ആശുപത്രിയിൽ നിന്നും നല്ല സൂചനകൾ കിട്ടിയിരുന്നതാണ്, പക്ഷേ: വേദനയോടെ കലാഭവൻ ഷാജോൺ
Mail This Article
വളരെ അടുത്ത സുഹൃത്തായ സുബി സുരേഷിന്റെ വേർപാട് ഞെട്ടിക്കുന്നുവെന്ന് നടൻ കലാഭവൻ ഷാജോൺ. വർഷങ്ങളായി സ്റ്റേജ് ഷോകളിൽ ഒരുമിച്ച് പ്രവർത്തിച്ചു തുടങ്ങിയ സുഹൃത് ബന്ധമാണ്. ആൺകുട്ടിയെപ്പോലെ ജീവിതത്തെ നേരിട്ട പെൺകുട്ടിയാണ് സുബി. കുറച്ചു നാളായി കരൾ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നു അറിയാമായിരുന്നു പക്ഷേ ആശാവഹമായ റിപ്പോർട്ടുകളാണ് കിട്ടിയിരുന്നതെന്നും സുബിയുടെ അപ്രതീക്ഷിത വേർപാട് വളരെ വേദനാജനകമാണെന്നും ഷാജോൺ പറഞ്ഞു.
‘‘വളരെ ഞെട്ടിപ്പിക്കുന്ന വാർത്തയാണ് സുബിയുടെ വേർപാട് എന്നത്. സുബി കുറച്ചു ദിവസമായി ചികിത്സയിലായിരുന്നുവെന്ന് ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾക്ക് അറിയാമായിരുന്നു. കരൾ രോഗമായിരുന്നു സുബിക്ക്. ആശുപത്രിയിൽ നിന്നും വീട്ടുകാരിൽ നിന്നും നല്ല സൂചനകളാണ് കിട്ടിയിരുന്നത്. ആ ഒരു ആശ്വാസത്തിലായിരുന്നു ഞങ്ങൾ. പക്ഷേ പെട്ടെന്ന് കേൾക്കുന്ന ഈ വിവരം ഞെട്ടിക്കുന്നു. ഒരുപാടു വർഷങ്ങൾക്ക് മുൻപ് മുതൽ ഒരുമിച്ച് സ്റ്റേജ് ഷോകളിൽ തുടങ്ങിയ സുഹൃത്ത് ബന്ധമാണ്. ഒരു ആൺകുട്ടിയെപ്പോലെ ജീവിതത്തെ നേരിട്ട താരമാണ് സുബി. ജീവിതത്തെ വളരെ സന്തോഷത്തോടെ നേരിട്ടിരുന്ന ആളാണ്.
നമ്മൾ പോലും ചെയ്യാൻ മടിക്കുന്ന പല കാര്യങ്ങളും വളരെ ധൈര്യത്തോടെ ചെയ്യും, ഒറ്റക്ക് എവിടെയും യാത്ര ചെയ്യാൻ ഒരു മടിയുമുണ്ടായിരുന്നില്ല. വളരെ ധൈര്യശാലിയായ പെൺകുട്ടിയായിരുന്നു. എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു സുബി. എന്ത് കാര്യത്തിന് എപ്പോ വിളിച്ചാലും ഓടിയെത്തും. ഞങ്ങളുടെ ഒരു മിമിക്രി അസോസിയേഷൻ ഉണ്ട്. അതിന്റെ എക്സിക്യൂട്ടിവ് മെമ്പറായിരുന്നു സുബി. സംഘടനയ്ക്കു വേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്യാൻ മുൻപിൽ നിന്നിട്ടുള്ള വ്യക്തിയാണ്. കുടുംബമായിട്ടും വളരെ അടുപ്പമുണ്ടായിരുന്നു. വളരെയധികം വിഷമിപ്പിക്കുന്ന വാർത്തയാണിത്.’’ കലാഭവൻ ഷാജോൺ പറഞ്ഞു.