ADVERTISEMENT

അനിഖ സുരേന്ദ്രൻ, മെൽവിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആൽഫ്രഡ് ഡി. സാമുവൽ സംവിധാനം നിർവഹിച്ച ‘ഓ മൈ ഡാര്‍ലിങ്’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടുകയാണ്. ആഷ് ട്രീ വെഞ്ചേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രത്തിന്റെ നിർമാണം. കേവലമൊരു ടീനേജ് ലൗ സ്റ്റോറി മാത്രം ആക്കാതെ ഗൗരവ പൂർണമായ ഒരു വിഷയം കൂടി ചിത്രം ചർച്ച ചെയ്യുന്നുണ്ട് എന്നത് ഈ സിനിമയെ വ്യത്യസ്തമാക്കുന്നു. ചിത്രത്തെ കുറിച്ച് പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ജി. സൈലേഷ്യ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

 

‘‘ഓ മൈ ഡാർലിങ് എന്ന ചിത്രം കണ്ടിറങ്ങിയതിന് ശേഷമാണ് ഞാൻ നിങ്ങളുടെ അടുത്ത് സംസാരിക്കുന്നത്. ആൽഫ്രഡ് സംവിധാനം നിർവഹിച്ച ഈ ചിത്രം വളരെ രസകരമായ ഒരു മാനസിക സംഗതിയെ കുറിച്ചാണ് ജനങ്ങളോട് സംവദിക്കുന്നത്. വളരെ രസകരമായ ചില മാനസിക അവസ്ഥകളുണ്ട്. പ്രത്യേകിച്ചും കൗമാരക്കാർ ആയിരിക്കുമ്പോൾ മുതൽ ആരംഭിക്കുന്ന ചുറ്റുമുള്ളവരെ കബളിപ്പിക്കുന്ന രീതിയിൽ അല്ലെങ്കിൽ മറ്റുള്ളവർക്ക് പുറമേ നിന്ന് മനസ്സിലാക്കാൻ പറ്റാത്ത ലക്ഷണങ്ങൾ ഉള്ള ചില അസുഖങ്ങൾ ഉണ്ട്. അത്തരത്തിൽ വളരെ രസകരമായ Delusional Pregnancy (ഭ്രമാത്മക ഗർഭം) എന്ന ആശയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. പക്ഷേ പല സിനിമകളും അസുഖങ്ങളെ കുറിച്ച് പറയുമ്പോൾ ആ അസുഖം വന്ന വ്യക്തിയുടെ ജീവിത പശ്ചാത്തലത്തെ കുറിച്ച് പഠിക്കാതെയാണ് കഥാപാത്രത്തെ നിർമിച്ചെടുക്കുന്നത്. 

 

എന്നാൽ ഈ ചിത്രം അവിടെ വേറിട്ട് നിൽക്കുന്നു. ഈ അസുഖം വന്ന കുട്ടിയുടെ വ്യക്തിത്വം എങ്ങനെ ആയിരിക്കണമെന്ന മനോഹരമായ ഒരു ക്യാരക്ടർ സ്കെച്ച് ഇതിൽ ഒരുക്കിയിട്ടുണ്ട്. വൈകാരികമായി അസ്ഥിരമായ ഒരു പേഴ്സണാലിറ്റി ഡിസോർഡറാണ് ആ കുട്ടിക്ക് ഉള്ളത്. കാമുകനുമായുള്ള ജീവിതത്തിൽ ആ കുട്ടിയുടെ വാശി, പ്രകൃതം കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ഉള്ള ഒരു അവസ്ഥയെ ചികിത്സിക്കുമ്പോൾ അവർ അത് എങ്ങനെ എടുക്കണമെന്ന് മനസ്സിലാക്കേണ്ടതാണ്. നിങ്ങളോട് നിങ്ങൾക്ക് ഒരു രോഗമുണ്ടെന്ന് പറഞ്ഞാൽ എല്ലാവരും അത് അംഗീകരിക്കണമെന്നില്ല. ഒരു മനുഷ്യന്റെ രോഗാവസ്ഥയെ അംഗീകരിക്കാത്ത ഫ്രോയിഡൻ പ്രതിഭാസമായ ‘ഡിനയൽ’ വളരെ മനോഹരമായി ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. നിങ്ങൾ എല്ലാവരും ഈ സിനിമ കാണണം.’’–ജി. സൈലേഷ്യ പറയുന്നു.

 

ഭാസ്കർ ദ് റാസ്കൽ, ദ് ഗ്രേറ്റ്‌ ഫാദർ എന്നി ചിത്രത്തിലൂടെ ബാലതാരമായി പ്രേക്ഷകർക്കു സുപരിചിതയായ അനിഖ സുരേന്ദ്രനും, ജോ ആൻഡ് ജോയിലൂടെ ശ്രദ്ധേയനായ മെൽവിൻ ജി. ബാബുവും പ്രധാന വേഷത്തിൽ എത്തിയ ‘ഓ മൈ ഡാര്‍ലിങ്’ റൊമാന്റിക് കോമഡി എന്റർടെയ്നറാണ്. മറ്റു താരങ്ങളായ മുകേഷ്, ജോണി ആന്റണി, മഞ്ജു പിള്ള, ലെന തുടങ്ങിയവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഒരു പക്കാ ലൗ സ്റ്റോറി തന്നെയാണ് ആദ്യ പകുതി. രണ്ടാം പകുതി എത്തുന്നതോടെയാണ് ചിത്രം അപ്രതീക്ഷതമാകുന്നതും അതി സങ്കീർണമായ ഒരു മാനസിക വൈകല്യത്തെ റൊമാന്റിക് കോമഡി എലമെന്റ്സിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നതും. ജിനീഷ് കെ. ജോയ് ഒരുക്കിയ തിരക്കഥ ഇന്നത്തെ കാലത്തിനൊപ്പം കൃത്യമായി ചേർന്നു പോകുന്നുവെന്നാണ് കണ്ടിറങ്ങുന്നവർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com