ADVERTISEMENT

ബ്രഹ്മപുരം വിഷയത്തിൽ നടി സരയു മോഹൻ സമൂഹമാധ്യമ കുറിപ്പ് വൈറലാകുന്നു. കൊച്ചിയിൽ താമസിച്ച് കൊച്ചിയെ ഹൃദയത്തിൽ കൊണ്ടു നടക്കുന്ന തനിക്കു കൊച്ചിയോട് അധികാരികൾ കാണിക്കുന്ന അവഗണന കാണുമ്പോൾ വേദനയുണ്ടെന്ന് സരയു പറയുന്നു. കൊച്ചി, എറണാകുളം എന്നൊക്കെ അഭിമാനത്തോടെ പറഞ്ഞിരുന്ന തനിക്ക് ഇപ്പോൾ അങ്ങനെ പറയാൻ കഴിയുന്നില്ല. മാന്യവും വ്യക്തമായ ഒരു അന്വേഷണമോ നെഞ്ചുറപ്പോടെ ഒരു വാക്കോ ആരും പറഞ്ഞില്ല. കുറ്റവാളി ആര് തന്നെ ആയാലും ഒരു ജനതയുടെ ആരോഗ്യം ഇത്ര നിസ്സാരമായി കാണുന്ന അധികാരികളുടെയും നേതൃ സ്ഥാനത്തുള്ളവരുടെയും പൊള്ളയായ പ്രസംഗപ്രകടനം കേട്ട് ചോര തിളയ്ക്കാൻ ഇനി ലജ്ജയുണ്ടെന്നും തെളിഞ്ഞ പ്രഭാതങ്ങളും കിളികൾ പോലും ഇല്ലാത്ത ഈ നാട് ഇല്ലാതാകുന്ന കാലം വിദൂരമല്ലെന്നും സരയു പറയുന്നു.

 

സരയൂ മോഹന്റെ കുറിപ്പിന്റെ പൂർണ്ണരൂപം: 

 

"കൊച്ചി ഹൃദയത്തിൽ താമസിക്കുന്നവളാണ്. കൊച്ചിയെ ഹൃദയത്തിൽ കൊണ്ട് നടക്കുന്നവളാണ്. വാതോരാതെ കൊച്ചി, എറണാകുളം എന്നൊക്കെ അഭിമാനത്തോടെ പറയുന്നവൾ ആണ് (ആയിരുന്നു). ദുരന്തകയങ്ങളിൽ തുഴഞ്ഞു ശീലമാണ് (അത്‌ പ്രകൃതി ദുരന്തം ആയാലും ഭരണ ദുരന്തം ആയാലും)

പക്ഷേ അവഗണകൾ വേദനയാണ്.  കുറ്റവാളി ആര് തന്നെ ആയാലും ഒരു ജനതയുടെ ആരോഗ്യം ഇത്ര നിസ്സാരമായി കാണുന്ന ഒരു നാട്, അധികാരികൾ, നേതൃ സ്ഥാനത്തുള്ളവർ, ഭരണ സ്ഥാനത്തുള്ളവർ, മനസ്സിൽ കോറിയിട്ട വേദനയുണ്ട്.

 

മാന്യമായ, വ്യക്തമായ ഒരു അഭിസംബോധന, ഒരു അന്വേഷണം, നെഞ്ചുറപ്പോടെ ഒരു വാക്ക് ഒന്നും തന്നെ കാണാനായില്ല.

മാരകമായ വിഷപുക ശ്വസിച്ചു ആരോഗ്യം തീറെഴുതി കൊടുത്ത്, പ്രളയത്തിലും കൊറോണയിലും അടിപതറി എങ്കിലും വീണ്ടും സ്വപ്‌നങ്ങളിൽ അള്ളിപിടിച്ചു ഇവിടെ  മെട്രോയ്ക്ക് കീഴെ മാലിന്യമണവും കൊതുക് കടിയും കൊണ്ട് ജീവിക്കുന്നതിനിടയിൽ പുകമറയത്ത് കാണാതായ നിങ്ങളാണ് യഥാർത്ഥ മാലിന്യം എന്ന് മനസ്സിൽ അടിവരയിട്ട് ഉറപ്പിക്കുന്നു.  നാളെ ചീറിപ്പാഞ്ഞു വരുന്ന വാഹനത്തിന് ഓരം കൊടുത്തും, കല്ലിനെക്കാൾ വലുതായി അതിൽ കോറിയ പേര് നോക്കി വികസനം വന്നേ എന്ന് പുളകം കൊള്ളാനും, പൊള്ളയായ വാക്കുകളിൽ വിളമ്പുന്ന പ്രസംഗപ്രകടനം കേട്ട് ചോര തിളയ്ക്കാനും നിങ്ങൾക്ക് ഇല്ലാത്ത ലജ്ജ ഉള്ളത് കൊണ്ട് സാധിക്കില്ല.  മടുത്തു, വെറുത്തു. ഉറക്കത്തിലും ചുമ.  പുകമൂടിയ ഫ്ലാറ്റ് അകം ഭയപ്പെടുത്തിയതും ബുദ്ധിമുട്ടിച്ചതും ചെറുതായല്ല.  തെളിഞ്ഞ പ്രഭാതങ്ങൾ ഇല്ല.  കിളികൾ പോലും ഇല്ല.  നാട്ടിൽ നാളുകളായി ചെറുപ്പക്കാർ ഇല്ല.  ഇനി ഈ നാടേ ഇല്ലാതെ ആകുന്ന കാലമേ അറിയാൻ ഉള്ളു".

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com