ADVERTISEMENT

ഓസ്കർ പുരസ്കാരങ്ങളിൽ തലയെടുപ്പോടെ രാജമൗലി ചിത്രം ‘ആർആർആർ’. മികച്ച ഒറിജിനൽ സോങിനുള്ള പുരസ്കാരം നാട്ടു നാട്ടു നേടി. 14 വർഷത്തിനു ശേഷമാണ് ഇന്ത്യ വീണ്ടും ഓസ്കറിൽ മുത്തമിടുന്നത്. രാജമൗലി, ജൂനിയർ എൻടിആർ, കീരവാണി, ചന്ദ്രബോസ്, രാം ചരൺ, ഉപാസന രാം ചരൺ, കാല ൈഭരവ, രാഹുൽ സിപ്ലിഗുഞ്, പ്രേം രക്ഷിത് എന്നിവർ ഓസ്കർ ചടങ്ങിനെത്തിയിരുന്നു. ഓസ്കറിലെങ്ങും നാട്ടു നാട്ടു തരംഗമായിരുന്നു. ഓസ്കർ വേദിയിൽ നാട്ടു നാട്ടു ചുവടുവച്ചപ്പോൾ ഹോളിവുഡിലെ വമ്പൻ താരങ്ങളടക്കം പാട്ടിൽ മുഴുകി.

 

രാജമൗലിയുടെ ദീർഘവീക്ഷണം തന്നെയാണ് ആർആർആറിന്റെ ഈ വിഖ്യാതനേട്ടത്തിനു പിന്നിൽ. ഇന്ത്യയുടെ ഔദ്യോഗിക ഓസ്കൻ എന്‍ട്രിയിൽ പോലും ആർആർആർ പരിഗണിക്കപ്പെട്ടിരുന്നില്ല. ഗുജറാത്തി ചിത്രം ചെല്ലോ ഷോയാണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ആര്‍ആര്‍ആര്‍, വിവേക് അഗ്‌നിഹോത്രിയുടെ 'കശ്മീര്‍ ഫയൽസ് എന്നീ ചിത്രങ്ങളെ പിന്തള്ളിയായിരുന്നു ചെല്ലോ ഷോയുടെ എൻട്രി. എന്നാല്‍ വിദേശരാജ്യങ്ങളിൽ ഈ സിനിമയ്ക്കു കിട്ടിയ വലിയ ജനപ്രീതിയാണ് ഓസ്കറിലേക്കു മത്സരിക്കാൻ രാജമൗലിക്ക് ധൈര്യം നൽകിയത്.മികച്ച വിദേശ ഭാഷ ചിത്രത്തിനു വേണ്ടിയാണ് ചെല്ലോ ഷോയുടെ മത്സരിച്ചതെങ്കിൽ ഹോളിവുഡ് സിനിമകള്‍ ഉൾപ്പെടുന്ന മെയ്ൻ സ്ട്രീം കാറ്റഗറിയിലാണ് ആര്‍ആർആർ സ്വന്തമായി മത്സരിച്ചത്.

 

ഇന്ത്യയെമ്പാടും തരംഗമായ ആർആർആറിന് വിദേശത്തും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹോളിവുഡ് സംവിധായകർപോലും സിനിമയെ പുകഴ്ത്തി രംഗത്തെത്തി. ജപ്പാനിലും ചിത്രത്തിന് റെക്കോർഡ് കലക്‌ഷനായിരുന്നു. ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രതികരണമാണ് ആർആർആറിനെ ഓസ്കർ വരെ എത്തിച്ചത്.

 

‘ബാഹുബലി’ക്ക് ശേഷം രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് രൗദ്രം രണം രുദിരം (ആര്‍ആര്‍ആര്‍). ‌450 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ രാംചരണും ജൂനിയര്‍ എൻ.ടി.ആറും പ്രധാന വേഷത്തിലെത്തുന്നു, 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കോമരം ഭീം (ജൂനിയര്‍ എൻ.ടി.ആർ.) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവർ.

 

ആലിയ ഭട്ട്, അജയ് ദേവ്ഗൺ, ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരൺ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ബാഹുബലിയുടെ പിന്നിൽ പ്രവർത്തിച്ചവർ തന്നെയാണ് ഈ സിനിമയുടെ പിന്നിലും. ഛായാഗ്രഹണം കെ.കെ. സെന്തിൽകുമാർ, പ്രൊഡക്‌ഷൻ ഡിസൈനർ സാബു സിറിൽ, കഥ വി. വിജയേന്ദ്ര പ്രസാദ്, സംഗീതം കീരവാണി, വിഎഫ്എക്സ് വി. ശ്രീനിവാസ് മോഹൻ, എഡിറ്റിങ് ശ്രീകർ പ്രസാദ്, കോസ്റ്റ്യൂം രാമ രാജമൗലി.

 

കഴിഞ്ഞ വർഷം മാര്‍ച്ച് 25 ന് റിലീസ് ചെയ്ത ചിത്രം ബോക്സ്ഓഫിസ് റെക്കോർഡുകൾ തൂത്തുവാരി. 1150 കോടിയാണ് ബോക്‌സ്ഓഫിസില്‍ നിന്ന് സ്വന്തമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com