സിനിമയിലെ ‘സമ്മാനം’ കൂട്ടുകാരന് നൽകി രോമാഞ്ചം ടീം; വിഡിയോ
Mail This Article
മലയാളത്തിലെ ഈ വർഷത്തെ ആദ്യ ബമ്പർ ഹിറ്റായി തിയറ്ററുകളിൽ മുന്നേറുകയാണ് ‘രോമാഞ്ചം’. ഇതിനോടകം തന്നെ ചിത്രത്തിലെ കഥാപാത്രങ്ങളും പ്രേക്ഷകമനസ്സിൽ ഇടംനേടി കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു കോമഡി രംഗം ജീവിതത്തിലും പകർത്തിയിരിക്കുകയാണ് ‘രോമാഞ്ചം’ ടീം. സുഹൃത്തിന്റെ കല്യാണത്തിന് ക്ലോസറ്റ് സമ്മാനമായി നൽകിയത് പോലെ, ചിത്രത്തിലെ അണിയറ പ്രവർത്തകരിൽ ഒരാളായ അനസ് എന്നയാളുടെ ഗൃഹപ്രവേശന ചടങ്ങിന് തമാശ രൂപേണ ക്ലോസറ്റ് ആണ് ‘സോമനും’ കൂട്ടരും സമ്മാനമായി നൽകിയത്. ചിത്രത്തിലെ അഭിനേതാക്കൾ സിനിമയിലെ രംഗം അതേപോലെ ജീവിതത്തിലും ആവർത്തിച്ചത് കണ്ടു നിന്നവർക്കും പുതുമയുള്ള കാഴ്ചയായി.
സൗബിൻ ഷാഹിർ, അർജുൻ അശോകൻ, സിജു സണ്ണി, സജിന്‍ ഗോപു, എബിൻ ബിനോ, അനന്തരാമൻ, ജഗദീഷ് കുമാർ, അഫ്സൽ പി.എച്ച് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായത്. ജോൺപോൾ ജോർജ് പ്രൊഡക്‌ഷൻസ്, ഗപ്പി സിനിമാസ്, ഗുഡ്‌വിൽ പ്രൊഡക്‌ഷൻസ് എന്നീ ബാനറുകളിൽ ജോൺപോൾ ജോർജ്,ഗിരീഷ് ഗംഗാധരൻ, ജോബി ജോർജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
അന്നം ജോൺപോൾ, സുഷിൻ ശ്യാം എന്നിവരാണ് സഹനിർമാതാക്കൾ. സാനു താഹിർ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. സുശിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.