ADVERTISEMENT

മലൈക്കോട്ടൈ വാലിബനിൽ ഗുസ്തി ചാമ്പ്യനായ ദ് ഗ്രേറ്റ് ഗാമയായി മോഹൻലാൽ എത്തുന്നുവെന്ന് അഭ്യൂഹം. ഇന്ത്യന്‍ ഗുസ്തി രീതിയെ ലോകപ്രശ്‌സതമാക്കിയ‌ ഫയൽവാൻ. ഏകദേശം അമ്പതു വർഷത്തോളം എതിരാളികളില്ലാതെ അജയ്യനായി ഗോദ ഭരിച്ച താരമാണ് ഗുലം മുഹമ്മദ് ബക്ഷ് ഭട്ട് എന്ന ഗ്രേറ്റ് ഗാമ. ഗാമയായി മോഹൻലാൽ എത്തുന്നുവെന്ന വാർത്ത മോഹൻലാൽ ആരാധകരെ ആവേശം കൊള്ളിക്കുകയാണ്. സസ്പൻസ് നിലനിർത്തി ടൈറ്റിൽ പ്രഖ്യാപിച്ച ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ഇതിനിടയിലാണ് ബ്രിട്ടീഷ് ഇന്ത്യയുടെ അജയ്യനായ ഗുസ്തി ചാമ്പ്യൻ ഗ്രേറ്റ് ഗാമയായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നതെന്ന വാർത്ത പ്രചരിക്കുന്നത്.  

 

1900 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് മലൈക്കോട്ടൈ വാലിബൻ പറയുന്നതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ബ്രിട്ടീഷ് ഭരണ കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നതെന്ന സൂചനയാണ് ഇതിന്റെ ലൊക്കേഷൻ ചിത്രങ്ങളിൽ നിന്നും ലഭിക്കുന്നതും. ഈ വർഷം ജനുവരി പതിനെട്ടിന് രാജസ്ഥാനിലെ ജയ് സാൽമീറിലാണ് വാലിബന്റെ ചിത്രീകരണം ആരംഭിച്ചത്. അവിടുത്തെ ഒരു മാസത്തെ ഷൂട്ടിങ്ങിന് ശേഷം ഇപ്പോഴിതാ രാജസ്ഥാനിലെ പൊഖ്‌റാൻ കോട്ടയിൽ ചിത്രത്തിന്റെ ഇരുപതു ദിവസത്തെ ഷെഡ്യൂൾ ആരംഭിച്ചിരിക്കുകയാണ്. പൊഖ്‌റാനിലെ 20 ദിവസത്തെ ചിത്രീകരണം കഴിഞ്ഞ് വീണ്ടും ജയ് സാൽമീരിലേക്കു ഷൂട്ടിംഗ് സംഘം തിരിച്ചു വരും. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രത്തിന്റെ കഥ രചിച്ചത് ലിജോ ജോസ് പെല്ലിശ്ശേരിയും തിരക്കഥ രചിച്ചത് പി.എഫ്. റഫീക്കുമാണ്.

 

malaikotte-vaaliban-movie-set
മലൈക്കോട്ടൈ വാലിബൻ ലൊക്കേഷൻ ചിത്രങ്ങൾ

ആരാണ് ഗാമ

 

കശ്മീരിലെ ഒരു ഗുസ്തിക്കാരുടെ കുടുംബത്തിൽ ജനിച്ച ഗുലം മുഹമ്മദ് ബക്ഷ് ബട്ട് പിന്നീട് ഗാമ എന്ന വിളിപ്പേരുള്ള ഗുസ്തി ചാമ്പ്യനായി മാറുകയായിരുന്നു.  കുടുംബ പശ്ചാത്തലം കാരണം പരമ്പരാഗത ഗോദയിൽ ശക്തി പരിശീലനം നടത്തി വളർന്ന ഗാമ 1888-ൽ രാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന ഒരു സ്ട്രോങ്മാൻ മത്സരത്തിൽ പങ്കെടുത്തതാണ് ജീവിതത്തിലെ വഴിത്തിരിവായത്. പരിപാടിയിൽ 400-ലധികം ഗുസ്തിക്കാരും പ്രശസ്തരായ ചാമ്പ്യന്മാരും മത്സരിച്ചെങ്കിലും 10 വയസ്സുള്ള ഗാമയായിരുന്നു ഷോയുടെ ഹൈലൈറ്റ്.  ഗാമ ആദ്യ 15-ലാണ് ഇടംപിടിച്ചതെങ്കിലും പ്രായം കണക്കിലെടുത്ത് ജോധ്പൂർ മഹാരാജാവ് ഒടുവിൽ ജേതാവായി തിരഞ്ഞെടുക്കുകയായിരുന്നു.  

