ശ്രീനാഥുമായി പിരിഞ്ഞു: വിവാഹമോചിതയാകാനുള്ള കാരണം വെളിപ്പെടുത്തി ഗൗതമി നായർ
Mail This Article
നടി ഗൗതമി നായരും സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനും വിവാഹമോചിതരായി. 2017 ലായിരുന്നു ഇരുവരുടെയും വിവാഹം. സെക്കൻഡ് ഷോ, കുറുപ്പ് എന്നീ സിനിമകളുടെ സംവിധായകനാണ് ശ്രീനാഥ്. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ഗൗതമിയും അഭിനയരംഗത്തെത്തുന്നത്. ഐ ആം വിത്ത് ധന്യ വർമ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് നടി വിവാഹമോചന വാർത്ത വെളിപ്പെടുത്തിയത്. പരസ്പര സമ്മതപ്രകാരമായിരുന്നു വിവാഹമോചനമെന്നും തങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും ഗൗതമി പറഞ്ഞു.
‘‘എന്‍റെ പ്രൈവറ്റ് കാര്യങ്ങള്‍ തീര്‍ത്തും പ്രൈവറ്റാക്കി വയ്ക്കാനാണ് ശ്രമിച്ചത്. ഇത്തരം കാര്യങ്ങള്‍ പുറത്ത് എത്തിയാല്‍ ആളുകള്‍ പലതും ചിന്തിച്ച് ഉണ്ടാക്കും. അത് കൊണ്ടാണ് ഇത് നടന്നത്, ഇത് കൊണ്ടാണ് അത് നടന്നത് എന്നൊക്കെ. ആരുടെയെങ്കിലും വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയില്ല. അതുകൊണ്ട് ജനങ്ങള്‍ സ്വയം വിധിക്കും. പക്ഷേ പ്രശ്നങ്ങൾ നേരിടുന്നവരുടെ ജീവിതാവസ്ഥയെക്കുറിച്ച് ഇവരൊന്നും ചിന്തിക്കാറില്ല.
പരസ്പര സമ്മതത്തോടെയായിരുന്നു ഞങ്ങളുടെ വിവാഹമോചനം. സിനിമയിൽ കാണുന്നതുപോലെ യാതൊരു ബഹളങ്ങളുമില്ലായിരുന്നു. മാത്രമല്ല ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. പരസ്പരം വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. പക്ഷേ ആ അവസ്ഥ അഭിമുഖീകരിക്കാൻ എനിക്ക് തെറാപ്പി ആവശ്യമായി വന്നിരുന്നു. 2 മാസം തെറാപ്പി ചെയ്തു. വിഡിയോ കോൾ വഴിയാണ് തെറാപ്പി ചെയ്തത്.
വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമാണ് ഒന്നിച്ച് ജീവിച്ചത്. 2012 മുതല്‍ ഞങ്ങള്‍ തമ്മില്‍ അറിയാമായിരുന്നു. പിന്നീട് ഡേറ്റിങിലായിരുന്നു. എല്ലാം നല്ലതായിരുന്നു. എന്തിനാണ് ഈ വിവാഹത്തില്‍നിന്നു പുറത്തുവന്നത് എന്ന് അച്ഛനും അമ്മയും ചോദിച്ചു. ഞങ്ങള്‍ തമ്മില്‍ ശരിക്കും പ്രശ്നമൊന്നും ഇല്ല. എന്നാല്‍ ഞങ്ങളുടെ ഐഡിയോളജി ഒരു സമയം കഴിഞ്ഞപ്പോള്‍ രണ്ടു രീതിയിലായി. എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്നതില്‍ അത് ബാധിച്ചു. എങ്ങനെയെങ്കിലും ഇതില്‍ ഒരു ബാലന്‍സ് കണ്ടെത്താന്‍ കഴിയുമോ എന്ന് ഞങ്ങള്‍ കുറേ നോക്കി. എന്നാല്‍ അതിന് ഞങ്ങളിലൊരാൾ കോംപ്രമൈസ് ചെയ്യണമായിരുന്നു.
ചിലപ്പോള്‍ കോംപ്രമൈസ് ചെയ്ത് മുന്നോട്ട് പോകാം. എന്നാല്‍ കുറേ കഴിയുമ്പോള്‍ എന്തെങ്കിലും വിഷയം വരുമ്പോള്‍ നീ കാരണം ഇത് സംഭവിച്ചെന്ന് പറഞ്ഞ് തമ്മില്‍ വിരല്‍ ചൂണ്ടേണ്ടി വരും. അതുകൊണ്ടുതന്നെ സന്തോഷമില്ലാതെ ഇങ്ങനെനിന്നിട്ടു കാര്യമില്ലെന്നും, രണ്ടാളും അവരുടെ വഴിക്ക് പോയി ഹാപ്പിയായി ജീവിക്കാന്‍ തീരുമാനിച്ചതോടെയുമാണ് ഞങ്ങള്‍ പിരിഞ്ഞത്. കമ്യൂണിക്കേഷന്‍ ഒരു പ്രധാന കാര്യമാണെന്ന് ഇതില്‍ നിന്നും പഠിച്ചു.
23 മുതൽ 26 വയസ്സ് വരെയുള്ള പ്രായത്തിൽ നമുക്കു വേണ്ടത് എന്താണെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയില്ല. ഇപ്പോൾ എനിക്ക് 31 വയസ്സായി. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ 27 വയസ്സിനു ശേഷമെ തീരുമാനം എടുക്കാൻ പാടുള്ളു.’’– ഗൗതമി നായർ പറഞ്ഞു.
ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലസ് ആയിരുന്നു ഗൗതമിയുടെ രണ്ടാമത്തെ ചിത്രം. പിന്നീട് പഠനത്തിനായി സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം പിഎച്ച്ഡി പൂർത്തീകരിച്ചു. എംഎസ്എസി ക്ലിനിക്കൽ സൈക്കോളജി പൂർത്തിയാക്കിയ നടി ഇപ്പോൾ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ന്യൂറോ സയൻസിൽ റിസേർച്ച് ചെയ്യുകയാണ്.