പനി, കോവിഡ് ഒടുവിൽ ബ്രഹ്മപുരദഹനം: പ്രതിഷേധിച്ച് മുരളി ഗോപി
Mail This Article
കോവിഡിനും പനിക്കും ഇടയിൽ ‘ബ്രഹ്മപുരദഹനം’ കൂടിയായപ്പോൾ ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് സൂചിപ്പിച്ച് നടൻ മുരളി ഗോപി. ആസ്ത്മയുള്ള തനിക്കും ജീവിതം ദുസ്സഹമായി എന്നും മുരളി ഗോപി സൂചിപ്പിക്കുന്നു. മാസ്ക് ധരിച്ചു നടന്നുനീങ്ങുന്ന സ്വന്തം ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് മുരളി ഗോപി തന്റെ നിലപാട് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ജനജീവിതം ദുസ്സഹമായിട്ടും അധികാരികൾ വേണ്ടവിധത്തിൽ ഇടപെട്ടില്ല എന്നതരത്തിലുള്ള പ്രതികരണവുമാി നിരവധിപേരാണ് മുരളി ഗോപിയെ അനുകൂലിച്ചുകൊണ്ട് എത്തുന്നത്.
‘‘എച്ച്3 എൻ2, മൂന്നുപ്രാവശ്യമായുള്ള പനിയുടെ ആക്രമണം, കോവിഡിന്റെ മടങ്ങിവരവ്, ഒടുവിൽ ബ്രഹ്മപുരദഹനം. ആസ്മ രോഗിയായ ഈ 'സൂപ്പർമാൻ' ഇപ്പോൾ ഒരു ശ്വാസംമുട്ടലുമായി നടക്കുന്നു’’. ഇങ്ങനെ പരിഹാസരൂപേണയായിരുന്നു മുരളി ഗോപിയുടെ കുറിപ്പ്.
മുരളി ഗോപിയെ അനുകൂലിച്ചുകൊണ്ട് നിരവധിപേരാണ് കമന്റുമായെത്തിയത്. ബ്രഹ്മപുരം പ്രശ്നം കാരണം സാധാരണക്കാർ മാത്രമാണ് കഷ്ടപ്പെടുന്നതെന്നും അധികാരികൾ മൗനം പാലിക്കുകയാണെന്നും, നിങ്ങളെപ്പോലെയുള്ളവർ പ്രതികരിക്കണമെന്നും, പ്രതികരിച്ചതിന് നന്ദിയുണ്ടെന്നും പ്രേക്ഷകർ പറയുന്നു. നിങ്ങളെ പോലെയുള്ള ഉത്തരവാദിത്തപ്പെട്ട വ്യക്തികൾക്കും സെലിബ്രിറ്റികൾക്കും മാത്രമേ സാധാരണക്കാരിൽ തീപ്പൊരി ജ്വലിപ്പിക്കാൻ കഴിയൂ എന്നും ആളുകൾ കമന്റ് ചെയ്യുന്നു.