ഹീറോ ആയിരുന്നു സജ്ജനാര്‍. നൂറുകണക്കിനു വിദ്യാര്‍ഥികളാണ് ഇദ്ദേഹത്തെ കാണാനായി ഓഫിസില്‍ എത്തിയിരുന്നത്. വിവിധയിടങ്ങളില്‍ സജ്ജനാറിനെ മാലയിട്ടു വിദ്യാര്‍ഥികള്‍ സ്വീകരിച്ചു.
നിലവിൽ സൈബരാബാദ് പോലീസ് കമ്മീഷണറായ വി.സി. സജ്ജനാർ ഐപിഎസ്, ക്രിസ്റ്റഫർ എന്ന കഥാപാത്രത്തെപ്പോലെ സ്‌ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കും ക്ഷേമത്തിനും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്‌തിയാണ്.
ബി. ഉണ്ണികൃഷ്ണൻ ചിത്രം ക്രിസ്റ്റഫറിലും സമാനമായ പ്രമേയമാണ് ചർച്ച ചെയ്യുന്നത്.ക്രൂരമായ ലൈംഗിക പീഡനങ്ങൾക്കും ആക്രമണങ്ങൾക്കും ഇരയായായി നീതി നിഷേധിക്കപ്പെട്ടവരുടെ കാവൽ മാലാഖയാണ് ‘ക്രിസ്റ്റഫർ’. നിയമത്തെ അംഗീകരിക്കാതെ നിയമം കയ്യിലെടുക്കുന്നതുകൊണ്ടുതന്നെ സമൂഹത്തിന് ക്രിസ്റ്റഫർ ഒരു ഹീറോയാണ്. പക്ഷേ പൊലീസ് വിഭാഗത്തിന് തലവേദനയും. നിയമത്തിന് ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമ്പോൾ അയാൾ തന്നെ ഒരു ‘താന്തോന്നി’യായി മാറുകയാണ്. ക്രിസ്റ്റഫർ എന്ന വിജിലാന്റെ പൊലീസുദ്യോഗസ്ഥന്റെ ജീവചരിത്രം എന്നതാണ് സിനിമയുടെ ടാഗ് ലൈൻ. അത് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു പ്രത്യേക സാഹചര്യത്തിൽ അയാളുടെ ജീവചരിത്രത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തോടെയാണ് കഥ തുടങ്ങുന്നത്. ഉദയ് കൃഷ്ണയുടേതാണ് തിരക്കഥ.