ഇവരെ കണ്ടാല്‍ ദാരിദ്യം പിടിച്ച നടിയെന്ന് തോന്നുന്നുണ്ടോ?: വിമർശിച്ച് അഖിൽ മാരാർ
Mail This Article
യൂട്യൂബ് വിഡിയോയിലൂടെ നടി രമ്യ സുരേഷിനെ പരിഹസിച്ച യൂട്യൂബറെ കടുത്ത ഭാഷയിൽ വിമർശിച്ച് സംവിധായകൻ അഖിൽ മാരാർ. ക്രിസ്റ്റഫർ സിനിമയുടെ നിരൂപണത്തിനിടെ നടി രമ്യയ്ക്കെതിരെ യൂട്യൂബർ നടത്തിയ ചില പരാമർശങ്ങളാണ് അഖിലിനെ ചൊടിപ്പിച്ചത്.
അഖിൽ മാരാറിന്റെ കുറിപ്പിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ.
ഈ നടിയെ നിങ്ങൾക്ക് അറിയും എന്ന് വിശ്വസിക്കുന്നു. ഇവരെ കണ്ടിട്ട് നിങ്ങൾക്ക് ദാരിദ്യം പിടിച്ച നടി എന്ന് തോന്നുന്നുണ്ടോ..? പക്ഷേ യൂട്യൂബര്‍ക്ക് ഇവരൊരു ദാരിദ്ര്യം പിടിച്ച നടിയാണ്. ക്രിസ്റ്റഫർ സിനിമയുടെ അഭിപ്രായം പടച്ചു വിട്ടപ്പോൾ പേടി കൊണ്ടാണെങ്കിൽ കൂടി ഉണ്ണികൃഷ്ണൻ, ഉദയ്കൃഷ്ണ ഇവരെ ആക്ഷേപിക്കാതെ സംസാരിക്കാൻ ഇയാൾക്കു കഴിഞ്ഞെങ്കിലും ഉള്ളിൽ കിടക്കുന്ന പുച്ഛം പതിയെ തികട്ടി വന്നു. രമ്യയെ കുറിച്ച് അയാൾ പറഞ്ഞത് ദാരിദ്ര്യം പിടിച്ച വേഷങ്ങൾ ചെയ്യുന്ന നടി എന്നാണ്. വീട്ടു ജോലിക്കാരി ആയി ഒരു കഥാപാത്രം ചെയ്യുന്ന ബലാൽസംഗം ചെയ്തു കൊല്ലപ്പെടുന്ന ഒരു മകളുടെ അമ്മ ആയി അഭിനയിക്കുന്ന ഒരു അഭിനേത്രി ആയി പിന്നെ ശിൽപ ഷെട്ടി അഭിനയിക്കണം എങ്കിലേ കൊക്കിന് സുഖിക്കു എന്നുണ്ടോ...?
സംവിധായകൻ തനിക്ക് നൽകിയ വേഷം രമ്യ ഭംഗിയാക്കി എന്ന് എന്തുകൊണ്ട് പറയാൻ ഇയാള്‍ക്കു തോന്നുന്നില്ല. രമ്യയെ ഇയാൾ ആക്ഷേപിച്ചത് അവരുടെ ശാരീരികമായ അവസ്ഥ കണ്ട് തന്നെ അല്ലെ. ഇതേ കക്ഷി തങ്കം സിനിമയിൽ അഭിനയിച്ച അപർണയെ കൊട്ട പ്രമീള എന്ന് ആക്ഷേപിചിട്ട് അഭിമുഖത്തിൽ ന്യായീകരിച്ചത്. അത് കാപ്പയിൽ അവർ ചെയ്ത കഥാപാത്രം ആയിരുന്നു എന്നാണ്. കാപ്പയിൽ അവർ ചെയ്തത് പ്രമീള ദേവി എന്ന കഥാപാത്രം ആയിരുന്നു. അത് പോലും ആക്ഷേപ രൂപേണ വളച്ച് ‘കൊക്ക്’ ഇട്ട പേരാണ് കൊട്ട പ്രമീള എന്നത്..
ഇനി ഇവൻ പറഞ രീതിയിൽ എടുത്താൽ സൂര്യ മാനസം സിനിമ കഴിഞ്ഞ് അടുത്ത പടം ചെയ്യുമ്പോൾ മമ്മൂക്കയെ പുട്ടുറുമീസ് എന്ന് വിളിച്ചു സംസാരിക്കുമോ. സകലരെയും ആക്ഷേപിച്ചും പരിഹസിച്ചും നടക്കുന്ന ഇവൻ എന്നെ മെയിൽ ഷോവനിസ്റ്റ് പിഗ് എന്ന് വിളിച്ചു. അതേടാ അമ്മയെ സംരക്ഷിക്കുന്ന മകൻ. ഭാര്യയെ സംരക്ഷിക്കുന്ന അവളുടെ സ്വാതന്ത്ര്യങ്ങളിൽ ഇടപെടാത്ത എന്തിന് എന്റെ ഫെയ്സ്ബുക്ക് മൊബൈൽ പാസ്സ്‌വേർഡ് പോലും പറഞ്ഞു കൊടുത്തിട്ടുള്ള ഭർത്താവ്..
2 പെണ്‍മക്കളെ അവരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് വളർത്തുന്ന അച്ഛൻ. ഈ നിലയിൽ ഞാനൊരു മെയിൽ ഷോവനിസ്റ്റ് ആണ്. ഫെമിനിസം പറഞ്ഞു പുരുഷന്മാരുടെ നെഞ്ചിൽ കുതിര കയറുന്ന ചില സ്ത്രീ രൂപങ്ങളെ ഞാൻ എതിർക്കും. ഹിന്ദു വിശ്വാസങ്ങളിൽ യശോദയും പൂതനയും ഉണ്ട്. ആരെ സ്നേഹിക്കണം ആരെ എതിർക്കണം എന്ന് എനിക്ക് വ്യക്തമായി അറിയാം. കുറുക്കൻ കൂവും സിംഹം ഗർജിക്കും. എത്രയൊക്കെ നീലത്തിൽ മുങ്ങിയാലും നീ കൂവും. അതാണ് അറിയാതെ നിന്റെ വായിൽ രമ്യയെ ദാരിദ്ര്യം പിടിച്ച നടി എന്ന് വിളിച്ചത്.