 

പിന്നീടങ്ങോട്ട് ജീവിതത്തിലുടനീളം അവിശ്വസനീയമായ രീതിയിലായിരുന്നു ഗാമയുടെ ജൈത്രയാത്ര. ഇതിഹാസ കലാകാരനായ ബ്രൂസ് ലീ ഗാമയുടെ പരിശീലന രീതികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അതിന്റെ പല വശങ്ങൾ തന്റെ ചിട്ടയിൽ ഉൾപ്പെടുത്തിയെന്ന് പറയപ്പെടുന്നുണ്ട്.  വയലന്റായ ഒരു ജനക്കൂട്ടത്തെ ഒറ്റക്ക് നേരിട്ടുള്ള ഗാമ അമ്പതു വർഷത്തോളം എതിരാളികളില്ലാതെ ഗോദയിൽ അജയ്യനായി നിലകൊണ്ടു.  ഇന്ത്യ–പാക്കിസ്ഥാൻ വിഭജനം നടക്കുമ്പോൾ ഗുലാം മുഹമ്മദ് എന്ന ഗാമ ലാഹോറിൽ കുടുങ്ങിപ്പോയ ഹിന്ദുക്കളെ സ്വന്തം ചിലവിൽ സുരക്ഷിതമായി ഇന്ത്യയിൽ എത്തിച്ചു എന്നും പറയപ്പെടുന്നുണ്ട്. അമ്പതു വർഷം ഗോദ ഭരിച്ച ഗാമ ഒടുവിൽ എതിരാളികളില്ലാതെ വിരമിക്കുകയായിരുന്നു എന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.  

 

മഹാനായ ഗുസ്തി ചാമ്പ്യനായ ഗ്രേറ്റ് ഗാമയായാണ് മലൈക്കോട്ടൈ വാലിബനിൽ മോഹൻലാൽ എത്തുന്നതെന്ന വാർത്ത സിനിമാ പ്രേമികളിലും മോഹൻലാൽ ആരാധകരിലും പുത്തനുണർവ് പകർന്നിരിക്കുകയാണ്. അഭ്രപാളിയിൽ അദ്ഭുതം തീർക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ അടുത്ത വിസ്മയം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

 

ബ്രൂസ് ലീ പോലും ആരാധിച്ചിരുന്ന ആ മല്ലൻ ! (ഗാമയെക്കുറിച്ച് ആദർശ് മാധവൻ മനോരമയിൽ എഴുതിയ പംക്തി)

gama

 

1200 കിലോ ഗ്രാം ഭാരമുള്ള കല്ല് ഉയർത്തി നെഞ്ചിൽ വച്ച് നിക്കാൻ പറ്റുമോ? നിലത്തുകിടന്ന അത്രയും ഭാരമുള്ള കല്ല് കുനിഞ്ഞെടുത്ത്, നെഞ്ചിൽ വച്ച് നടന്നൊരു മല്ലനുണ്ട് നമ്മുടെ നാട്ടിൽ. ചെറുതും വലുതുമായ അയ്യായിരത്തിലധികം മത്സരങ്ങളിൽ ഒരിക്കൽ പോലും പരാജയപ്പെട്ടിട്ടില്ലാത്ത ലോക റസ്‌ലിങ് ചരിത്രത്തിലെ തന്നെ അപൂർവം ‘അൺ ഡിഫീറ്റഡ്’ ചാംപ്യൻ. ദ് ഗ്രേറ്റ് ഗാമ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗുലം മുഹമ്മദ് ബക്ഷ് ബട്ട് ആണ് ആ ചരിത്രപുരുഷൻ. മാർഷൽ ആർട്ടുകളുടെ ആരാധകരുടെ സ്വപ്നനായകനായ ബ്രൂസ് ലീ ആരാധിച്ചിരുന്ന ഗുസ്തി താരം എന്നു പറഞ്ഞാൽ കക്ഷിയുടേ റേഞ്ച് മനസ്സിലാവുമല്ലോ.

