ഞാൻ അഭിനയിക്കുന്നു എന്നു കരുതി ആ സിനിമയെ ആക്രമിക്കുന്നത് ഭീരുത്വം: ശ്വേത മേനോൻ
Mail This Article
തന്നോട് വൈരാഗ്യമുള്ളവർ തന്റെ സിനിമയുടെ പോസ്റ്റർ കീറി വൈരാഗ്യം പ്രകടിപ്പിക്കാതെ നേരിട്ട് എതിരിടാൻ ധൈര്യമുണ്ടാകണമെന്ന് ശ്വേത മേനോൻ. ശ്വേത പ്രധാന കഥാപാത്രമായെത്തുന്ന പള്ളിമണി എന്ന ചിത്രത്തിന്റെ പോസ്റ്റർ വ്യാപകമായി നശിപ്പിക്കുന്നത് അണിയറ പ്രവർത്തകരുടെ ശ്രദ്ധയിൽപെട്ടിരുന്നു. തന്റെ പങ്കാളിത്തമുണ്ടെന്നു കരുതി ഒരു സിനിമയെ ആക്രമിക്കുന്നത് ഭീരുത്വമാണെന്ന് ശ്വേത പറയുന്നു. കീറിയ പോസ്റ്ററിന്റെ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം.
‘‘അടുത്തിടെ, എന്റെ പുതിയ ചിത്രമായ പള്ളിമണിയുടെ, തിരുവനന്തപുരത്ത് പതിച്ച പോസ്റ്ററുകൾ കീറിക്കളഞ്ഞിരുന്നു. പല വിഷയങ്ങളിലുമുള്ള എന്റെ ധീരവും നീതിപൂർവവുമായ നിലപാട് എതിർപ്പിന് കാരണമായേക്കാമെന്ന് ഞാൻ മനസ്സിലാക്കുന്നുണ്ടെങ്കിലും, എന്റെ പങ്കാളിത്തമുണ്ടെന്ന് കരുതി ഒരു സിനിമയെ ആക്രമിക്കുന്നത് തികഞ്ഞ ഭീരുത്വമാണ്. ഒരു നവാഗത സംവിധായകന്റെയും നവാഗത നിർമാതാവിന്റെയും സ്വപ്ന സാക്ഷാത്കാരമാണ് ഈ ചിത്രം. സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരുപാട് വ്യക്തികളുടെ ഉപജീവനമാർഗമാണ്.
അതുകൊണ്ട് കഠിനാധ്വാനികളായ നിരവധി ആളുകളുടെ ഉപജീവനമാർഗമായ സിനിമയെ നശിപ്പിക്കുന്നതിന് പകരം ഈ നികൃഷ്ടമായ പ്രവർത്തനത്തിന് പിന്നിലുള്ളവർ എന്നെ നേരിട്ട് ബന്ധപ്പെടാൻ ധൈര്യപ്പെടണം. ചിത്രം ഒന്നിൽ കാണുന്നത് തിരുവനന്തപുരത്തെ തമ്പാനൂരിലെ കീറിപ്പറിഞ്ഞ പോസ്റ്ററും ചിത്രം രണ്ടിലേത് യഥാർഥ പോസ്റ്റർ ഡിസൈനുമാണ്.’’ ശ്വേതാ മേനോൻ പറയുന്നു.
ചിത്രത്തിന്റെ പ്രചാരണത്തിന് വേണ്ടി പതിച്ച പോസ്റ്ററുകൾ കീറി കളയുന്നത് ഏറെ സങ്കടകരമായ കാഴ്ചയാണെന്നും ദയവ് ചെയ്ത് ഉപദ്രവിക്കരുതെന്നും ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളായ നിത്യ ദാസും സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
ജനപ്രിയ നോവലിസ്റ്റും തിരക്കഥാകൃത്തുമായ കെ.വി. അനിൽ രചന നിർവഹിക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ് ‘പള്ളിമണി’. കലാസംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്വേതാ മേനോൻ ഒരു കന്യാസ്ത്രീയുടെ വേഷത്തിലാണ് എത്തുന്നത്.