കബിലനും ഡാൻസിങ് റോസും വീണ്ടും ഇടിക്കൂട്ടിലേക്ക്; സാർപട്ടാ 2
Mail This Article
കോവിഡ് കാലത്ത് ഒടിടി റിലീസായി പ്രേക്ഷകർക്കു മുന്നിലെത്തി വലിയ സ്വീകാര്യത നേടിയ തമിഴ് ചിത്രം സാർപട്ടാ പരമ്പരൈ രണ്ടാം ഭാഗം വരുന്നു. പാ.രഞ്ജിത്ത് സംവിധാനം ചെയ്ത സാർപട്ടാ പരമ്പരൈയിൽ കബിലൻ എന്ന ബോക്സർ ആയാണ് ആര്യ എത്തിയത്. ആര്യയുടെ കരിയറിലും ശ്രദ്ധേയ പ്രകടനത്തിനു വേദിയൊരുക്കിയ ചിത്രം പഴയ കാല മദ്രാസിലെ പ്രധാന കായിക വിനോദമായിരുന്ന ബോക്സിങിനെ ആസ്പദമാക്കിയുള്ള കഥയാണ് പറഞ്ഞത്. ആര്യയും സംവിധായകൻ പാ. രഞ്ജിത്തും വീണ്ടും ഒത്തു ചേരുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. ജതിൻ സേത്തിയും പാ രഞ്ജിത്തും ആര്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കബിലൻ മുനിരത്‌നം എന്ന കഥാപാത്രത്തെയാണ് ആര്യ രണ്ടാം ഭാഗത്തിലും അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തിൽ നിന്ന് വ്യത്യസ്തമായി സർപ്പാട്ട പരമ്പരൈ രണ്ടാം ഭാഗം തിയറ്ററുകളിലാകും റിലീസ് ചെയ്യുക.
‘‘എന്റെ കരിയറിൽ നാഴികക്കല്ലായ ചിത്രമാണ് സർപ്പാട്ട പരമ്പരൈ. രണ്ടാംഭാഗം ഒരുക്കുന്നത് ബഹുമതിയും വെല്ലുവിളിയുമാണ്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.’’ ചിത്രത്തിന്റെ പ്രഖ്യാപനത്തിൽ നടൻ ആര്യ പറഞ്ഞു. 2021 ജൂലൈ 22 നായിരുന്നു സർപ്പാട്ടൈ ഒന്നാം ഭാഗം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തത്. പാ. രഞ്ജിത്ത് കരിയറിൽ വളരെ ശ്രദ്ധേയ സിനിമയായിരുന്നു അത്.
സാര്‍പട്ടാ പരമ്പരൈയില്‍ എടുത്തു പറയേണ്ടത് അഭിനേതാക്കളുടെ മികച്ച പ്രകടനമായിരുന്നു. ഏറെക്കാലത്തിനു ശേഷം തനിക്കുകിട്ടിയ ശക്തമായ കഥാപാത്രത്തെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയമാക്കാന്‍ ആര്യയ്ക്ക് കഴിഞ്ഞു. കോച്ച് രംഗനെ പശുപതിയും ഡാഡി എന്ന കഥാപാത്രത്തെ ജോണ്‍ വിജയും മികച്ചതാക്കി. ഏറ്റവും ഗംഭീരം ഷബീര്‍ കല്ലറയ്ക്കല്‍ അവതരിപ്പിച്ച ഡാന്‍സിങ് റോസ് ആണ്. ഒരു പ്രഫഷനല്‍ ബോക്സറുടെ പദചലനങ്ങള്‍ എത്ര മനോഹരമായാണ് അയാള്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നത് കണ്ടുതന്നെയറിയണം. വെമ്പുലിയായി ജോണ്‍ കൊക്കനും മികച്ചു നിന്നു.ആട്ടക്കത്തി മുതല്‍ പാ. രഞ്ജിത്തിന്റെ കൂടെ പ്രവര്‍ത്തിക്കുന്ന സന്തോഷ് നാരായണനാണ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
ആട്ടക്കത്തി, മദ്രാസ്, കബാലി, കാലാ എന്നീ സിനിമകളിലൂടെയും നിര്‍മാണം നിരവഹിച്ച പരിയേറും പെരുമാള്‍ എന്ന സിനിമയിലൂടെയും ദലിത് രാഷ്ട്രീയം ഉച്ചത്തില്‍ പറയാന്‍ ശ്രമിച്ച പാ. രഞ്ജിത്തിന്റെ മറ്റൊരു മികച്ച സൃഷ്ടിയാണ് ‘സാര്‍പട്ടാ പരമ്പരൈ’ എന്നുറപ്പിച്ചു പറയാം. അതുകൊണ്ടുതന്നെ ചിത്രത്തിനു രണ്ടാം ഭാഗവുമായി തിയറ്ററിലെത്തുമ്പോൾ പ്രതീക്ഷ വളരെയേറെയാണ്.