 

അടുത്തിടെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ സെർച്ച് എൻജിനിലെ ഡൂഡിലിൽ ഉൾപ്പെടുത്തി ഗൂഗിൾ അദ്ദേഹത്തോടുള്ള ആദരമർപ്പിച്ചതോടെ വീണ്ടും ഗാമാചരിത്രം ഗൂഗിളിൽ പ്രചരിച്ചു. 1200 കിലോ കല്ല് ചുമന്നതു കെട്ടുകഥയാണോ എന്നറിയാനും ലോകത്തിലെ ഒരു കരുത്തനും തോൽപ്പിക്കാൻ കഴിയാത്ത ആ ഫയൽവാൻ ഇന്ത്യക്കാരനാണോ എന്നറിയാനും ജനം ഗൂഗിളിൽ പരതി.  ഒളിംപിക് കമ്മിറ്റി വെബ്സൈറ്റിൽ തന്നെ ഉൾപ്പെടുത്തിയിട്ടുള്ള പേര് ആയതുകൊണ്ടു മാത്രം ജനം ആ കഥയങ്ങ് വിശ്വസിച്ചു. 

 

ബറോഡ മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് ഗാമ ഉയർത്തിയ ആ കല്ല് ആണത്രേ. അത്രയും ഭീമാകാരനായ പാറ ഒരാൾ വെറും കയ്യാൽ ഉയർത്തിയെന്ന് വിശ്വസിക്കാൻ ആരും തയാറാകുന്നില്ലെന്നും അവിടുത്തുകാർ പറയുന്നു.1902 ഡിസംബർ 23ന് ആണ് ഗാമ തന്റെ ബലം രാജാവിനെ കാണിക്കാൻ കല്ലുയർത്തിയത്. അന്ന് അദ്ദേഹത്തിനു പ്രായം 22 മാത്രം. 5.7 ഇഞ്ച് ഉയരവും 118 കിലോ ഭാരവുമുണ്ടായിരുന്ന ഗാമ ഒരു ഗദയുമായി നിൽക്കുന്ന ചിത്രമാണ് ഗൂഗിൾ ഡൂഡിലാക്കിയത്. യഥാർഥ വേദികളിൽ ഗാമ പ്രത്യക്ഷപ്പെട്ടിരുന്നതും ആ ഗദയുമായിട്ടായിരുന്നു. വെള്ളിയിൽ തീർത്ത ആ ഗദയ്ക്കുമുണ്ട് ഗാമാ ചരിത്രത്തിൽ ഒരു കഥ. കരുത്തിന്റെ പര്യായമായ ഗാമയ്ക്ക് രാജാവ് സമ്മാനമായി നൽകിയതാണ് ആ വെള്ളിഗദ.

 

1878 മേയ് 22ന് ആണ് അവിഭക്ത ഇന്ത്യയിൽ ഗാമ ജനിച്ചത്. കശ്മീർ ഫയൽവാൻമാരുടെ കുടുംബാംഗമായ ഗാമ, പഞ്ചാബിലെ അമൃതസർ ജില്ലയിലെ ജബ്ബോവൽ വില്ലേജിലാണ് ജനിച്ചത്. കുടുംബപശ്ചാത്തലം കൊണ്ടുതന്നെ ഗാമ പിച്ച വച്ചുതുടങ്ങിയത് പാരമ്പര്യ അഖാഡകളിലായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ അഖാഡയിൽ പരിശീലനം തുടങ്ങി ഗാമ. 1888ൽ ജോധ്പുരിൽ നടന്ന മല്ലന്മാരുടെ മത്സരത്തിലാണ് ഗാമ ആദ്യം തിളങ്ങുന്നത്. 400 പേരിലധികം പേർ പങ്കെടുത്ത ആ മാമാങ്കത്തിലെ സ്റ്റാർ ആയി 10 വയസ്സുകാരൻ ഗാമ ഫയൽവാൻ. ഒട്ടേറെപ്പേരോട് സമനിലയിൽ മത്സരം അവസാനിപ്പിച്ച ഗാമ കുറേ മത്സരങ്ങളിൽ വിജയിച്ചു. പക്ഷേ, ഒന്നിൽ പോലും തോറ്റില്ല. അവസാന 15ൽ എത്തിയ ഗാമയെ ജോധ്പുർ മഹാരാജാവ് വിജയിയായി പ്രഖ്യാപിച്ചു. പത്തു വയസ്സുകാരന്റെ കരുത്തും പോരാട്ടവീര്യവുമാണ് ആ പ്രഖ്യാപനത്തിലേക്ക് നയിച്ചത്. മത്സരസാക്ഷികളായ ഡാട്ടിയ, പട്യാല രാജാക്കന്മാരുടെ സൗഹൃദം നേടിയെടുക്കാനും ഗാമയ്ക്ക് കഴിഞ്ഞു. 

 

ഇതോടെ ഗാമയുടെ പരിശീലനച്ചെലവ് രാജകാര്യമായി. വളരെ പ്രശസ്തമായിരുന്നു ഗാമയുടെ ഭക്ഷണക്രമം. ദിവസം 9 കിലോ ബദാം അരച്ച് അതിൽ 15 ലീറ്റർ പാല് കലക്കി കുടിച്ചിരുന്നു. 3 കിലോ വെണ്ണ, മട്ടൻ, 3 കുട്ട പഴങ്ങൾ എന്നിവയായിരുന്നു ഗാമ ദിവസവും കഴിച്ചിരുന്നത്. ഇത് ശരീരത്തിൽ ഉറപ്പിക്കാൻ പ്രതിദിനം 5000 സിറ്റ് അപ്പുകളും 3000 പുഷ് അപുകളും എടുത്തിരുന്നു. കൂടാതെ അഖാഡയിൽ 40 മല്ലന്മാരുമായി പരിശീലന മത്സരവും സ്ഥിരം നടത്തിവന്നു. 52 വർഷം നീണ്ടു നിന്നതായിരുന്നു ഗാമയുടെ കരിയർ എന്നു കൂടി കേട്ടാലേ ഗാമാ ചരിത്രത്തിന്റെ വ്യാപ്തി മനസ്സിലാകൂ. ലോക പ്രശസ്ത താരം ബ്രൂസ് ലീ ഗാമയുടെ ആരാധകനായിരുന്നു. ഗാമയുടെ പരിശീലന രീതിയും ഭക്ഷണ ക്രമവും തന്റെ ജീവിതശൈലി ചിട്ടപ്പെടുത്തുന്നതിൽ സഹായമായതായി ലീ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 1895 ആയപ്പോഴേക്കും ഗാമ ഇന്ത്യയിലെ വൻമരങ്ങളെയെല്ലാം വീഴ്ത്തി അപരാജിത കിരീടം ചൂടി. ആ കാലയളിൽ റസ്തം ഇ ഹിന്ദ് എന്നാണ് ഗാമ പ്രസിദ്ധനായത്. അന്നത്തെ ഏറ്റവും കരുത്തനായ റഹീം ബക്ഷിനെ തോൽപ്പിച്ച് ഗാമ ലോക ഗുസ്തി വേദിയിൽ മത്സരിക്കാനെത്തി.

 

ലണ്ടനിലെ ഗുസ്തി വേദിയിൽ പക്ഷേ, ഇന്ത്യൻ താരത്തിന് അത്ര സ്വീകാര്യത ലഭിച്ചില്ല. ‘ഉയരം കുറഞ്ഞ യുവാവിനോട്’ മത്സരിക്കാൻ ആരും തയാറായില്ല. മനസ്സ് വേദനിച്ച ഗാമ വേദിയിൽ പരസ്യ വെല്ലുവിളി നടത്തി. അവിടെ മത്സരിക്കാനെത്തിയവരിൽ ഏത് വിഭാഗത്തിലുമുള്ള ഏതു ഭാരക്കാരെയും മത്സരിക്കാൻ ഗാമ ക്ഷണിച്ചു. 30 മിനിട്ടിനുള്ളിൽ മത്സരം തീർക്കുമെന്നും ഗാമ പറഞ്ഞു. എന്നാൽ ‘കൊച്ചു പയ്യനെ’ അവരെല്ലാം അവഗണിച്ചു. ഒടുവിൽ അമേരിക്കൻ ഗുസ്തി താരം ഡോക് എന്നറിയപ്പെടുന്ന ബെഞ്ചമിൻ റോളർ മത്സരിക്കാൻ സമ്മതിച്ചു. രണ്ടേ രണ്ടു റൗണ്ട് മത്സരം നടന്നുള്ളൂ. ആദ്യ റൗണ്ടിൽ 1 .40 മിനിറ്റിൽ ഡോക് നിലം തൊട്ടു. രണ്ടാം റൗണ്ടിൽ 9.10 മിനിറ്റിൽ മത്സരം തീർത്തുകാണിച്ചു ഗാമ. ഇതോടെ ‘കൊച്ചുപയ്യൻ’ അവിടെയും താരമായി. പിറ്റേന്ന് തുടർച്ചയായി 12 ഫയൽവാൻമാരെ നിലംപരിശാക്കി ഗാമ. ആ ടൂറിൽ ഗാമ ലോക ചാംപ്യൻ ആയിരുന്ന പോളണ്ട് താരം സ്റ്റാനിലസിനെ നേരിട്ടു. ജോൺ ബുൾ ബെൽറ്റ് മത്സരത്തിൽ സ്റ്റാനിലസിനെ ഒരു മിനിറ്റിന് മുൻപ് താഴെയിട്ടെങ്കിലും ഫൗൾ വിളി വന്നു. പിന്നീട് പുനരാരംഭിച്ച മത്സരം 3 മണിക്കൂർ നീണ്ടു. അതു മാത്രമാണ് ലോക നിലവാരത്തിലുള്ള ഒരു മത്സരാർഥിയുമായുള്ള ഏറ്റുമുട്ടൽ അത്ര സമയം പിടിച്ചുനിന്നതായി ഗാമയുടെ ചരിത്രത്തിലുള്ളത്. 

 

പിന്നീട് 2 റീമാച്ചുകൾ അനൗൺസ് ചെയ്തെങ്കിലും പ്രതിയോഗി എത്താതിരുന്നതിനാൽ ഗാമയെ ലോഗ ചാംപ്യനായി പ്രഖ്യാപിച്ചു. ഇതിന് ശേഷം 1927ൽ ഗാമയെ നേരിടാൻ സ്റ്റാനിലസ് പട്യാലയിലെത്തി. ഒരു മിനിറ്റ് തികയും മുൻപ് മത്സരം അവസാനിച്ചു. ഗാമ ജേതാവായി തലയുയർത്തി തന്നെ നിന്നു വേദിയിൽ. അന്ന് പ്രശസ്തരായിരുന്ന പലരെയും ഗാമ പിന്നീട് തോൽപ്പിച്ചു. സ്വിസ് താരം മൗറിസ് ഡെറിയാ,് ജോവാൻ ലെം, യൂറോപ്യൻ ചാംപ്യൻ ജെസ് പീറ്റേഴ്സൺ തുടങ്ങിയവരെല്ലാം ഗാമയോട് തോറ്റു. ജാപ്പനീസ് ജൂഡോ ചാംപ്യൻ ടാറോ മിയാകെ, റഷ്യൻ റസലർ ജോർജ് ഹാക്കൻഷ്മിഡ്ത്, അമേരിക്കൻ ഗ്രേറ്റ് ഫ്രാങ്ക് ഗോച്ച് തുടങ്ങിയവരെയെല്ലാം ലോക കിരീടത്തിനായി ഗാമ വെല്ലുവിളിച്ചെങ്കിലും ഇവരാരും മത്സരത്തിന് തയാറാകാതിരുന്നതോടെ ഗാമ ശരിക്കും ഹീറോയായി. ഇങ്ങനെയൊക്കെയാണെങ്കിലും ഗാമ നേരിട്ടവരിൽ ഏറ്റവും വെല്ലുവിളി ഉയർത്തിയ പ്രതിയോഗിയും ഇന്ത്യക്കാരനായിരുന്നു. റഹീം ബക്ഷി ആയിരുന്നു ആ ഫയൽവാൻ. 1929ൽ ആണ് ഔദ്യോഗികമായി ഗാമ അവസാന മത്സരത്തിനിറങ്ങിയത്. ജെസ് പീറ്റേഴ്സണെ തോൽപ്പിച്ചായിരുന്നു മടക്കം. സത്യത്തിൽ തോൽവി ഭയന്ന് ആരും ഗാമയോട് മത്സരിക്കാതിരുന്നതിനാലാണ് ആ കരിയർ അവിടെ അവസാനിച്ചതത്രേ.

 

ഇന്ത്യ സ്വതന്ത്രയായ ശേഷം ഗാമ ലാഹോറിലേക്ക് പോയി. ഹിന്ദുക്കൾ താമസിച്ചിരുന്ന ഒരു സ്ഥലത്തായിരുന്നു ഗാമ താമസിച്ചിരുന്നത്. പിന്നീട് അവർക്കെതിരെ ആസൂത്രിതമായി ആക്രമണം ഉയർന്നു വന്നപ്പോൾ അതിനു തടസം നിന്നത് ഗാമയും സുഹൃത്തുക്കളുമായിരുന്നു.  നെഞ്ചു വിരിച്ച് ഗാമ മുന്നിൽ നിന്നതോടെ ആക്രമിക്കാൻ എത്തിയവർ കടന്നു. അവിടെ താമസിച്ചിരുന്നവരെ സുരക്ഷിതമായി ഇന്ത്യയുടെ അതിർത്തി വരെ കൊണ്ടാക്കിയാണ് ഗാമയും സംഘവും മടങ്ങിയത്. 1960 മേയ് 23ന് ഗാമ അന്തരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com